ഒരു കാലത്ത് വിദേശ കുടിയേറ്റത്തിന്റെ ഹബ്ബായിരുന്ന യു.കെയിലിന്ന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ബ്രക്‌സിറ്റ് ശേഷം ഉയര്‍ന്നുവന്ന സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയും, രാഷ്ട്രീയ പ്രതിസന്ധികളും യു.കെയിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികള്‍ക്കും, തൊഴിലാളികള്‍ക്കും ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. പിന്നാലെ പല മലയാളികളും മറ്റ് പല രാജ്യങ്ങളും തെരഞ്ഞെടുക്കാനും തുടങ്ങി.
വിദേശ കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പല നിയമങ്ങളും യു.കെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ക്കിടെ ഒരു ഡിജിറ്റല്‍ സൂപ്പര്‍ പവര്‍ ആവുകയെന്ന ലക്ഷ്യത്തോടെ ഉയര്‍ന്ന വൈദഗ്ദ്യമുള്ള, സാങ്കേതിക വിദഗ്ദരായ തൊഴിലാളികളെ രാജ്യത്തേക്കെത്തിക്കുക എന്നതാണ് കഴിഞ്ഞ കുറച്ച് കാലമായി യു.കെ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തുന്ന തൊഴിലാളികള്‍ക്ക് മികച്ച സാധ്യതകളാണ് യു.കെയിലുള്ളതെന്നാണ് പലരും കരുതിയിരിക്കുന്നത്.
എന്നാല്‍ ബ്രിട്ടീഷ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഇമിഗ്രേഷന്‍ ഡാറ്റയുടെ വിശകലനത്തില്‍ ഇതിന് വിപരീതമായ ചില കണക്കുകളാണ് പുറത്തെത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരെ മറികടന്ന് പാചകക്കാരായി ജോലി ചെയ്യുന്നതിനുള്ള വിസ അപേക്ഷകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 6203 ഷെഫുകള്‍ക്ക് വിദഗ്ദ തൊഴിലാളി വിസ അനുവദിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായെന്ന് ചുരുക്കം.
ഇതേ കാലയളവില്‍ പ്രോഗ്രാമര്‍മാര്‍ക്കും, സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ക്കും അനുവദിച്ച വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം 8752ല്‍ നിന്ന് 4280 ആയി കുറഞ്ഞെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഐടി ഇന്‍ഫ്രാസ്ട്രക്ച്ചറിനേക്കാള്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ രാജ്യത്തിന്റെ ഭക്ഷ്യമേഖലയിലേക്ക് കൂടുതല്‍ ചായുന്നുവെന്നാണ് വിദഗ്ദരുടെ അഭിപ്രായം. രണ്ട് തൊഴില്‍ മേഖലകളും ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമായതുകൊണ്ട് തന്നെ നേട്ടം നമ്മുടെ നാട്ടുകാര്‍ക്കാണ്. ഈ സാഹചര്യവും ഷെഫുമാരുടെ വര്‍ധനവിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.
ഭാവിയെന്ത് ?
ഇന്ത്യയില്‍ നിന്നുള്ള ഷെഫുമാരുടെ കുടിയേറ്റം വര്‍ധിച്ചെങ്കിലും പുതിയ പ്രവണത പ്രവാസികള്‍ക്ക് തിരിച്ചടിയാവാനുള്ള സാധ്യതയും കൂടുതലാണ്. കാരണം സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് കീഴില്‍ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലുകളില്‍ ഒന്നാണ് ഷെഫുമാര്‍. യു.കെയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള കുറഞ്ഞ വാര്‍ഷിക ശമ്പളം 38700 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ യു.കെയിലെ ഷെഫുമാര്‍ക്ക് ഇത് 22877 പൗണ്ടാണ്. മിക്ക റെസ്‌റ്റോറന്റുകള്‍ക്കും പുതിയ ശമ്പള നിരക്കില്‍ പാചകക്കാര്‍ക്ക് പണം നല്‍കാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.
നിലവില്‍ യു.കെ ജനതയുടെ കുടിയേറ്റ വിരുദ്ധ പ്രവണതയും, വിസ നടപടികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുകയും, ഫീസ് കുത്തനെ കൂട്ടുകയും ചെയ്തത് കുടിയേറ്റ സാധ്യതകളെ പിന്നോട്ടടിപ്പിക്കുന്നത് തന്നെയാണ്. 2023 ല്‍ നെറ്റ് മൈഗ്രേഷനില്‍ 10 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പുതിയ കണക്കുകള്‍ വരുന്നതോടെ ഇത് ഇനിയും താഴാനാണ് സാധ്യത.
Leave a Reply