ഏറ്റവും സന്തുഷ്ടരായ പ്രവാസി തൊഴിലാളികള്‍ ജീവിക്കുന്ന പത്ത് വിദേശ രാജ്യങ്ങള്‍ ഇവയാണ്
മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മറ്റ് രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സന്തുഷ്ടരാണെന്ന് എക്‌സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് നടത്തിയ സര്‍വേയില്‍ പറയുന്നു. 53 രാജ്യങ്ങളില്‍ നിന്നുള്ള 12500ലധികം പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികളുടെ ജീവിത നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള പഠന റിപ്പോര്‍ട്ടാണിത്.
പനാമയിലേക്ക് കുടിയേറിയ 82 ശതമാനം തൊഴിലാളികളും തങ്ങള്‍ സന്തുഷ്ടരാണെന്ന് ചൂണ്ടിക്കാട്ടി. സാമ്പത്തിക നേട്ടവും, കുടിയേറ്റക്കാരെന്ന നിലയിലുള്ള സുരക്ഷിതത്വവുമാണ് മിക്കവരും പനാമയില്‍ കാണുന്ന പ്രധാന ഗുണം. മാത്രമല്ല ജീവിത നിലവാരത്തിന്റെ കാര്യത്തിലും, റിട്ടയര്‍മെന്റ് ലൈഫിന്റെ കാര്യത്തിലും ഈ മധ്യ അമേരിക്കന്‍ രാജ്യം മറ്റ് രാഷ്ട്രങ്ങളേക്കാള്‍ ഏറെ മുന്നിലാണ്.
പുതുതായി രാജ്യത്തെത്തുന്ന തൊഴിലാളികള്‍ക്ക് മികച്ച ജോലി സാധ്യതകളും പനാമ വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല താരതമ്യേന കുറഞ്ഞ ജീവിത ചെലവും, വേഗത്തില്‍ താമസ സ്ഥലം കണ്ടെത്താന്‍ സാധിക്കുന്നതും പനാമയെ ഒരു കുടിയേറ്റ സൗഹൃദ രാജ്യമാക്കി മാറ്റുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം ആളുകളും തങ്ങള്‍ക്ക് ന്യായമായ വേതനം ലഭിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ആഗോള തലത്തില്‍ കേവലം 58 ശതമാനം പേര്‍ മാത്രമാണ് ന്യായമായ വേതനം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഇതിന് പുറമെ പനാമയിലെ കാലാവസ്ഥയും, വിനോദ സഞ്ചാര കേന്ദ്രങ്ങളും തൊഴിലാളികള്‍ക്ക് മാനസികമായ ഉല്ലാസത്തിനും സഹായകരമാണ്.
ജീവിത നിലവാരം, താമസ സ്ഥലം കണ്ടെത്താനുള്ള കാലതാമസം, വേതനം, പാര്‍പ്പിടം, ഭാഷ, ഭരണകൂടത്തിന്റെ കുടിയേറ്റ സമീപനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്റര്‍നേഷന്‍സ് 2024ലെ പട്ടിക തയ്യാറാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് പ്രവാസി സൗഹൃദ രാജ്യങ്ങള്‍ ഇവയാണ്,
- പനാമ
- മെക്‌സിക്കോ
- ഇന്തോനേഷ്യ
- സ്‌പെയിന്‍
- കൊളംബിയ
- തായ്‌ലാന്റ്
- ബ്രസീല്‍
- വിയറ്റ്‌നാം
- ഫിലിപ്പീന്‍സ്
- യു.എ.ഇ
കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ മെക്‌സിക്കോ ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. 86 ശതമാനം പ്രവാസികളും മെക്‌സിക്കോ ജനത കുടിയേറ്റക്കാരോട് മാന്യമായി പെരുമാറുന്നവരാണെന്ന് അഭിപ്രായപ്പെട്ടവരാണ്. മാത്രമല്ല സ്വദേശികളുമായി വേഗത്തില്‍ സൗഹൃദത്തിലാകാനും, മെകിസിക്കന്‍ സംസ്‌കാരവുമായി ഇടപഴകാന്‍ എളുപ്പമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി.
ലിസ്റ്റില്‍ മൂന്നാമതുള്ളത് ഇന്തോനേഷ്യയാണ്. താരതമ്യേന കുറഞ്ഞ ജീവിത ചെലവും, കുടിയേറ്റ സൗഹൃദ മനോഭാവവും, മികച്ച തൊഴിലിടങ്ങളുമാണ് ഇന്തോനേഷ്യയെ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കി മാറ്റിയത്. കരിയര്‍ സാധ്യതകളോടൊപ്പം കുറഞ്ഞ തൊഴില്‍ സമയവും ഇന്തോനേഷ്യയെ പ്രവാസികള്‍ക്കിടയില്‍ പോപ്പുലറാക്കി മാറ്റുന്നു. ആഗോള തലത്തില്‍ ആഴ്ച്ചയില്‍ 42.5 മണിക്കൂറാണ് തൊഴില്‍ സമയം. എന്നാല്‍ ഇന്തോനേഷ്യയില്‍ ഇത് 39 മണിക്കൂറാണ്.
ഇവര്‍ക്ക് പുറമെ സ്‌പെയിന്‍, കൊളംബിയ, തായ്‌ലന്റ്, ബ്രസീല്‍, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
Leave a Reply