പോളണ്ടിനെപ്പറ്റി കേൾക്കാത്ത മലയാളികൾ ഇല്ല. ‘സന്ദേശം’ സിനിമയിലെ ഡയലോഗായും ട്രോളായും ടിഷർട്ടിലെ തട്ടു പൊളിപ്പൻ ക്യാപ്ഷനായുമെല്ലാം പോളണ്ട് എന്ന മധ്യ യൂറോപ്യൻ രാജ്യം നമുക്കു വളരെ പരിചിതമാണ്. എന്നാൽ, ലോജിസ്റ്റിക്സിൽ ഒരു മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ലോകത്തിൽ വച്ച് ഏറ്റവും മികച്ച അവസരങ്ങൾ ഒരുക്കുന്ന ഒരു രാജ്യമാണ് പോളണ്ട് എന്ന കാര്യം പലർക്കും അറിയില്ല.
യൂറോപ്യൻ ഭൂഖണ്ഡത്തിൻ്റെ ഒത്ത നടുക്കായി സ്ഥിതിചെയ്യുന്നതാണ് പോളണ്ടിനെ ഒരു മികച്ച ലോജിസ്‌റ്റിക്‌സ് ഹബ്ബാക്കി മാറ്റുന്നത്. യൂറോപ്പിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിൽ നിന്നെല്ലാം ഏതാണ്ട് ഒരേ ദൂരത്തിലാണ് പോളണ്ട് സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായ ഈ അനുകൂല സാഹചര്യം പോളണ്ടിൽ ഒട്ടേറെ ലോജിസ്റ്റിക് സാധ്യതകൾ തുറന്നിടുന്നു.
ലോജിസ്റ്റിക്സിനു ലഭിക്കുന്ന പ്രാധാന്യം കൂടാതെ ജീവിതച്ചെലവാണ് പോളണ്ടിനെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം. സ്കാൻഡിനേവിയൻ, നോർഡിക് രാജ്യങ്ങളെ അപേക്ഷിച്ച് പോളണ്ട് പോലുള്ള മധ്യ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ജീവിതച്ചെലവ് വളരെ കുറവാണ്. കുറഞ്ഞ ട്യൂഷൻ ഫീസ്, മറ്റ് ചെലവുകൾ, വലുപ്പമുളള രാജ്യം എന്നിങ്ങനെയുള്ള ഘടകങ്ങൾ പോളണ്ടിനെ ആരും കൊതിക്കുന്ന പഠന, കരിയർ ഇടമാക്കി മാറ്റുന്നു.
പോളണ്ട്,സ്ലൊവേനിയ, സ്ലൊവാക്കിയ എന്നിങ്ങനെയുള്ള രാജ്യങ്ങളിലേക്ക് പഠിക്കാനെത്തുന്നവർക്കു മുന്നിൽ പലപ്പോഴും വെല്ലുവിളി ഉയർത്തുന്നത് വീസ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ്. ഈ രാജ്യങ്ങൾക്കു വിഎഫ്എസിന്റെ വീസ സ്ലോട്ടുകൾ ലഭിക്കുക ബുദ്ധിമുട്ടാണ്. ട്യൂഷൻ ഫീസ് അടച്ച ശേഷമാണ് പല വിദ്യാർഥികളും വീസയ്ക്കായി ബുക്ക് ചെയ്യുന്നത്. ഉയർന്ന ചെലവിൽ ബ്ലാക്ക് മാർക്കറ്റിൽനിന്ന് സ്ലോട്ട് എടുക്കാമെന്ന പ്രതീക്ഷയിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്.
നിർഭാഗ്യവശാൽ ഇതു കിട്ടാതെ വന്നാൽ അടച്ച ട്യൂഷൻ ഫീസ് റീഫണ്ട് ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടും. സർവകലാശാലയിൽ വീസ റെഫ്യൂസൽ ലെറ്റർ നൽകിയാൽ മാത്രമാണ് ഇത് തിരികെ ലഭിക്കുക. ഇത് ആറു മാസം വരെയൊക്കെ അടച്ച ട്യൂഷൻ ഫീസ് സർവകലാശാലകളുടെ കയ്യിലായി പോകാൻ ഇടയാക്കും. ഇത്തരത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ വരാമെന്നതിനാൽ വീസ സ്ലോട്ടിനെപ്പറ്റി വ്യക്‌തമായ ധാരണയുള്ള കൺസൽറ്റന്റുകൾ വഴി മാത്രമേ പോളണ്ട്, സ്ലൊവേനിയ, സ്ലൊവാക്യ പോലുള്ള രാജ്യങ്ങളിലേക്കു പഠിക്കാൻ പോകാനായി തയാറെടുക്കാവുള്ളൂ.
ലിത്വേനിയ എന്ന ഓപ്ഷൻ
പോളണ്ടിൽ ജോലിയും കരിയറും ലക്ഷ്യം വയ്ക്കുന്നവർക്ക് ഇവിടത്തെ സർവകലാശാലകളിൽ പഠിക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ അയൽരാജ്യമായ ലിത്വേനിയയിലും ശ്രമിക്കാം. പോളണ്ടിന്റെ തലസ്‌ഥാനമായ വാഴ്കോയിൽ നിന്ന് ലിത്വേനിയയുടെ തലസ്ഥാനമായ വിൽനിയസിലേക്ക് ഏതാണ്ട് നാലു മണിക്കൂർ യാത്ര മാത്രമാണുള്ളത്. ലിത്വേനിയയിലും പോളണ്ടിൻ്റേതിനു സമാനമായ ഫീസും ജീവിതച്ചെലവും മാത്രമേ ആകുകയുള്ളു. ട്യൂഷൻ ഫീസ് മൂന്നു മുതൽ നാലു ലക്ഷം രൂപ വരെയൊക്കെ ആകാനാമ് സാധ്യത. ജോലി അന്വേഷണത്തിനും ഇൻ്റേൺഷിപ്പിനുമൊക്കെയായി എളുപ്പം പോളണ്ടിലേക്ക് വരാനും സാധിക്കും. നല്ല ക്യുഎസ് റാങ്കിങ്ങുള്ള സർവകലാശാല തിരഞ്ഞെടുത്ത് ലിത്വേനിയയിൽ പഠിച്ചാലും ഭാവി ജീവിതം പോളണ്ടിൽ പടുത്തുയർത്താൻ സാധിക്കും.