സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസാകാൻ അവസരം. 2500-ഓളം ഒഴിവുകളാണുള്ളത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രൻ്റിസ്‌ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതികവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡിവലപ്‌മെൻ്റ് സെൻ്ററും ചേർന്നാണ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുക. കൊച്ചി മെട്രോ, കൊച്ചിൻ ഷിപ്യാഡ്, ബി.പി.സി.എൽ., കൊച്ചിൻ റിഫൈനറി, ഫാക്ട്‌ട്, ഡി.പി. വേൾഡ്, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങി ഒട്ടേറെ കമ്പനികളിലേക്കാണ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നത്.
യോഗ്യത
ഉദ്യോഗാർത്ഥികൾ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ, ബി.ടെക്., ബി.എ., ബി.എസ്സി., ബി.കോം., ബി.ബി.എ. പാസായി അഞ്ചുവർഷം കഴിയാത്തവരും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവരുമായിരിക്കണം.
അപേക്ഷ
എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്‌തതിനുശേഷം ഇ-മെയിൽ വഴി ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക്ലിസ്റ്റുകളുടെയും അസലും, പകർപ്പുകളും ബയോഡേറ്റയുടെ പകർപ്പുകളും സഹിതം ജനുവരി നാലിന് തൃശ്ശൂർ, നെടുപുഴ വനിതാ പോളിടെക്‌നിക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. രാവിലെ എട്ടുമുതലാണ് അഭിമുഖം.
ഉദ്യോഗാർത്ഥികൾക്ക് ഒന്നിൽകൂടുതൽ സ്ഥാപനങ്ങളിൽ അഭിമുഖത്തിന് പങ്കെടുക്കാം. ഡിസംബർ 30 ആണ് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് സൂപ്പർവൈസറി ഡിവലപ്‌മെൻ്റ് സെന്ററിൽ ഓൺലൈനായി രജിസ്റ്റർചെയ്യേണ്ട അവസാനതീയതി. പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ 31-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക്: www.sdcentre.org എന്ന വെബ്സൈറ്റിലോ, 0484-2556530 എന്ന നമ്പറിലോ ബന്ധപ്പെടുക.