യൂറോപ്പില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പോപ്പുലറായി കൊണ്ടിരിക്കുന്ന കേന്ദ്രമാണ് ഫ്രാന്‍സ്. ഫ്രഞ്ച് വിപ്ലവത്തിന് വിത്ത് പാകിയ ഇവിടം വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷവും, തൊഴില്‍ സാധ്യതകളും മുന്നോട്ട് വെക്കുന്നുണ്ട്. ഇന്ത്യയുമായുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം 2030 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തങ്ങളുടെ രാജ്യത്തെത്തിക്കുമെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി തങ്ങളുടെ അക്കാദമിക പ്രോഗ്രാമുകളില്‍ വരെ മാറ്റം വരുത്താനുള്ള പദ്ധതികളും ഫ്രഞ്ച് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഇംഗ്ലീഷ് കരിക്കുലം പ്രോത്സാഹിപ്പിക്കാനുള്ള നീക്കം.
പരമ്പരാഗതമായി ഫ്രഞ്ച് ഭാഷയില്‍ അധിഷ്ഠിതമായ പഠന സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായത് കൊണ്ട് തന്നെ തൊഴില്‍പഠന മേഖലകളില്‍ നൂറ്റാണ്ടുകളായി ഫ്രഞ്ച് അധീശത്വം നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന യുവതയെ സംബന്ധിച്ച് ഫ്രഞ്ച് ഭാഷ ഒരു ബാലികേറാ മലയായി മാറുന്നതും പതിവാണ്. അതുകൊണ്ട് തന്നെ യു.കെ, യു.എസ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേതിന് സമാനമായ വിദ്യാര്‍ഥി കുടിയേറ്റം ഫ്രാന്‍സിലേക്ക് ഉണ്ടായതായി കാണുന്നില്ല.
എന്നാല്‍ യൂറോപ്പിലാകമാനം ഉണ്ടായ വിദ്യാര്‍ഥി കുടിയേറ്റത്തിന്റെ ലാഭം തങ്ങള്‍ക്കും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് സര്‍ക്കാരിപ്പോള്‍. ഇതിനായാണ് യൂണിവേഴ്‌സിറ്റി തലങ്ങളില്‍ ഫ്രഞ്ച് ഭാഷ പ്രോത്സാഹിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നത്. ഇതിലൂടെ ഇന്ത്യയില്‍ നിന്നടക്കമുള്ള വൈവിദ്യമാര്‍ന്ന കുടിയേറ്റ സമൂഹത്തിനെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ കണക്കാക്കുന്നത്. അതേസമയം പൂര്‍ണ്ണമായും ഫ്രഞ്ച് ഭാഷ ഒഴിവാക്കാനുള്ള ശ്രമമൊന്നും ഫ്രാന്‍സ് നടപ്പാക്കില്ല. പകരം ഇംഗ്ലീഷ് കൂടി കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് ചുരുക്കം.
ലോകോത്തര യൂണിവേഴ്‌സിറ്റികള്‍
അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഫ്രഞ്ച് യൂണിവേഴ്‌സിറ്റികള്‍. ലോകോത്തര നിലവാരവും, ചരിത്ര പ്രസിദ്ധിയാര്‍ജിച്ചതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഫ്രാന്‍സിലുള്ളത്. അല്ലെങ്കിലും യൂറോപ്പിന്റെ ചരിത്രത്തില്‍ അവിഭാജ്യ ഘടകമായി എല്ലാ കാലത്തും നിലനിന്നിരുന്ന രാജ്യമാണല്ലോ ഫ്രാന്‍സ്. വൈവിദ്യമാര്‍ന്ന പ്രോഗ്രാമുകളും, ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും, ഫാക്കല്‍റ്റികളും, ഗവേഷണ സാധ്യതകളും ഫ്രഞ്ച് യൂണിവേഴ്‌സിറ്റികളുടെ മുഖമുദ്രയാണ്. അത്തരത്തില്‍ ക്യൂ.എസ് വേള്‍ഡ് റാങ്കിങ് പ്രകാരം ഫ്രാന്‍സിലെ മികച്ച സര്‍വകലാശാലകളുടെ പട്ടിക നമുക്കൊന്ന് പരിശോധിക്കാം.
- പി.എസ്.എല്‍ യൂണിവേഴ്‌സിറ്റി
സെന്‍ട്രല്‍ പാരീസില്‍ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി പി.എസ്.എല്‍ ആണ് പട്ടികയില്‍ ആദ്യത്തേത്. ആഗോള യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ 24ാം സ്ഥാനത്തുള്ള വിദ്യാഭ്യാസ സ്ഥാപനമാണിത്. ഫ്രാന്‍സിന്റെ സ്വകാര്യ അഹങ്കാരമായ ഇവിടം ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ്, ബിസിനസ് ആന്റ് മാനേജ്‌മെന്റ്, എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സസ് ആന്റ് മാനേജ്‌മെന്റ് എന്നിവയില്‍ വൈവിദ്യങ്ങളായ കോഴ്‌സുകള്‍ വിജയകരമായി നടപ്പാക്കി വരുന്നു.
- Institut Polytechnique de Paris (IP Paris)
ഫ്രാന്‍സിലെ രണ്ടാമത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി പരിഗണിക്കുന്ന ഐ.പി പാരീസില്‍ 8400 വിദ്യാര്‍ഥികളും, 1400 ഫാക്കല്‍റ്റി അംഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ബൃഹത്തായ സര്‍വകലാശാലയാണ്. വിദ്യാര്‍ഥികളില്‍ 41 ശതമാനം പേരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇത് സ്ഥാപനത്തിന്റെ വൈവിദ്യത്തെ സൂചിപ്പിക്കുന്നു.
ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ 46ാം സ്ഥാനത്താണ് ഐ.പി പാരീസ് ഉള്ളത്. ഇംഗ്ലീഷിലും, ഫ്രഞ്ചിലും പഠനം നടത്തുന്ന സ്ഥാപനത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പ്രോഗ്രാമുകള്‍ക്ക് പ്രസിദ്ധമാണ്.
- Sorbonne Universtiy
ആഗോള യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ 63ാം സ്ഥാനമാണ് സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിക്കുള്ളത്. ആര്‍ട്‌സ്, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, നച്ചുറല്‍ സയന്‍സ്, എഞ്ചിനീയറിങ്, മെഡിസിന്‍ പഠനങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥാപനമാണിത്. ഇതിന് പുറമെ വൈവിദ്യമാര്‍ന്ന ഗവേഷണ പ്രോഗ്രാമുകളും മുന്നോട്ട് വെക്കുന്നു.
- Université ParisSaclay
ബിരുദം തലം മുതല്‍ പി.എച്ച്.ഡി വരെ ലോകോത്തര നിലവാരമുള്ള പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന മറ്റൊരു സ്ഥാപനമാണിത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 10,200 അന്താരാഷ്ട്ര വിദ്യാര്‍ഥികളും, 4400 ഗവേഷണ വിദ്യാര്‍ഥികളും ഇവിടെ പഠനം നടത്തുന്നുണ്ട്. ആഗോള യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ 73ാം സ്ഥാനത്താണ്
Université ParisSaclay സ്ഥാനം.
- École Normale Supérieure de Lyon (ENS de Lyon)
ലിസ്റ്റില്‍ അഞ്ചാമതുള്ള വിദ്യാഭ്യാസ സ്ഥാപനമാണിത്. വേള്‍ഡ് റാങ്കിങ്ങില്‍ 187ാം റാങ്കുള്ള ഫ്രാന്‍സിലെ തന്നെ പ്രധാനപ്പെട്ട സര്‍വകലാശാലയാണിത്. മെഡിക്കല്‍, കെമിസ്ട്രി, ഹ്യൂമന്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങള്‍ക്കും, ഗവേഷണ പ്രോഗ്രാമുകള്‍ക്കും പ്രസിദ്ധമാണിവിടം.
ഇനി ജീവിതച്ചെലവിന്റെ കാര്യമെടുത്താല്‍ വന്‍ പട്ടണങ്ങളെ അപേക്ഷിച്ച് മറ്റ് നഗരങ്ങളില്‍ താരതമ്യേന കുറഞ്ഞ ചെലവാണുള്ളത്. യൂണിവേഴ്‌സിറ്റി ലിവിംഗില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച് പാരീസ് നഗരത്തിലെ ജീവിതച്ചെലവ് പ്രതിമാസം 1,200 യൂറോയാണ്. അതായത് 1.07 ലക്ഷം ഇന്ത്യന്‍ രൂപ വരെ കണക്കാക്കാം. അതേസമയം ഫ്രാന്‍സിലെ മറ്റ് പ്രദേശങ്ങളില്‍ 600 യൂറോ (53,718 രൂപ), 800 യൂറോ (71,632 രൂപ) വരെ താങ്ങാവുന്ന ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
Leave a Reply