വിദേശ പഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള മികച്ച മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍

Home Colleges Foreign Education വിദേശ പഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള മികച്ച മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍
വിദേശ പഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള മികച്ച മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍

ഭാരിച്ച ട്യൂഷന്‍ ഫീസുകളാണ് വിദേശ പഠനം സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിന് പുറമെ ജീവിതച്ചെലവ്, യാത്രച്ചെലവ്, താമസച്ചെലവ്, ഭക്ഷണം തുടങ്ങിയ നൂലാമാലകള്‍ വേറെ. നമ്മുടെ രാജ്യത്തേതിന് വിപരീതമായി ഉയര്‍ന്ന ജീവിതച്ചെലവാണ് പടിഞ്ഞാറന്‍ നാടുകളിലുള്ളത്. ഒരു അസുഖം ആശുപത്രിയില്‍ ചികിത്സ തേടണമെങ്കില്‍ തന്നെ പോക്കറ്റ് കാലിയാവുമെന്ന് ചുരുക്കം.

ഈ ഘട്ടത്തില്‍ പല വിദ്യാര്‍ഥികളും തങ്ങളുടെ ഉപരിപഠന സ്വപ്‌നങ്ങള്‍ മാറ്റി വെക്കാറാണ് പതിവ്. എങ്കില്‍ ഈ പ്രതിസന്ധിക്ക് എന്താണൊരു പരിഹാരം?

പഠന കാലയളവില്‍ തന്നെ ചെറു ജോലികള്‍ ചെയ്ത് പണം കണ്ടെത്തലാണ് ഒരു മാര്‍ഗം. അത്തരത്തില്‍ പാര്‍ട്ട് ടൈം ജോലികള്‍ നേടി പഠനം മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി വിദ്യാര്‍ഥികള്‍ നമുക്കിടയിലുണ്ട്. പല രാജ്യങ്ങളും വിദേശ വിദ്യാര്‍ഥികളുടെ പാര്‍ട്ട് ടൈം ജോലികള്‍ പ്രോത്സാഹിപ്പിക്കാറുമുണ്ട്.

മറ്റൊരു മാര്‍ഗം സ്‌കോളര്‍ഷിപ്പുകളാണ്. മിക്ക യൂണിവേഴ്‌സിറ്റികളും അന്താരാഷ്ട വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ നല്‍കി വരുന്നുണ്ട്. നമ്മുടെ പഠനത്തിനും, മറ്റ് ചെലവുകള്‍ക്കുമായി മിച്ചം വെക്കാവുന്ന തുകയാണ് ഇത്തരത്തില്‍ ഫെല്ലോഷിപ്പുകളും, സ്‌കോളര്‍ഷിപ്പുകളുമായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. പഠനത്തിനായി യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ ലക്ഷ്യം വെക്കുക. അത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി നല്‍കി വരുന്ന മികച്ച മൂന്ന് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ നമുക്കൊന്ന് പരിശോധിക്കാം.

  1. ചെവനിങ് സ്‌കോളര്‍ഷിപ്പ്

യു.കെ ഗവണ്‍മെന്റിന് കീഴില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. അക്കാദമിക മികവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നത്. ഇതുവഴി യുകെയില്‍ ഒരു വര്‍ഷത്തെ പിജിക്ക് വിദ്യാര്‍ഥികള്‍ക്ക് അവസരം നേടാം. ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ വര്‍ക്ക് എക്‌സ്പീരിയന്‍സ് ആണ് പ്രധാന മാനദണ്ഡം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.chevening.org/scholarship/india/

  1. ഫുള്‍ബ്രൈറ്റ് നെഹ്‌റു മാസ്റ്റേഴ്‌സ് ഫെലോഷിപ്പ്

യു.എസില്‍ ഉപരിപഠനം ലക്ഷ്യം വെക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ചൊരു ഓപ്ഷനാണ് ഫുള്‍ബ്രൈറ്റ് നെഹ്‌റു മാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ്. 55 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. ഇത് യു.എസിലെ ബാച്ചിലര്‍ ബിരുദത്തിന് തുല്യമായിരിക്കണം. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രൊഫഷണല്‍ പരിചയവും ഫെല്ലോഷിപ്പിന്റെ യോഗ്യതമാനദണ്ഡമാണ്.

വിദ്യാര്‍ഥികളുടെ യാത്ര, താമസം, പഠനം, വിസ, ഇന്‍ഷുറന്‍സ് തുടങ്ങിയ ഒട്ടുമിക്ക ഘടകങ്ങളും സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടും. എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ്, ഇക്കണോമിക്‌സ്, രാജ്യാന്തര വിനിമയം, ജേര്‍ണലിസം, ജനറല്‍ സ്റ്റഡീസ്, വുമന്‍ സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളില്‍ ഫെല്ലോഷിപ്പ് ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക: https://usief.org.in/FulbrightNehruFellowships.aspx

  1. ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്പ്

ലിസ്റ്റില്‍ മൂന്നാമതുള്ള സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമാണ് ഇന്‍ലാക്‌സ് ശിവദാനി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്. മുഴുവന്‍ സമയ മാസ്റ്റര്‍, എം.ഫില്‍ കോഴ്‌സുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ഇതോടൊപ്പം യു.കെ, യൂറോപ്പ്, യു.എസ് എന്നിവിടങ്ങളിലെ പ്രമുഖ സര്‍വകലാശാലകളിലെ ഡോക്ടറല്‍ പ്രോഗ്രാമുകള്‍ക്കും സ്‌കോളര്‍ഷിപ്പിന് അവസരമുണ്ട്. മെറിറ്റ് അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുക.

30 വയസില്‍ താഴെയുള്ള ഇന്ത്യന്‍ പൗരരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവുക. രാജ്യത്തെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.

Leave a Reply

Your email address will not be published.