സി.ബി.എസ്.ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പിന് ജനുവരി 10 വരെ അപേക്ഷിക്കാം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ.) സ്കൂളുകളിൽനിന്ന് 2024-ൽ 70 ശതമാനം മാർക്കുവാങ്ങി പത്താം ക്ലാസ് പാസായി, പ്ലസ്‌ടു തലത്തിൽ സി.ബി.എസ്.ഇ. സ്‌കൂളിൽ തുടർന്നും പഠിക്കുന്ന ഒറ്റപ്പെൺകുട്ടികൾക്ക്, സി.ബി.എസ്.ഇ. മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. രക്ഷിതാക്കൾക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാവു, അത് പെൺകുട്ടിയാകുകയും വേണം. ഈ വ്യവസ്ഥ തൃപ്‌തിപ്പെടുത്തുന്ന കുട്ടിയെ ‘ഒറ്റപ്പെൺകുട്ടി’യായി പരിഗണിക്കുന്നതാണ്. കൂടാതെ ഒരുമിച്ചു ജനിച്ച എല്ലാ പെൺകുട്ടികളെയും ‘ഒറ്റപ്പെൺകുട്ടി’യായി കണക്കാക്കും. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

യോഗ്യതകൾ
അപേക്ഷകർ ഇന്ത്യക്കാരായിരിക്കണം. 2024-ലെ സി.ബി.എസ്.ഇ. ക്ലാസ് 10 പരീക്ഷയിൽ കുറഞ്ഞത് 70 ശതമാനം മാർക്ക് നേടിയവരായിരിക്കണം. ക്ലാസ് 11-ലെ പഠനം സി.ബി.എസ്.ഇ. അഫിലിയേഷനുള്ള സ്‌കൂളിലാകണം. കൂടാതെ പഠിക്കുന്ന സ്കൂളിലെ പത്താംക്ലാസ് പ്രതിമാസ ട്യൂഷൻ ഫീ 2500 രൂപയിൽ കവിയരുത്. 11, 12 ക്ലാസുകളിലെ പ്രതിമാസ ട്യൂഷൻ ഫീ 3000 രൂപയിൽ കവിയാനും പാടില്ല. മാത്രമല്ല രക്ഷിതാക്കളുടെ/കുടുംബത്തിന്റെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത്.

ഇതുസംബന്ധിച്ച് രക്ഷിതാവിൻ്റെ നോൺ-ജുഡീഷ്യൽ നോട്ടറൈസ്‌ഡ് സ്റ്റാമ്പ് പേപ്പറിൽ നൽകുന്ന സെൽഫ്-ഡിക്‌ളറേഷൻ അപേക്ഷയും ഓൺലൈനായി അപ്‌പ്ലോഡ് ചെയ്യേണ്ടതുണ്ട്. എൻ.ആർ.ഐ. വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഇവരുടെ പ്രതിമാസ ട്യൂഷൻ ഫീസ് 6000 രൂപയിൽ കവിയരുത്. പത്താംക്ലാസിൽ 70 ശതമാനം മാർക്കുവാങ്ങിയ മറ്റു വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്ന എല്ലാ ഒറ്റപ്പെൺകുട്ടികൾക്കും സ്കോളർഷിപ്പ് അനുവദിക്കുന്നതായിരിക്കും. പ്രതിമാസം 1000 രൂപ നിരക്കിൽ, രണ്ടുവർഷത്തേക്കാണ് ഇ.സി.എസ്./എൻ.ഇ.എഫ്.ടി. വഴി സ്കോളർഷിപ്പ് നൽകുക. സ്‌കൂൾ/മറ്റ് ഓർഗനൈസേഷനുകൾ നൽകുന്ന മറ്റുസൗജന്യങ്ങൾ എന്നിവ ഈ സ്കോളർഷിപ്പിനൊപ്പം സ്വീകരിക്കാവുന്നതാണ്.

11-ാം ക്ലാസിൽ കുറഞ്ഞത് 70 ശതമാനം മാർക്കുനേടി പ്ലസ് വൺ പാസായി ക്ലാസ് 12-ലേക്ക് പ്രൊമോഷൻ ലഭിക്കുന്നവർക്ക് രണ്ടാം വർഷത്തിലും സ്കോളർഷിപ്പ് ലഭ്യമാകും. നല്ല സ്വഭാവം, ഹാജർ ആവശ്യകത എന്നിവയ്ക്കു വിധേയമാണിത്. തിരഞ്ഞെടുത്ത കോഴ്‌സ് പൂർത്തിയാകുമുൻപ് ഉപേക്ഷിക്കുക, കോഴ്സ്/സ്കൂ‌ൾ മാറുക തുടങ്ങിയ സാഹചര്യങ്ങളിൽ ‌സ്കോളർഷിപ്പ് തുടരൽ/ പുതുക്കൽ, സി.ബി.എസ്.ഇ. തീരുമാനത്തിനു വിധേയമാണ്. അതേസമയം ഒരിക്കൽ റദ്ദാക്കപ്പെടുന്ന സ്കോളർഷിപ്പ് പിന്നീട് പുനഃസ്ഥാപിക്കുന്നതല്ല.

വിശദമായ മാർഗനിർദേശങ്ങൾ, ഓൺലൈൻ അപേക്ഷയ്ക്കുള്ള ലിങ്ക് തുടങ്ങിയവ, https://www.cbse.gov.in- എന്ന വെബ്സൈറ്റിൽ ലഭിക്കും (മെയിൻ വെബ് സൈറ്റ് > സ്കോളർഷിപ്പ് ലിങ്കുകൾ). അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി ജനുവരി 10 ആണ്. 2023-ൽ ഈ സ്കോളർഷിപ്പിന് അർഹരായവർക്ക് അത് പുതുക്കാൻ ഓൺലൈനായി അപേക്ഷ നൽകാനും ജനുവരി 10 വരെ അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *