വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ് ആസ്ട്രേലിയ. ഉയര്‍ന്ന കരിയര്‍ സാധ്യതകള്‍, പഠനാന്തരീക്ഷം, ലോകോത്തര യൂണിവേഴ്സിറ്റികള്‍, ഇന്ത്യക്കാരുടെ എണ്ണം എന്നിവയൊക്കെയാണ് ആസ്ട്രേലിയ തെരഞ്ഞെടുക്കാന്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര സുഖകരമായ വാര്‍ത്തയല്ല ആസ്ട്രേലിയയില്‍ നിന്നും പുറത്തുവരുന്നത്. കുടിയേറ്റം വ്യാപകമായതോടെ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ തേടുമെന്ന് ഓസീസ് ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. വിദേശ വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിസ ഫീസിനത്തില്‍ വലിയ വര്‍ധനവാണ് ആസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആസ്ട്രേലിയന്‍ കരിയര്‍ ലക്ഷ്യം വെക്കുന്ന ഇന്ത്യക്കാര്‍ക്ക് വലിയ തിരിച്ചടിക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ നിയമം
നിലവിലെ സ്റ്റുഡന്റ് വിസ ഫീസിനത്തില്‍ ഒറ്റയടിക്ക് ഇരട്ടിയിലധികം വര്‍ധനവാണ് ആസ്ട്രേലിയ നടപ്പാക്കിയത്. ഇതോടെ ഹൗസിങ് മാര്‍ക്കറ്റില്‍ വലിയ ഞെരുക്കവും ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 710 ആസ്ട്രേലിയന്‍ ഡോളര്‍ ഉണ്ടായിരുന്ന വിസ ഫീ 1600 ആസ്ട്രേലിയന്‍ ഡോളറായാണ് ഉയര്‍ത്തിയിരിക്കുന്നത്. യു.എസ് ഡോളര്‍ കണക്കില്‍ ഏകദേശം 1068 ഡോളറിന് സമാനമെന്ന് ചുരുക്കം.
ഇതിന് പുറമെ വിസിറ്റിങ് വിസക്കാര്‍ക്കും, ടെംപററി ഗ്രാജ്വേറ്റ് വിസ കൈവശമുള്ളവര്‍ക്കും സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കാനുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്. പുതിയ തീരുമാനം ആസ്ട്രേലിയന്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും കുടിയേറ്റ മേഖലയില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും ഓസീസ് ആഭ്യന്തര മന്ത്രി ക്ലയര്‍ ഒ നീല്‍ പറഞ്ഞു.
വര്‍ധിക്കുന്ന കുടിയേറ്റം
മാര്‍ച്ചില്‍ പുറത്തിറക്കിയ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ആസ്ട്രേലിയയിലേക്കുള്ള വിദേശ കുടിയേറ്റത്തില്‍ 60 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. 2023 സെപ്റ്റംബര്‍ വരെ 548,800 പേരാണ് ആസ്ട്രേലിയയിലേക്ക് പുതുതായി എത്തിയത്.
പുതിയ വിസ നിരക്കുകള്‍ പ്രാബല്യത്തിലായതോടെ അമേരിക്കയേക്കാളും കാനഡയേക്കാളും ചെലവേറിയതായി ആസ്ട്രേലിയന്‍ സ്റ്റുഡന്റ് വിസ മാറി. യഥാക്രമം 185 ഡോളറും, 110 ഡോളറുമാണ് യു.എസിലും, കാനഡയിലും വിസ അപേക്ഷ ഫീസായി ഈടാക്കുന്നത്.
2022 ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ റെക്കോര്‍ഡ് കുടിയേറ്റമാണ് ആസ്ട്രേലിയന്‍ മണ്ണിലേക്ക് നടന്നത്.
202323 കാലയളവില്‍ സ്റ്റുഡന്റ് വിസകളിലെത്തിയ വിദ്യാര്‍ഥികളുടെ എണ്ണം 30 ശതമാനം വര്‍ധിച്ച് 150,000 മായി ഉയര്‍ന്നു. ഇതോടെ വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിയമം കര്‍ശനമാക്കുകയും ചെയ്തു. ഫീസിലെ വര്‍ധനക്ക് പുറമെ വിസ നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി പെര്‍മിറ്റ് പുതുക്കി താമസം നീട്ടുന്നത് തടയുന്നതിനായി വിസ നിയമങ്ങളിലെ പഴുതുകള്‍ അടയ്ക്കാനും ആസ്ട്രേലിയ തയ്യാറായതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആസ്ട്രേലിയന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനമുള്ള മേഖലയാണ് വിദേശ വിദ്യാഭ്യാസം. രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി വ്യവസായം കൂടിയാണിത്. 202223 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 36.4 ബില്യന്‍ ആസ്ട്രേലിയന്‍ ഡോളര്‍ മൂല്യമാണ് വിദ്യാഭ്യാസ മേഖല കൈവരിച്ചത്.
Leave a Reply