തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് വഴി വീണ്ടും അവസരം. ഓസ്ട്രിയയിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെൻ്റാണ് (ജർമ്മൻ B1/B2 പാസ്സായത് മുൻഗണന)നടക്കുന്നത്. “കെയർ വേവ്” എന്ന പേര് നൽകിയിട്ടുള്ള റിക്രൂട്ട്‌മെൻ്റ് പ്രോജക്റ്റ് വഴിയാണ് നിയമനം. ഈ പദ്ധതി വഴി ഇതിനോടകം തന്നെ നിരവധി നഴ്‌സുമാരെ ഓസ്ട്രിയയിലെ വിവിധ ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്ത് കഴിഞ്ഞു.
ബിഎസ്‌സി നഴ്‌സിംഗ് ബിരുദം ആണ് അപേക്ഷകർക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജർമ്മൻ ഭാഷയിലെ പ്രാവീണ്യം അഭികാമ്യമാണ് (A1, A2 അല്ലെങ്കിൽ B1/B2). അല്ലാത്തവർ നിശ്ചിത സമയത്തിനുള്ളിലെ ഭാഷയിലെ പ്രാവീണ്യം തെളിയിക്കണം. ഇൻ്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡെപെക് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം നൽകും.
ഉദ്യോഗാർത്ഥികൾ ഇന്ത്യയിൽ നിന്ന് തന്നെ B1 പാസ്സാകേണ്ടതുണ്ട്. ഓസ്ട്രിയയിൽ എത്തിയതിന് ശേഷം തൊഴിലുടമ സൗജന്യ B2 ലെവൽ പരിശീലനം നൽകും. ഓസ്ട്രിയയിൽ നഴ്സിംഗ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാനും സ്ഥാപനത്തിന്റെ പിന്തുണ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ ഓസ്ട്രിയയിലെ സാൽസ്‌ബർഗിൽ ഉടനീളമുള്ള സീനിയർ റെസിഡൻഷ്യൽ കെയർ ഫെസിലിറ്റികളിലായിരിക്കും ജോലി ചെയ്യേണ്ടി വരിക.
രജിസ്ട്രേഷന് മുമ്പ് 2600 യൂറോയ്ക്കും3100 യൂറോയിക്കും ഇടയിലായിരിക്കും പ്രതിമാസ അടിസ്ഥാന ശമ്പളം. അതായത് 2.76 ലക്ഷം രൂപയിലേറെ ഇന്ത്യന്‍ രൂപ മാസ ശമ്പളമായി ലഭിക്കും. നൈറ്റ് ഡ്യൂട്ടി, ഓൺ-കോൾ ഡ്യൂട്ടി, പൊതു അവധിക്കാല ബോണസ് തുടങ്ങിയവ കൂടാതെയുള്ള ആനുകൂല്യമാണ് ഇത്. രജിസ്ട്രേഷന്‍ പൂർത്തിയാക്കി കഴിഞ്ഞാല്‍ ശമ്പളം 3100 യൂറോയ്ക്കും 4000 യൂറോക്കും മുകളിലായി ഉയരും.
38.5 മണിക്കൂർ ആഴ്ചയിൽ ജോലി ചെയ്യേണ്ടി വരും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് മെഡിക്കൽ ഇൻഷുറൻസ്, പെൻഷൻ ഇൻഷുറൻസ്, കുട്ടികളുടെ ആനുകൂല്യങ്ങൾ, ആവശ്യമെങ്കിൽ സർവീസ് അപ്പാർട്ട്മെൻ്റ് (മൊത്തം ശമ്പളത്തിൽ നിന്ന് കിഴിക്കും), വർഷം മുഴുവനും പൊതുഗതാഗത ടിക്കറ്റ്, പെയിഡ് ഹോളിഡെയ്സ്, സൗജന്യ വിസ, പരമാവധി 800 യൂറോയുടെ സൗജന്യ വിമാന ടിക്കറ്റുകള്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
താൽപ്പര്യമുള്ള അപേക്ഷകർ സിവി, ജർമ്മൻ ഭാഷാ യോഗ്യതയുള്ള സർട്ടിഫിക്കറ്റ് (എന്തെങ്കിലും ഉണ്ടെങ്കിൽ) എന്നിവ gm@odepec.in എന്ന വിലാസത്തിൽ 2024 ഡിസംബർ 31-നോ അതിനുമുമ്പോ അയയ്ക്കുക.