വിദേശ പഠനം സ്വപ്‌നം കാണുന്നവരാണോ? പാര്‍ട്ട് ടൈം ജോലി കിട്ടാനില്ലേ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Home Colleges Foreign Education വിദേശ പഠനം സ്വപ്‌നം കാണുന്നവരാണോ? പാര്‍ട്ട് ടൈം ജോലി കിട്ടാനില്ലേ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വിദേശ പഠനം സ്വപ്‌നം കാണുന്നവരാണോ? പാര്‍ട്ട് ടൈം ജോലി കിട്ടാനില്ലേ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വിദേശ പഠനം സ്വപ്‌നം കാണുന്നവരാണോ? പാര്‍ട്ട് ടൈം ജോലി കിട്ടാനില്ലേ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കഴിഞ്ഞ പതിറ്റാണ്ടിനിടെ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും, ജോലിക്കുമായി ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കുടിയേറിയത്. ഇതില്‍ നല്ലൊരു പങ്ക് മലയാളി വിദ്യാര്‍ഥികളാണന്നതാണ് രസകരം. മികച്ച പഠനം, ഉയര്‍ന്ന ശമ്പളമുള്ള ജോലി, കരിയര്‍ സാധ്യതകള്‍ ഇവയെല്ലാമാണ് വിദ്യാര്‍ഥികളെ വിദേശ രാജ്യങ്ങളിലേക്ക ്അടുപ്പിക്കുന്ന പ്രധാനഘടകങ്ങള്‍. പഠനത്തിനായി ഇത്തരത്തില്‍ രാജ്യം വിടുന്ന ഇവരില്‍ പലരും അവിടെ തന്നെ ജോലിയും, പി.ആറും കണ്ടെത്തി സ്ഥിര താമസമാക്കുകയാണ് പതിവ്.

നാട്ടില്‍ നിന്ന് വിദേശത്തെത്തുമ്പോള്‍ വമ്പിച്ച സാമ്പത്തിക ബാധ്യതയാണ് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഭാരിച്ച ട്യൂഷന്‍ ഫീസും, സെക്യൂരിറ്റി ഡെപ്പോസിറ്റും, താമസം, ഭക്ഷണം എന്നിവയ്ക്കായി ചെലവാക്കേണ്ടി വരുന്ന ഭീമമായ തുക കണ്ടെത്തുക എന്നതും വലിയ കടമ്പയാണ്. അതിനാല്‍ തന്നെ പലരും തങ്ങളുടെ വിദേശ സ്വപ്‌നങ്ങളില്‍ നിന്ന് പിന്‍വലിയുകയും ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍പിലുള്ള പ്രധാനപ്പെട്ടൊരു മാര്‍ഗമാണ് പാര്‍ട്ട് ടൈം ജോലികള്‍. പലരും പാര്‍ട്ട് ടൈം ജോലികള്‍ കണ്ടെത്തിയാണ് അതിജീവനം നടത്തുന്നത് തന്നെ. കാനഡ, യു.എസ്, യു.കെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ ഇത്തരത്തില്‍ പാര്‍ട്ട് ടൈം ജോലിക്കാരെ വ്യാപകമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പാര്‍ട്ട് ടൈം ജോലികളില്‍ കുറവ് വരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പലര്‍ക്കും ജോലി കണ്ടെത്താന്‍ പ്രയാസമാണെന്ന തരത്തില്‍ വിദേശത്തുള്ള വിദ്യാര്‍ഥികള്‍ തന്നെ തുറന്ന് പറയുന്ന വീഡിയോകളും പുറത്ത് വന്നിരുന്നു. കാനഡയിലെ ഒരു കഫിറ്റീരിയക്ക് മുന്‍പില്‍ ക്യൂ നില്‍ക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ വിദ്യാര്‍ഥികളുടെ ഒരു വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നല്ലോ? സത്യത്തില്‍ എന്താണവിടെ നടക്കുന്നത്? പാര്‍ട്ട് ടൈം ജോലി കിട്ടാന്‍ അത്രയ്ക്ക് പ്രയാസമാണോ? പാര്‍ട്ട് ടൈം ജോലി നേടാന്‍ എന്താണ് വഴി? നമുക്കൊന്ന് നോക്കാം…

യഥാര്‍ത്ഥത്തില്‍ കാനഡയ്ക്ക് താങ്ങാവുന്നതിലധികം കുടിയേറ്റം ഇപ്പോള്‍ തന്നെ നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെയാണ് കനേഡിയന്‍ സര്‍ക്കാര്‍ നേരിട്ട് കുടിയേറ്റ നിയന്ത്രണ മാര്‍ഗങ്ങള്‍ നടപ്പില്‍ വരുത്തിയതും. മുന്‍പത്തെ പോലെ അപേക്ഷിച്ച ഉടനെ ജോലി കിട്ടുന്ന സാഹചര്യമല്ല കാനഡയിലുള്ളത്. ഇതിനായി മറ്റ് മാര്‍ഗങ്ങള്‍ നിങ്ങള്‍ തേടേണ്ടി വരുമെന്നാണ് അവിടെയുള്ള വിദ്യാര്‍ഥികള്‍ തന്നെ പറയുന്നത്.

എങ്കില്‍ പിന്നെ എന്താണ് വഴി? കാനഡയില്‍ ഒരു പാര്‍ട്ട് ടൈം ജോലി കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കുക.

  • പ്രധാനമായും നിങ്ങള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് തന്നെ ജോലികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. വിശാലമായ കാമ്പസുകളില്‍ അകത്തും, പുറത്തും നിരവധി ജോലിയവസരങ്ങളുണ്ട്. ലൈബ്രറി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍, ഓഫീസ് വര്‍ക്കുകള്‍, മാര്‍ക്കറ്റിങ് വര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ട് ടൈമായി ജോലി ആലോചിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും ഫാക്കല്‍റ്റികളില്‍ നിന്നും നിങ്ങള്‍ക്ക് ശേഖരിക്കാം.
  • മറ്റൊരു സാധ്യതയാണ് കോള്‍ സെന്ററുകള്‍. നന്നായി ആശയവിനിമയം നടത്താന്‍ കഴിവുള്ളവര്‍ക്ക് കോള്‍ സെന്ററുകളിലും, ഹോസ്പിറ്റാലികളിലും നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാണ്. ഇതും നിങ്ങള്‍ക്ക് പരീക്ഷിക്കാം.
  • അധ്യാപന രംഗത്ത് പ്രാവീണ്യമുള്ളവര്‍ക്ക് മികച്ച വിദേശ കരിയര്‍ സാധ്യതകളുണ്ട്. ശക്തമായ അക്കാദമിക് പശ്ചാത്തലമുള്ളവര്‍ക്ക് ട്യൂട്ടര്‍മാരായോ, ടീച്ചിങ് അസിസ്റ്റന്റുമാരായോ പാര്‍ട്ട് ടൈം ജോലി കണ്ടെത്താം. വിദേശത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളിലോ, ചെറുകിട സ്ഥാപനങ്ങളിലോ പരീക്ഷിക്കാം.
  • ഏറ്റവും കൂടുതല്‍ പാര്‍ട്ട് ടൈം ജോലി സാധ്യതകള്‍ നിലനില്‍ക്കുന്നത് കച്ചവട സ്ഥാപനങ്ങളിലാണ്. സെയില്‍സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഹോട്ടലുകളിലും കഫിറ്റീരിയകളിലുമൊക്കെ പാര്‍ട്ട് ടൈം ജോലികള്‍ക്ക് ശ്രമിക്കാവുന്നതാണ്. ഹോട്ടല്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതും.
  • ടെക്, ഐടി മേഖലകളിലും നിരവധി തൊഴിലവസരങ്ങളുണ്ട്. പ്രോഗ്രാമിങ്, ഡെവലപ്പിങ്, ഡാറ്റ എന്‍ട്രി മറ്റ് സ്‌കില്‍ഡ് ജോലികളില്‍ കരിയര്‍ സ്വന്തമാക്കാവുന്നതാണ്.

ജോലി സാധ്യതകള്‍ അറിഞ്ഞിരിക്കാം.

കാനഡ വലിയൊരു ഭൂപ്രദേശമുള്ള രാജ്യമാണെങ്കിലും അവിടെ ജനസംഖ്യ നമ്മുടെ രാജ്യത്തേക്കാള്‍ എത്രയോ കുറവാണ്. ഒരോ പ്രവിശ്യകളിലും തൊഴിലവസരങ്ങള്‍ കൂടിയും കുറഞ്ഞുമിരിക്കും. ഹ്യൂമന്‍ വര്‍ക്ക് ഫോഴ്‌സ് കുറവായതുകൊണ്ട് തന്നെ അവര്‍ക്ക് ജോലിക്കാരെ ആവശ്യമുണ്ട്. സ്വാഭാവികമായും ഏറ്റവും മികച്ച പാര്‍ട്ട് ടൈം കരിയര്‍ സാധ്യതകള്‍ ഇവിടങ്ങളില്‍ ലഭിക്കുകയും ചെയ്യുന്നു. ഒന്റാറോ, മാനിറ്റോബ, സസ്‌കാച്ചെവന്‍ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതയാണ് റിപ്പോര്‍ട്ട്. ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളെ അപേക്ഷിച്ച് ഒട്ടാവ, വിന്നിപെഗ്, ഹാലിഫാക്‌സ് തുടങ്ങിയ ടയര്‍ ടു നഗരങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ തൊഴിലില്ലായ്മയും കുറവാണത്രേ.

Leave a Reply

Your email address will not be published.