വിദേശ രാജ്യങ്ങളില്‍ കരിയര്‍ സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സാധാരണ ഗതിയില്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളാണ് യു.കെ, യു.എസ്, കാനഡ എന്നിവ. യു.കെയുമായി പരമ്പരാഗതമായി നിലനില്‍ക്കുന്ന വാണിജ്യ ബന്ധവും, സാംസ്‌കാരികവും, ചരിത്രപരവുമായ ബന്ധങ്ങളുമൊക്കെയാണ് യു.കെ തെരഞ്ഞെടുക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മാത്രമല്ല വലിയ തോതിലുള്ള ഇന്ത്യന്‍ ജനസംഖ്യയും
വിദേശ പഠനവും മികച്ച ജോലിയും സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രത്യേകിച്ച് മലയാളികളുടെ കുടിയേറ്റ താല്‍പര്യങ്ങളില്‍ മാറ്റം വരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനും, കാനഡയ്ക്കും, അമേരിക്കയ്ക്കും പകരമായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയിറങ്ങുകയാണ് മലയാളി യുവത്വം. സമാനമായി ആസ്‌ട്രേലിയയോടും, ന്യൂസിലാന്റിനോടുമുള്ള മമത കുറഞ്ഞു വരുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 15 ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിലേറെയും അമേരിക്ക, കാനഡ,ആസ്‌ട്രേലിയ, ബ്രിട്ടന്‍, ന്യൂസിലാന്റ് എന്നിവിടങ്ങളിലാണ്. ഈ ട്രെന്റിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
2024മാണ്ടിലെ പുതിയ പ്രവണതകള്‍
യൂറോപ്പിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും മലയാളി കുടിയേറ്റത്തിന്റെ ചക്രം തിരിയുന്നത്. എന്നാല്‍ അത് യു.കെയുടെയും, ജര്‍മ്മനിയുടെയും കുത്തകയില്‍ നിന്ന് വഴി മാറി സഞ്ചരിക്കാനും തുടങ്ങിയിരിക്കുന്നു. ലോകത്താകമാനം ഉടലെടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളും, കര്‍ശന വിസ വ്യവസ്ഥകളും, പണപ്പെരുപ്പവുമൊക്കെയാണ് മലയാളിയുടെ മനമാറ്റത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.
പരമ്പരഗാത ഡെസ്റ്റിനേഷനുകള്‍ക്ക് പുറമെ ഫിന്‍ലന്റ്, നെതര്‍ലാന്റ് എന്നിവ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുടിയേറ്റത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള രാജ്യങ്ങളാണ് ഇവ രണ്ടും എന്നത് യുവാക്കളെ സ്വാധീനിക്കുന്ന പ്രധാന ഘടകം. അതിനാല്‍ തന്നെ മികച്ച തൊഴില്‍ സാധ്യതകളാണ് ഇരു രാജ്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.
ഫിന്‍ലാന്റ്, നെതര്‍ലാന്റ് എന്നിവയ്ക്ക് പുറമെ അയര്‍ലാന്റ്, ലിത്വാനിയ, എസ്റ്റോണിയ, തുര്‍ക്കി, മാള്‍ട്ട, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളും മലയാളികള്‍ക്കിടയില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലേക്ക് വിമാനം കയറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
മാറ്റത്തിന് പിന്നില്‍
ലോകത്താകമാനം വര്‍ധിച്ച് വരുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. ബ്രെക്‌സിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി യു.കെ വിടാന്‍ പലരെയും പ്രേരിപ്പിക്കുന്നു. മാത്രമല്ല വിദേശീയര്‍ക്കെതിരെ യു.കെ ജനതയുടെ മനോഭാവവും പഴയതില്‍ നിന്നും മാറിക്കൊണ്ടിരിക്കുകയാണ്.
അമേരിക്ക വിടാനുള്ള പ്രധാന കാരണം ഭീമമായ സാമ്പത്തിക ചെലവുകളാണ്. കുറഞ്ഞ ജോലി സാധ്യതയും, വീസ കാലതാമസവുമൊക്കെ തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുമായുണ്ടായ നയതന്ത്ര പ്രതിസന്ധിയും, കുടിയേറ്റക്കാരുടെ ബാഹുല്യവും കാനഡയെ ഞെരുക്കത്തിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുടിയേറ്റ നിയന്ത്രണത്തിനായി വാടക വീടുകളുടെ ഫീസിലടക്കം കാനഡ വരുത്തിയ മാറ്റങ്ങളും വിദ്യാര്‍ഥികളില്‍ മനംമാറ്റത്തിന് കാരണമായിട്ടുണ്ട്.
എന്നാല്‍ ഈ പ്രതിസന്ധി മുതലെടുത്തുകൊണ്ടാണ് ഫിന്‍ലാന്റ്, അയര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ മുന്നോട്ട് വരുന്നത്. താരതമ്യേന കുറഞ്ഞ പഠനച്ചലവും ആകര്‍ഷകമായ വിസ നിയമങ്ങളും ജോലി സാധ്യതകളും, സര്‍ക്കാരുകളുടെ കുടിയേറ്റ സൗഹൃദ നയങ്ങളുമൊക്കെ ഈ രാജ്യങ്ങളിലേക്ക് കയറാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. മാത്രമല്ല കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ സ്ഥിര താമസാനുമതി ലഭിക്കുന്നതും മലയാളികള്‍ക്ക് ആഹ്ലാദത്തിന് വകനല്‍കുന്നുണ്ട്.