യുഎഇ എന്നും സാധ്യതകളുടെ ലോകമാണ്. ഓരോ മേഖലയിലും നിരവധി അവസരങ്ങളാണ് വഴിതുറക്കുന്നത്. കൂടുതല്‍ അവസരങ്ങള്‍ക്കാണ് ഇപ്പോള്‍ ഭക്ഷ്യമേഖലയില്‍ സാധ്യത തെളിയുന്നത്. രാജ്യത്ത് 20,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 2030 ഓടെ ഈ ലക്ഷ്യം സാധ്യമാക്കുമെന്നുമാണ് ധനമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി വ്യക്തമാക്കിയത്. 2050 ഓടെ രാജ്യത്തെ ഭക്ഷ്യ ഇറക്കുമതി വലിയ തോതില്‍ കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ ഇറക്കുമതി 90 ശതമാനത്തില്‍ നിന്നും 50 ശതമാനമായി കുറക്കാനാണ് ഇത് ലക്ഷ്യമിടുന്നത് മാത്രമല്ല യുഎഇയുടെ ഭക്ഷ്യ മേഖലയില്‍ നിന്നുള്ള സംഭാവന 10 ബില്യണ്‍ ആയി ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷയ്ക്ക് വളരെ അധികം മുന്‍ഗണന നല്‍കുന്ന രാജ്യമാണ് യുഎഇ എന്നും ആഭ്യന്തര ഭക്ഷ്യ ഉത്പാദനത്തില്‍ വളരെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്നും, ഭക്ഷ്യ ഇറക്കുമതി വലിയ തോതില്‍ കുറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് സുസ്ഥിരമായ ഭക്ഷണ ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ തങ്ങള്‍ സ്വീകരിച്ചുവരികയാണെന്നും ഇതിനായി വലിയ നിക്ഷേപം തന്നെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2023 ല്‍ രാജ്യം 23 ബില്ല്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടത്തിയത്. അതേസമയം കയറ്റുമതി 6.6 ബില്യണ്‍ ഡോളറിലെത്തി. ഭക്ഷ്യമേഖലയിലെ വ്യാപാരം ഈ വര്‍ഷം പകുതി പിന്നിട്ടപ്പോള്‍ തന്നെ 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കയറ്റുമതിയില്‍ 23 ശതമാനം വര്‍ധനവും ഇറക്കുമതിയില്‍ 19 ശതമാനം വര്‍ധനവും ഉണ്ടായി.
2029 ഓടെ ഭക്ഷ്യമേഖലയില്‍ വലിയ ഉയര്‍ച്ചയാണ് രാജ്യം സ്വപ്നം കാണുന്നത്. 128 ബില്ല്യണ്‍ ഡോററിന്റെ വളര്‍ച്ചയാണ് ജിസിസിയുടെ ഭക്ഷ്യപാനീയ മേഖലയില്‍ പ്രതീക്ഷിക്കുന്നതെന്ന് അല്‍ മാരി വ്യക്തമാക്കി. ഭക്ഷ്യകാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ക്ക് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതിനൊപ്പം തന്നെ ജിഡിപിയില്‍ ഭക്ഷ്യ മേഖലയില്‍ നിന്നുള്ള സംഭാവന 10 ബില്ല്യണ്‍ ഡോളറായി ഉയര്‍ത്താനാണ് രാജ്യം ലക്ഷ്യം വെയ്ക്കുന്നതെന്നും, അതുവഴി പുതുതായി 20,000ത്തോളം ജോലി അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേള്‍ഡ് ട്രാവല്‍ ഏന്റ് ടൂറിസം കൗണ്‍സില്‍ സിഇഒ ജൂലിയ സിംപ്‌സണ്‍ പറയുന്നത് പ്രകാരം വിനോദസഞ്ചാര മേഖലയിലും യുഎഇയില്‍ വലിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 2024 ഓടെ വിനോദസഞ്ചാര മേഖലയില്‍ 23,500 പുതിയ ജോലി അവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇത് പ്രകാരം യുഎഇ ജിഡിപിയിലെ വിനോദസഞ്ചാര മേഖലയുടെ സംഭാവന 23 ശതമാനമായി ഉയരുമെന്നും അവര്‍ പറഞ്ഞു.