അമേരിക്കന്‍ കോണ്‍സുലേറ്റിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

എല്ലാവരുടെയും സ്വപ്‌നമാണ് നല്ലൊരു ജോലി. നല്ല ശമ്പളമുള്ള ജോലിയാണെങ്കിലോ പണമുള്ളവനേ വിലയുള്ളൂ എന്നൊക്കെ പറയുന്നത് അക്ഷരംപ്രതി ശരിയാണെന്ന് ജീവിതംകൊണ്ട് ബോധ്യമായവര്‍ തന്നെയാകും അധികവും. നല്ല ശമ്പളമുള്ള ജോലിയാണ് ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്.

അമേരിക്കന്‍ കോണ്‍സുലേറ്റിലാണ് ജോലി, ആഴ്ചയില്‍ 40 മണിക്കൂറാണ് ജോലി സമയം. എത്തിപ്പിടിക്കാന്‍ പറ്റാത്ത യോഗ്യതയൊന്നും ആവശ്യമില്ല. പക്ഷേ, ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസാരിക്കാൻ കഴിയണം, എഴുതാനും. കൂടാതെ ഹിന്ദിയും ഉറുദുവും അറിഞ്ഞാല്‍ വളരെ നല്ലത്.

ഇന്ത്യയില്‍ നാല് കോണ്‍സുലേറ്റുകളാണ് അമേരിക്കക്കുള്ളത്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണവ. ഹൈദരാബാദ് കോണ്‍സുലേറ്റിലാണ് ജോലി ഒഴിവുള്ളത്. നോണ്‍ ഇമിഗ്രന്റ് വിസ അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഫുള്‍ടൈം വിഭാഗത്തിലാണ് ജോലി. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യേണ്ടതായി വരും.

യോ​ഗ്യതകൾ

ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കണം. ഇംഗ്ലീഷ് ഭാഷ ഭംഗിയായി കൈകാര്യം ചെയ്യാനാകണം. ഓഫീസ് കാര്യങ്ങളെല്ലാം ഇംഗ്ലീഷില്‍ ആയിരിക്കും. തെലുഗ്, ഹിന്ദി, ഉറുദു, ഒറിയ എന്നീ ഭാഷകളില്‍ ഏതെങ്കിലും ഒന്ന് നന്നായി അറിഞ്ഞിരിക്കണം. മറ്റുള്ളവരുമായി മികച്ച രീതിയില്‍ ഇടപഴകാനും സംസാരിക്കാന്‍ കഴിയണം. മൈക്രോ സോഫ്റ്റ് ഓഫീസ് ടൂള്‍സ് (വേഡ്, എക്‌സെല്‍, പവര്‍ പോയന്റ്, ഔട്ട്‌ലുക്ക്) എന്നിവയില്‍ നല്ല അറിവ് ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വൈദ്യപരിശോധനയും, സുരക്ഷാ പരിശോധനയും ഉണ്ടാകും, അതിനെല്ലാം ശേഷമായിരിക്കും ജോലി ലഭിക്കുക.

ശമ്പളം

911851 രൂപ വാര്‍ഷിക ശമ്പളമായി കിട്ടും. അതായത്, ഏകദേശം മുക്കാല്‍ ലക്ഷം രൂപയില്‍ അധികം പ്രതിമാസം ശമ്പളം കിട്ടും. കൂടാതെ മറ്റു ആനുകൂല്യങ്ങളും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, താമസ രേഖ, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, വര്‍ക്ക് പെര്‍മിറ്റ്, ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ജോലിക്കുള്ള അപേക്ഷ നല്‍കുമ്പോള്‍ സമര്‍പ്പിക്കണം.

അപേക്ഷ

ഉദ്യോ​ഗാർത്ഥികൾ അമേരിക്കയുടെ ഹൈദരാബാദ് കോണ്‍സുലേറ്റിന്റെ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ വിശദ വിവരങ്ങള്‍ ലഭിക്കും. ഡിസംബര്‍ 26 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Leave a Reply

Your email address will not be published. Required fields are marked *