ജർമനിയിൽ ജോലി ചെയ്യാനോ പഠിക്കാനോ കുടുംബവുമായി ചേരാനോ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. ജർമൻ വിദേശകാര്യ മന്ത്രാലയമാണ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് പുതിയ പോർട്ടൽ വഴി അപേക്ഷകൾ നൽകാവുന്നതാമ്.
ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പുതിയ വീസ പോർട്ടലിനെ ‘യഥാർത്ഥ വിപ്ലവം’ എന്നാണ് വിശേഷിപ്പിച്ചത്. ജനുവരി 1 മുതലാണ് പോർട്ടൽ ആരംഭിച്ചത്. പുതിയ പോർട്ടൽ ലോകമെമ്പാടുമുള്ള ജർമനിയിലെ 167 വീസ ഓഫിസുകളിലും ലഭിക്കും.
ജർമനിയിൽ ഓരോ വർഷവും കുറഞ്ഞത് 400,000 വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ടെന്നും അതിനാൽ ദൈർഘ്യമേറിയ പേപ്പർ അപേക്ഷാ ഫോമുകളും കാത്തിരിപ്പ് കാലയളവുകളും ഒഴിവാക്കാൻ പുതിയ പോർട്ടൽ സഹായിക്കുമെന്നും ബെയർബോക്ക് അറിയിച്ചു.
ഒരു ഇമിഗ്രേഷൻ രാജ്യമെന്ന നിലയിൽ ‘അത്യാധുനികവും ഡിജിറ്റലും സുരക്ഷിതവുമായ ഒരു ദേശീയ വീസ പ്രക്രിയ’ ജർമനിക്ക് ആവശ്യമാണെന്ന് ബെയർബോക്ക് ഊന്നിപ്പറഞ്ഞു. ഈ മാറ്റം ആരംഭിച്ചത് രണ്ട് വർഷം മുൻപാണ്. കൂടാതെ ദേശീയ വീസയുടെ 28 വിഭാഗങ്ങൾ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാനും സാധിക്കും.
ജര്‍മ്മനി സാങ്കേതികവിദ്യ മുതല്‍ ആരോഗ്യ സംരക്ഷണം വരെയുള്ള ഒന്നിലധികം വ്യവസായങ്ങളില്‍ തൊഴിലാളി ക്ഷാമം നേരിടുകയാണെന്നാണ് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിസ ലഘൂകരണത്തിലൂടെയും പുതിയ അവസരങ്ങളിലൂടെയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും സാങ്കേതിക പുരോഗതിയെയും പിന്തുണയ്ക്കാന്‍ സാധിക്കുന്ന പ്രൊഫഷണലുകളെ ആകര്‍ഷിക്കുകയെന്നത് ജർമനിയുടെ ഒരു പ്രധാന ലക്ഷ്യമാണ്. ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമും വിസ ലഘൂകരണത്തിന്റെയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി വേണം വിലയിരുത്താൻ.