രാജ്യത്തുടനീളം നിരവധി അവസരങ്ങളുമായി എസ്ബിഐ; ഇപ്പോൾ അപേക്ഷിക്കാം

എസ്ബിഐ രാജ്യത്തുടനീളമുള്ള വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ പ്രഖ്യാപിച്ചു. ക്ലര്‍ക്കില്‍ കേഡറിന് കീഴില്‍ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയിലേക്കുള്ള ഒഴിവുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 13735 ഒഴിവുകളാണ് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 500 ലേറെ ഒഴിവുകളാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സംസ്ഥാനത്തേയോ കേന്ദ്രഭരണ പ്രദേശത്തേയോ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കു. ഒരു പ്രത്യേക സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആ പ്രദേശത്തെ നിര്‍ദ്ദിഷ്ട പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ളവരായിരിക്കണം. കൂടാതെ തിരഞ്ഞെടുക്കല്‍ പ്രക്രിയയുടെ ഭാഗമായി പ്രാദേശിക ഭാഷാ പരിജ്ഞാനത്തിനായുള്ള ടെസ്റ്റും സംഘടിപ്പിക്കും.

ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയ ശേഷം ബാങ്കില്‍ ചേരുന്നതിന് മുമ്പായിരിക്കും ഈ ടെസ്റ്റ് നടത്തുക. ഈ പരീക്ഷയില്‍ പരാജയപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുന്നതല്ല. 2025 ജനുവരി 7 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (sbi.co.in) സന്ദര്‍ശിക്കാവുന്നതാണ്.

പ്രായപരിധി & ഫീസ്
അപേക്ഷകരുടെ പ്രായപരിധി 20 നും 28 നും ഇടയില്‍ ആയിരിക്കണം. ജനറല്‍/ഒ ബി സി/ഇ ഡബ്ല്യു എസ് വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി, എക്‌സ് എസ്, ഡി എക്‌സ് എസ് എന്നി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷ ഫീസില്ല. 2025 ഫെബ്രുവരി മാസത്തിാണ് പ്രിലിമിനറി പരീക്ഷ. മെയിന്‍ പരീക്ഷ 2025 മാര്‍ച്ച്/ഏപ്രിലിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

ജൂനിയര്‍ അസോസിയേറ്റ് ആയി നിയമിതനാകുന്ന ഉദ്യോഗാര്‍ത്ഥി കുറഞ്ഞത് 6 മാസം പ്രൊബേഷനില്‍ ആയിരിക്കും. പ്രൊബേഷന്‍ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് പുതുതായി റിക്രൂട്ട് ചെയ്ത ജീവനക്കാരുടെ പ്രകടനം വിലയിരുത്തുകയും പുരോഗതിയില്ലാത്ത ജീവനക്കാരുടെ പ്രൊബേഷന്‍ കാലയളവ് നീട്ടുകയും ചെയ്യും.

അപേക്ഷകന് ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി (ഐഡിഡി) സര്‍ട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഐഡിഡി പാസാകുന്ന തീയതി ഡിസംബര്‍ 31 അല്ലെങ്കില്‍ അതിനുമുമ്പോ ആണെന്ന് ഉറപ്പാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *