പുതുവർഷം മുതൽ യുകെ വീസക്ക് ചെലവ് കൂടും; അറിയേണ്ടതെല്ലാം

2025 ജനുവരി മുതൽ, യുകെയിൽ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവക്ക് നിലവിലെ ആവശ്യകതകളേക്കാൾ കുറഞ്ഞത് 11 ശതമാനം കൂടുതൽ സാമ്പത്തിക കരുതൽ ധനം കാണിക്കേണ്ടതായി വരും. പുതിയ നിയമപ്രകാരം ജനുവരി 2 മുതൽ, യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാർഥികൾ ജീവിതച്ചെലവുകൾ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകൾ കാണിക്കേണ്ടതുണ്ട്.

ലണ്ടനിലെ കോഴ്‌സുകൾക്ക് പ്രതിമാസം 1,483 പൗണ്ട് (1.5 ലക്ഷം രൂപ), ലണ്ടന് പുറത്തുള്ള കോഴ്‌സുകൾക്ക് പ്രതിമാസം 1,136 പൗണ്ടുമാണ് തെളിവായി കാണിക്കേണ്ടത്. കൂടാതെ ഒരു വർഷത്തെ മാ‌സ്റ്റേഴ്സ് പ്രോഗ്രാമിന്, ലണ്ടനിൽ മൊത്തം 13,347 പൗണ്ടും (14 ലക്ഷം രൂപ) ലണ്ടന് പുറത്ത് 10,224 പൗണ്ടും തെളിവായി കാണിക്കണം.

വീസ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് കുറഞ്ഞത് 28 ദിവസമെങ്കിലും ഈ ഫണ്ടുകൾ കൈവശം ഉണ്ടായിരിക്കണം. ലണ്ടനിലെ നിലവിലെ ജീവിതച്ചെലവ് പ്രതിമാസം 1,334 പൗണ്ടും മറ്റ് പ്രദേശങ്ങളിൽ 1,023 പൗണ്ടുമാണ്.

വിദഗ്‌ധ തൊഴിലാളി വീസ
ആദ്യമായി വീസക്ക് അപേക്ഷിക്കുന്ന വൈദഗ്‌ധ്യമുള്ള തൊഴിലാളികൾക്ക് ജീവിതച്ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38,700 പൗണ്ട് വരുമാനം ഉണ്ടായിരിക്കണം. കൂടാതെ യുകെ തൊഴിലുടമയുടെ ഹോം ഓഫിസ് അംഗീകരിച്ച സ്പോൺസർഷിപ്പും അവർക്ക് ഉണ്ടായിരിക്കണം. തൊഴിലുടമയുടെ സ്പോൺസർഷിപ്പില്ലാത്ത അപേക്ഷകർ അപേക്ഷിക്കുന്നതിന് 28 ദിവസത്തേക്ക് ആവശ്യമായ ഫണ്ട് കൈവശം വച്ചിട്ടുണ്ടെന്ന് കാണിക്കണം.

ഫീസ് വർധന
വീസക്കുള്ള അപേക്ഷ ഫീസിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികൾ, കുടുംബം, പങ്കാളികൾ, കുട്ടികൾ, വിദ്യാർഥി വീസകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വീസ അപേക്ഷാ ഫീസിൽ വർധനവുണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *