റിസർച്ച് അസോസിയേറ്റ് ആകാം ഇപ്പോൾ അപേക്ഷിക്കു; മാസം 55000 രൂപ ശമ്പളം

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻ്റെ കീഴിലുള്ള ബയോടെക്നോളജി (ഡി.ബി.ടി.) വകുപ്പ് നൽകുന്ന റിസർച്ച് അസോസിയേറ്റ്ഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യുവഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പരിശീലനം നൽകികൊണ്ട് ബയോളജി, ബയോടെക്നോളജി മേഖലകളിൽ മികച്ച മനുഷ്യവിഭവശേഷി രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിത്.

രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങൾ, സർവകലാശാലകൾ, നോൺപ്രോഫിറ്റ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ വഴിയാകും പദ്ധതി നടപ്പിലാക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷം പദ്ധതിയിൽ തുടരാനാകും. ആദ്യവർഷത്തിന് ശേഷം ഗവേഷണപുരോഗതിയുടെ വിലയിരുത്തലുണ്ടാകും. അസാധാരണ ഗവേഷണമികവും പുരോഗതിയും പ്രകടിപ്പിക്കുന്നവർക്ക് നാലുവർഷം വരെ കാലാവധി നീട്ടാൻ സാധ്യതയുണ്ട്.

55,000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പൻഡ്. 50,000 രൂപ പ്രതിവർഷ റിസർച്ച് കണ്ടിജൻസി ഗ്രാന്റായും ലഭിക്കും. മൈനർ എക്വിപ്മെൻ്റ്, കൺസ്യൂമബിൾസ്, കണ്ടിജൻസീസ്, ഡൊമസ്റ്റിക് ട്രാവൽ എന്നിവയ്ക്ക് ഗ്രാന്റ് ഉപയോഗിക്കാം. കൂടാതെ എച്ച്.ആർ.എ.യും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അതേസമയം സീനിയർ ശാസ്ത്രജ്ഞരുടെ മെൻ്ററിങ് ലഭിക്കാനും അവരുടെ ആധുനിക ഗവേഷണസജ്ജീകരണങ്ങൾ ഉപയോഗിക്കാനുമുള്ള അവസവും ലഭിച്ചേക്കാം.

യോ​ഗ്യതകൾ
അപേക്ഷകർക്ക് സയൻസ്/എൻജിനിയറിങ് മേഖലയിലെ പിഎച്ച്.ഡി. ബിരുദമോ, മെഡിസിനിലെ ഏതെങ്കിലും മേഖലയിലെ എം.ഡി./എം.എസ്. ബിരുദമോ ആവശ്യമാണ്. കൂടാതെ ബയോടെക്നോളജി, ലൈഫ് സയൻസസ് മേഖലകളിൽ ഗവേഷണതാത്പര്യം, മികച്ച അക്കാദമിക് ചരിത്രം എന്നിവയും വേണം.

പിഎച്ച്.ഡി./എം.ഡി./എം.എസ്. തിസീസ് നൽകിയവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം ഉയർന്ന പ്രായപരിധി 3.1.2025ന് പുരുഷൻമാർക്ക് 40ഉം വനിതകൾക്ക് 45ഉം ആയിരിക്കും.

അപേക്ഷ സംബന്ധിച്ച വിവരങ്ങൾ
വിശദമായ വിജ്ഞാപനം dbtindia.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് (ലേറ്റസ്റ്റ് അനൗൺസ്മെൻ്റ്). വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ജനുവരി മൂന്നുവരെ അപേക്ഷകൾ സമർപ്പിക്കാം. വിശദ വിവരങ്ങൾക്കും സഹായങ്ങൾക്കും: ra.dbt@rch.res.in | 0129 2848531 : www.myscheme.gov.in/schemes/ra

Leave a Reply

Your email address will not be published. Required fields are marked *