റിലയന്‍സ് സ്കോളർഷിപ് നേടി കേരളത്തില്‍ നിന്നും 229 പേര്‍

ധീരുബായ് അംബാനിയുടെ 92-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2024-25 വർഷത്തെ റിലയൻസ് ഫൗണ്ടേഷൻ്റെ പ്രശസ്‌തമായ അണ്ടർ ഗ്രാജുവേറ്റ് സ്കോളർഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. ദേശീയതലത്തിൽ ലഭിച്ച 10,00,000 അപേക്ഷകളിൽ നിന്നും സ്കോളർഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത് 5,000 വിദ്യാർഥികളെയാണ്. കേരളത്തിൽ നിന്ന് 229 പേർക്ക് സ്കോളർഷിപ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിന് നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവും സ്വകാര്യ സ്കോളർഷിപ് പദ്ധതികളിലൊന്നാണിത്. ബിരുദ വിദ്യാർഥികൾക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. അഭിരുചി പരീക്ഷയിലെ പ്രകടനവും 12-ാം ക്ലാസിലെ മാർക്കും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുത്ത 70% വിദ്യാർഥികളുടെയും വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയാണ്.

ഇന്ത്യയുടെ ഭാവി സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്ന തരത്തിൽ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് റിലയൻസ് ഫൗണ്ടേഷന്റെ ബിരുദ സ്കോളർഷിപ്പുകൾ ലക്ഷ്യമിടുന്നത്. ഇത് വിദ്യാർഥികളെ സാമ്പത്തിക ബാധ്യതയില്ലാതെ ബിരുദ പഠനം തുടരാൻ പ്രാപ്‌തരാക്കുന്നുവെന്ന് -റിലയൻസ് ഫൗണ്ടേഷൻ വ്യക്‌തമാക്കി. യുവാക്കളെ ശാക്‌തീകരിക്കുന്നതിനായി അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുമെന്ന് ധീരുഭായ് അംബാനിയുടെ 90-ാം ജന്മവാർഷിക വേളയിൽ റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സ്കോളർഷിപ്പ് നൽകി വരുന്നത്. പിന്നീട് ഓരോ വർഷവും 5,000 ബിരുദ വിദ്യാർത്ഥികൾക്കും 100 ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും സ്കോളർഷിപ് നൽകിവരുന്നുണ്ട്.

‘അസാധാരണ കഴിവുകളുള്ള യുവമനസുകളെ അംഗീകരിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും, അണ്ടർ ഗ്രാജുവേറ്റ് സ്കോളർഷിപ്പിലൂടെ തങ്ങളുടെ മുഴുവൻ സ്‌കില്ലും പുറത്തെടുത്ത് വിദ്യാർത്ഥികളെ ശാക്തീകരിക്കാനും, ഇന്ത്യയുടെ വളർച്ചയ്ക്കായി അവരുടെ സേവനം ഉറപ്പാക്കാനുമാണ് റിലയൻസ് ഫൗണ്ടേഷൻ ശ്രമിക്കുന്നതെന്നും, വിദ്യാഭ്യാസം അവസരങ്ങളുടെ വലിയ ലോകം തുറക്കാനുള്ള താക്കോലാണെന്നും, വിദ്യാർത്ഥികളുടെ ഈ വലിയ യാത്രയുടെ ഭാഗമാകാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും റിലയൻസ് ഫൗണ്ടേഷൻ വക്താവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *