സർക്കാർ അല്ലെങ്കിൽ സ്വകാര്യ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) സുവർണ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഇൻഡസ്ട്രിയൽ ട്രെയിനിങ് സ്ഥാപനങ്ങളിലും നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങുമായി (എൻസിവിടി) അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ് കേന്ദ്രങ്ങളിലുമുള്ള ടെക്നിക്കൽ, വൊക്കേഷണൽ കോഴ്സുകളും 12-ാം ക്ലാസിനു ശേഷമുള്ള ഇന്റഗ്രേറ്റഡ് കോഴ്സുകളും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനാവുക.
എൽഐസി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് സ്കീം രണ്ട് തരത്തിലാണുള്ളത് ജനറൽ സ്കോളർഷിപ്പ്, പെൺകുട്ടികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പ് എന്നിങ്ങനെ. 2024 ഡിസംബർ 22 ആണ് സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത
പന്ത്രണ്ടാം ക്ലാസ്
2021-22, 2022-23, അല്ലെങ്കിൽ 2023-24 അധ്യയന വർഷങ്ങളിൽ കുറഞ്ഞത് 60% മാർക്കോടെയോ തത്തുല്യമായ സിജിപിഎയോ കൂടി പന്ത്രണ്ടാം ക്ലാസ് (അല്ലെങ്കിൽ തത്തുല്യം) പാസായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ വഴി മെഡിസിൻ, എഞ്ചിനീയറിംഗ്, അല്ലെങ്കിൽ ഏതെങ്കിലും ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ വൊക്കേഷണൽ കോഴ്സ് തുടങ്ങിയ മേഖലകളിലെ ഒന്നാം വർഷ ബിരുദ കോഴ്സിന് 2024-25 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർഥികളായിരിക്കണം. മാതാപിതാക്കളുടെ അല്ലെങ്കിൽ രക്ഷിതാക്കളുടെ വാർഷിക വരുമാനം 2,50,000 രൂപയിൽ കൂടരുത്.
10-ാം ക്ലാസ്
കുറഞ്ഞത് 60% മാർക്കോടെ (അല്ലെങ്കിൽ തത്തുല്യം) അല്ലെങ്കിൽ അതേ അധ്യയന വർഷങ്ങളിൽ തത്തുല്യമായ സിജിപിഎ ഓടു കൂടി പത്താം ക്ലാസ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങൾ മുഖേന ഒന്നാം വർഷ വൊക്കേഷണൽ അല്ലെങ്കിൽ ഡിപ്ലോമ കോഴ്സുകൾക്ക് 2024-25 അധ്യയന വർഷത്തിൽ പ്രവേശനം നേടിയിരിക്കണം. മാതാപിതാക്കളുടെ അല്ലെങ്കിൽ രക്ഷിതാക്കളുടെ വാർഷിക വരുമാനം 2,50,000 രൂപയിൽ കൂടരുത്.
പെൺകുട്ടികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പ്
നിശ്ചിത അധ്യയന വർഷങ്ങളിൽ കുറഞ്ഞത് 60% മാർക്കോടെയോ തത്തുല്യമായ സിജിപിഎയോടെയോ പത്താം ക്ലാസ് (അല്ലെങ്കിൽ തത്തുല്യം) പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങൾ മുഖേന രണ്ട് വർഷത്തേക്ക് ഇന്റർമീഡിയറ്റ്/10+2 പാറ്റേൺ, വൊക്കേഷണൽ അല്ലെങ്കിൽ ഡിപ്ലോമ കോഴ്സുകളുടെ ഒന്നാം വർഷത്തിൽ ഉന്നത പഠനത്തിന് 2024-25 അധ്യയന വർഷത്തിൽ പ്രവേശനം നേടിയിരിക്കണം. മാതാപിതാക്കളുടെയോ അല്ലെങ്കിൽ രക്ഷിതാക്കളുടെയോ വാർഷിക വരുമാനം 2,50,000 രൂപയിൽ കവിയാൻ പാടില്ല.
അപേക്ഷ
https://licindia.in എന്ന ലിങ്ക് വഴി ഓൺലൈനിലൂടെ മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയൂ. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം, സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടാൽ അപേക്ഷയിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ മറുപടി ലഭിക്കും.