ലോകമെമ്പാടുമുള്ള തൊഴിലന്വേഷകര്‍ പുത്തന്‍ പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ നോക്കി കാണുന്നത്. അനുദിനം വികസിക്കുന്ന സാങ്കേതിക വിദ്യയുടെ കരുത്തില്‍ എല്ലാ മേഖലയിലും തൊഴിലവസരങ്ങള്‍ രൂപപ്പെടുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ്, ഡേറ്റ സയന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയവയൊക്കെ തൊഴില്‍ മേഖലയിലേക്കും കടന്ന് വന്നത് 2024 ല്‍ ആണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ളവയുടെ ആവിര്‍ഭാവം മൂലം തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഒരുവശത്ത് പുത്തന്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ റിക്രൂട്ടര്‍മാരുടെ കണ്ണ് എ ഐ, ഡേറ്റ അനലിറ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ സ്‌കില്ലുകളിലായിരുന്നു. അതേസമയം 2025 ല്‍ ഗ്രീന്‍ ജോബ്‌സിനായിരിക്കും ഡിമാന്‍ഡ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം ഗ്രീന്‍ ജോബ് മേഖലയിലെ നൈപുണ്യത്തിനും പല ബഹുരാഷ്ട്ര ഭീമന്‍ കമ്പനികളും പ്രാധാന്യം കൊടുക്കുന്നുണ്ട്. പരിസ്ഥിതിയുടെ സുസ്ഥിരത തൊഴില്‍മേഖലയില്‍ ഉറപ്പാക്കപ്പെടുന്നു എന്ന് കൂടി ഇത് അര്‍ത്ഥമാക്കുന്നു. ഇത് ആഗോള തലത്തില്‍ ഭീഷണിയായ കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയവയെ മറികടക്കാന്‍ പുതിയ ട്രെന്‍ഡിന് സാധിക്കും.
ഗ്രീന്‍ ജോബ് മേഖല ഇന്ത്യയിലും വളര്‍ച്ചയുടെ പാതയിലാണ്. ഊര്‍ജ മികവ് കൂട്ടി മാലിന്യം കുറയ്ക്കുന്നതിന് ഗ്രീന്‍ ജോബ് വിദഗ്ധരെ ആവശ്യമാണ്. 2070 ല്‍ ഇന്ത്യ ലക്ഷ്യമിടുന്നത് നെറ്റ് സീറോ കാര്‍ബണ്‍ വികിരണത്തോത് ആണ്. ഇന്ത്യയിലെ ഗ്രീന്‍ ജോബ് മേഖലയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതിന് കാരണം ഇതാണ്. സ്റ്റാര്‍ട്ടപ്പ് മേഖലയാണ് കഴിഞ്ഞ ഒരു ആറേഴ് വര്‍ഷത്തിനിടയില്‍ കുതിപ്പ് കാണിച്ച മറ്റൊരു മേഖല.
2025 ലും ഇതിന് വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. സ്റ്റാര്‍ട്ടപ്പ് രംഗം മുന്നോട്ട് വെക്കുന്നത് പല മുന്‍നിര കമ്പനികളേയും കവച്ചു വെക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ആണ്. സര്‍ക്കാര്‍ സംവിധാനങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു എന്നതും ഇതിന് അനുകൂലമാണ്. കൊവിഡിന് ശേഷം പല തൊഴില്‍ മേഖലകളും തളർന്നപ്പോള്‍ കുതിപ്പായത് ടെക് മേഖലയാണ്.
ടെക്‌നോളജിയുടെ അനന്തസാധ്യതകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടുകൂടി ലോകത്തിന് മുന്നില്‍ കാണിച്ച് കൊടുത്തത്. അതേസമയം തൊഴില്‍ നഷ്ടത്തിന്റെ ആശങ്കകള്‍ ഇപ്പോഴും എ ഐ ഉയര്‍ത്തുന്നുണ്ടെങ്കിലും ആ മേഖലയിലെ നൈപുണ്യമുള്ളവര്‍ക്ക് ഡിമാന്‍ഡ് കൂടുന്ന കാലം കൂടിയാണ് മുന്നിലുള്ളത്.