സമീപ കാലത്ത് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിപ്പാര്‍ത്ത രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ കാനഡ എന്നായിരിക്കും ഉത്തരം. ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് നേരത്തേ തന്നെ കുടിയേറ്റം ഉണ്ടായിരുന്നുവെങ്കിലും കൊവിഡിന് ശേഷം പഠനത്തിനും ജോലിക്കുമായി നിരവധി പേരാണ് കൂട്ടത്തോടെ കാനഡയിലേക്ക് പറന്നത്. എന്നാല്‍ ഇതിലധികം പേരും ലക്ഷ്യമിട്ടത് ഉപരിപഠനം പൂര്‍ത്തിയാക്കി പിആറും ലഭിച്ച് കാനഡയില്‍ ജീവിതം സുരക്ഷിതമാക്കാം എന്നതായിരുന്നു
കുടിയേറ്റ നിയമങ്ങള്‍ ലളിതമാണെന്നും ജോലി സാധ്യതയും ജീവിത സാഹചര്യവും ഉയര്‍ന്നതാണെന്നതും കാനഡയിലേക്ക് ആളുകള്‍ ഒഴുകാന്‍ കാരണമായി. ഇന്ത്യയില്‍ നിന്ന് മാത്രമല്ല മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് കാനഡയിലേക്ക് കുടിയേറിയത്. എന്നാല്‍ കുടിയേറ്റം വര്‍ധിച്ചതോടെ കാനഡയിലെ സാഹചര്യങ്ങള്‍ പാടെ മാറി, തൊഴില്‍ പ്രതിസന്ധി, താമസ സൗകര്യങ്ങളിലെ അപര്യാപ്തത എന്നിവയെല്ലാം കടുത്ത പ്രശ്‌നങ്ങളിലേക്ക് നയിച്ചു. ഇത് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിന് കാരണമായി.
എന്നാല്‍ സാഹചര്യം അനിയന്ത്രിതമായതോടെ കുടിയേറ്റം പിടിച്ചുകെട്ടാനുള്ള നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് കാനഡ. അടുത്ത കാലത്തായി സ്റ്റുഡന്റ് പെര്‍മിറ്റ് അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ പല നിയന്ത്രണങ്ങളും രാജ്യം നടപ്പാക്കിയിരുന്നു. ഇപ്പോഴിതാ നവംബര്‍ 1 മുതല്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ളവയ്ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് രാജ്യം.
പ്രധാന മാറ്റങ്ങള്‍
പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റിന് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷിലോ ഫ്രഞ്ചിലോ മിനിമം പ്രാവീണ്യം ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം വെയ്ക്കുന്നത്. യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ കനേഡിയന്‍ ബെഞ്ച് മാര്‍ക്ക് ലെവല്‍ സ്‌കോര്‍ 7 നേടിയിരിക്കണം (അതായത് ഐഇഎല്‍ടിഎസ് പ്രകാരം ബാന്റ് സ്‌കോര്‍ 6). കോളേജ് വിഥ്യാര്‍ത്ഥികള്‍ക്ക് ഇത് 5 ആയിരിക്കും. ഇത് വിദ്യാര്‍ത്ഥികളെ പെര്‍മനന്റ് റെസിഡന്‍സി (പിആര്‍) നേടിയെടുക്കുന്നതിനായി സഹായിക്കും. ഇത്തരത്തില്‍ നിയമങ്ങള്‍ ശക്തമാക്കുന്നത് വഴി അപേക്ഷകരുടെ എണ്ണം 175,000 എങ്കിലും കുറക്കാന്‍ സാധിക്കുമെന്നാണ് കനേഡിയന്‍ സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍
രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം നിലവില്‍ 6.5 ശതമാനമാണ്. സര്‍ക്കാര്‍ ഇത് 5 ശതമാനമായി കുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം. നവംബര്‍ 1 ന് പുറത്തിറക്കുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കുടിയേറ്റ നടപടികള്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുകയും കൂടി ലക്ഷ്യം വെച്ചുള്ള വിശാല പദ്ധതികള്‍ ഉള്‍പ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പങ്കാളികള്‍ക്കുള്ള വിസ (സ്പൗസല്‍ വിസ) അനുവദിക്കുന്നതിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും. എന്‍ജിനയര്‍, എക്‌സിക്യൂട്ടീവ്, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങി ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ പങ്കാളികള്‍ക്ക് മാത്രമായിരിക്കും നവംബര്‍ ഒന്ന് മുതല്‍ വിസ അനുവദിക്കുക. എന്നാല്‍ നിര്‍മ്മാണം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്ക് വിസ അനുവദിക്കുന്നത് തുടരും എന്ന് തന്നെയാണ് നിലിവിലെ സര്‍ക്കാര്‍ തീരുമാനം.
കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കി പങ്കാളി വിസകളുടെ എണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100,000 കുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്ന് അടക്കമുള്ള നിരവധി വിദ്യാര്‍ത്ഥികളുടെ കാനഡയെന്ന മോഹത്തിന് കരിനിഴല്‍ വീഴുകം. മാത്രമല്ല വിദേശ പഠനത്തിന് മറ്റ് രാജ്യങ്ങളില്‍ ഫീസ് ഏറെയാണെന്നത് ഭൂരിഭാഗം വിദ്യാര്‍ത്ഥികളേയും പ്രതിസന്ധിയിലാക്കിയേക്കും.
Leave a Reply