ടെൽ അവീവ്: യുദ്ധമുഖത്ത് നിൽക്കുന്ന ഇസ്രയേലിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ നിർമാണ തൊഴിൽ ചെയ്യുന്നതിനായി എത്തിയത് 16,000 ഇന്ത്യൻ തൊഴിലാളികൾ. ഇസ്രയേലിൽ ഇന്ത്യക്കാർ പുതിയവരല്ല, എന്നാൽ 2023- ലെ ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം നിർമാണ മേഖലയിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണം വൻതോതിൽ ഉയർന്നതായാണ് കണക്കുകൾ. പ്രായമായവരെ പരിചരിക്കുന്നവരും ഐടി മേഖലയിൽ മറ്റുമാണ് ഇസ്രയേലിൽ ഇന്ത്യക്കാർ കൂടുതൽ ജോലി ചെയ്‌ത് വന്നിരുന്നത്.
2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം പലസ്തീനികളായ തൊഴിലാളികൾക്ക് ഇസ്രയേലിലേക്ക് കടക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പലസ്‌തീൻ തൊഴിലാളികളുടെ കുറവ് നികത്താനുള്ള ഇസ്രയേൽ സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇന്ത്യൻ നിർമ്മാണ തൊഴിലാളികളുടെ കടന്നുവരവെന്നാണ് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ 80,000 പലസ്തീൻ തൊഴിലാളികളും 26,000 വിദേശികളുമാണ് ഇസ്രയേലിൽ ജോലി ചെയ്‌തിരുന്നത്. അതേസമയം ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള മാരകമായ യുദ്ധം ആരംഭിച്ചതോടെ പലസ്തീൻ തൊഴിലാളികളെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടി സമ്പാദിക്കാമെന്നാണ് ഇസ്രയേലിലെത്തിയവർ പറയുന്നത്.