തൊഴില്‍ അന്വേഷകരുടെ ഇഷ്ട സ്ഥലമായി ഇസ്രായേല്‍ മാറുന്നു; കുടിയേറ്റം വർധിക്കുന്നു

ബെംഗളൂരു: കർണാടകയില്‍ നിന്നുള്ള വിദേശ തൊഴില്‍ അന്വേഷകരുടെ ഇഷ്ട്ര സ്ഥലമായി ഇസ്രായേല്‍ മാറുന്നു. തൊഴിലിനായി ഇസ്രായേല്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ വർഷത്തില്‍ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ബെംഗളൂരുവിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസില്‍ (ആർ പി ഒ) നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വർഷം ഉടനീളം ഇസ്രായേലിലേക്കുള്ള തൊഴില്‍ കുടിയേറ്റം ശക്തമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

പല രാജ്യങ്ങളിലേക്കും വിദേശ ജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) നിർബന്ധമാണ്. ഇത്തരത്തില്‍ ഇസ്രായേലിലേക്കുള്ള പി സി സിക്കായി ‌അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവുണ്ടായെന്നാണ് റീജിയണൽ പാസ്‌പോർട്ട് ഓഫീസില്‍ നിന്നുള്ള വിവരങ്ങൾ പറയുന്നു.

‘പടിഞ്ഞാറൻ ഏഷ്യ, ഓസ്‌ട്രേലിയ, യുകെ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് ഞങ്ങള്‍ പി സി സികൾ നൽകുന്നു. എന്നാൽ നിലവിൽ ഇസ്രായേലിലേക്കുള്ള പി സി സികളുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2023-ൽ ഇസ്രായേലിലേക്ക് ആകെ 1576 പി സി സികളാണ് നല്‍കിയതെങ്കില്‍ 2024-ൽ ഇതുവരെ 2200 പേർക്ക് ഞങ്ങൾ സർട്ടിഫിക്കറ്റ് നല്‍കി. കഴിഞ്ഞ വർഷം ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് പി സി സികളുടെ ആവശ്യം വർദ്ധിച്ചത്.’ പാസ്‌പോർട്ട് ഓഫീസർ കൃഷ്ണ കെ പറഞ്ഞു.

2024-ൽ ഇതുവരെ 25000 പേർക്കാണ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നല്‍കിയത്. ഏറ്റവും കൂടുതല്‍ അപേക്ഷകളുണ്ടായത് കുവൈറ്റിലേക്കാണ്. 6000 പേർ കുവൈറ്റ് കുടിയേറ്റത്തിനായി സർട്ടിഫിക്കറ്റ് തേടിയെത്തി. ഓസ്‌ട്രേലിയ 2000, യുകെ 1382 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലേക്കുള്ള അപേക്ഷകരുടെ എണ്ണം.എന്നാൽ, യുകെയിലെ പി സി സി അപേക്ഷകരുടെ എണ്ണം 2023 ലെ 2396 ല്‍ നിന്നും ഈ വർഷം 1382 ആയി കുറഞ്ഞതും ശ്രദ്ധേയമായ കാര്യമാണ്.

2023 നവംബറില്‍ ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ തേടി ഇസ്രായേല്‍ കേന്ദ്ര സർക്കാറിനെ ഔദ്യോഗികമായി സമീപിച്ചിരുന്നു. ഇതിന് ശേഷമാണ് ഇസ്രായേല്‍ കുടിയേറ്റം ശക്തമായത്. 10000 നിർമാണ തൊഴിലാളികളെയും 5000 ആരോഗ്യ പ്രവർത്തകരെയുമായിരുന്നു ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും ഇസ്രായേല്‍ തേടിയത്. ഫലസ്തീനികൾക്കു പകരം ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയെന്ന വലിയ പദ്ധതിയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.

ഇസ്രായേലില്‍ നിർമ്മാണ മേഖലയിലാണ് ഏറ്റവും അധികം തൊഴില്‍ അവസരങ്ങളുള്ളത്. കൂടാതെ വീട്ടുജോലിക്കും കൃഷിയിടങ്ങളിലേക്കും ആളുകളെ ആവശ്യമുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെങ്കിലും മികച്ച വരുമാനം ലഭിക്കുമെന്നതാണ് ഇസ്രായേലിലേക്കുള്ള കുടിയേറ്റത്തിന് തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. ഇസ്രായേലിലേക്ക് ആവശ്യത്തിന് ജോലിക്കാരെ നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെ ഇന്ത്യയും അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *