ജര്‍മ്മനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. 2040 വരെ ജര്‍മ്മനിയിലേക്ക് പ്രതിവര്‍ഷം ഏകദേശം മൂന്ന് ലക്ഷത്തോളം വിദേശ തൊഴിലാളികളെ ആവശ്യമുണ്ട് എന്നാണ് ബെര്‍ട്ടില്‍സ്മാന്‍ സ്റ്റിഫ്റ്റംഗിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ തൊഴില്‍ ശക്തിയില്‍ പ്രായമാകുന്ന ജനസംഖ്യയുടെ പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിനായി പ്രതിവര്‍ഷം ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ജോലിക്കെടുക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്കനുസൃതമായി സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ കുടിയേറ്റത്തിന് നിര്‍ണായക പങ്ക് ഉണ്ട് എന്നാണ് ഈ പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്ഥിരതയുള്ള തൊഴില്‍ ശക്തി നിലനിര്‍ത്തുന്നതിന് 2040 വരെ പ്രതിവര്‍ഷം ശരാശരി 288,000 തൊഴിലാളികളുടെ കുടിയേറ്റം ജര്‍മ്മനിക്ക് ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
എന്നാൽ ഗാര്‍ഹിക തൊഴില്‍ മേഖലയുടെ പ്രാതിനിധ്യത്തില്‍ പ്രത്യേകിച്ചും സ്ത്രീകളുടെയും പ്രായം ചെന്ന തൊഴിലാളികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞാല്‍ ഇത് 368000 ആയി ഉയരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അങ്ങനെ ഒരു സാഹചര്യം വരുമ്പോള്‍ വിദേശീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി രാജ്യത്തിന്റെ തൊഴില്‍ മേഖലയില്‍ സ്ഥിരത കൈവരിക്കേണ്ടി വരും.
ഇത്തരത്തിൽ വിവിധ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കുമെല്ലാം വന്‍തോതില്‍ കുടിയേറ്റ തൊഴിലാളികളെ ആവശ്യമായി വരും. ഇത് മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. സിറിയയിലെയും ഉക്രെയ്നിലെയും സംഘര്‍ഷങ്ങളും ഈ ഡിമാന്‍ഡിന് ഒരു പ്രധാന കാരണമാണ്. ജര്‍മ്മനിയിലെ ജനസംഖ്യയില്‍ വലിയൊരു ശതമാനം അടുത്ത വര്‍ഷങ്ങളില്‍ വിരമിക്കാനൊരുങ്ങുന്നവരാണ്.
രാജ്യത്തെ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടാകുന്നതിന് ഇത് കാരണമാകും. പ്രതിരോധ നടപടികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകും, ഇത് മറികടക്കാനാണ് കൂടുതല്‍ വിദേശ തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്നതിലൂടെ ജര്‍മനി ലക്ഷ്യമിടുന്നത്. ജോലി തേടി ജര്‍മ്മനിയിലെത്തുന്നവരിൽ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണ്. അതില്‍ തന്നെ ഭൂരിഭാഗവും മലയാളികളും. അടുത്തിടെ ജര്‍മ്മനി വിസ നിയമങ്ങള്‍ ലഘൂകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം ഇന്ത്യക്കാര്‍ക്ക് 90000 വിസകള്‍ അനുവദിക്കും എന്ന് ജര്‍മ്മനി പ്രഖ്യാപിച്ചിരുന്നു, നേരത്തെ ഇത് 20000 വിസകള്‍ ആയിരുന്നു. 3.5 മടങ്ങിന്റെ വര്‍ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ജര്‍മ്മനി സാങ്കേതികവിദ്യ മുതല്‍ ആരോഗ്യ സംരക്ഷണം വരെയുള്ള ഒന്നിലധികം വ്യവസായങ്ങളില്‍ തൊഴിലാളി ക്ഷാമം നേരിടുകയാണെന്നാണ് റിപ്പോർട്ട്. വിസ ലഘൂകരണത്തിലൂടെയും പുതിയ അവസരങ്ങളിലൂടെയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും സാങ്കേതിക പുരോഗതിയെയും പിന്തുണയ്ക്കാന്‍ സാധിക്കുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കുകയാണ് ജര്‍മ്മനി ലക്ഷ്യമിടുന്നത്.