ന്യൂനപക്ഷ വകുപ്പ് കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കായി നല്കുന്ന വിദേശപഠന സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ലോക റാങ്കിങ്ങില്‍ ഉള്‍പ്പെടുന്ന സര്‍വകലാശാലകളില്‍ 2024-25 അധ്യായന വര്‍ഷം, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നീ പ്രോഗ്രാമുകളില്‍ പ്രവേശനം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. വിദേശ നാടുകളിലെ പഠനത്തിനായി രാജ്യത്തെ ദേശസാല്‍കൃത / ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ കേരള സ്റ്റേറ്റ് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നോ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് ലോണ്‍ സബ്സിഡിയായാണ് സ്കോളര്‍ഷിപ്പ് നല്‍കുക.
യോഗ്യത
അപേക്ഷകർ ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, ജൈന, പാഴ്സി, ബുദ്ധ മതിവിഭാഗങ്ങളില് ഉള്‍പ്പെട്ടവരായിരിക്കണം. ജനസംഖ്യാനുപാതത്തിലാണ് ഇവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക. 2024-25 അധ്യായന വര്‍ഷത്തില്‍ പ്രവേശനം ലഭിച്ചവരില്‍ വേണ്ടത്ര അപേക്ഷകരില്ലെങ്കില്‍ 2023-24 അധ്യായന വര്‍ഷത്തില്‍ പ്രവേശനം ലഭിച്ചവരെയും സ്കോളർഷിപ്പിന് പരിഗണിക്കും. അപേക്ഷകരായ വിദ്യാര്‍ഥികള്‍ വിദേശ പഠനത്തിനായി വായ്പ ലഭിച്ചവരായിരിക്കണം. ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ബിപിഎല്‍ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ള എപിഎല്‍ വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്.
അപേക്ഷനും മാതാപിതാക്കളും കേരളത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. കൂടാതെ ഒരു കുടുംബത്തിലെ ഒരാളെ മാത്രമേ, ഒരേസമയം സ്കോളര്‍ഷിപ്പിന് പരിഗണിക്കുകയുള്ളു. പഠോ പര്‍ദേശ് എന്ന സര്‍ക്കാര്‍ പദ്ധതി മുഖേന ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ സ്കീമിന് അര്‍ഹതയില്ല. കൂടാതെ അപേക്ഷകരുടെ പ്രായപരിധി 35 വയസില്‍ താഴെ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് കാലയളവില്‍ 5 ലക്ഷം രൂപവരെ സ്കോളര്‍ഷിപ്പായി ലഭിക്കും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം പൂരിപ്പിച്ച് ഡിസംബര്‍ 16ന് മുന്‍പായി ഫോമിന്റെ പ്രിന്റൗട്ട് നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ എത്തിക്കണം.
ഡയറക്ടര്‍,
ന്യൂനപക്ഷ ക്ഷമവകുപ്പ്
നാലാം നില, വികാസ് ഭവന്
തിരുവനന്തപുരം- 33