ഇനി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാൻ 38,700 പൗണ്ട് ശമ്പളം നിർബന്ധം; ബ്രിട്ടണിലെ പുതിയ നിയമത്തെ കുറിച്ച് അറിയാം

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഈ ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതില്‍ ഏറ്റവും സുപ്രധാനമായ മാറ്റം വിസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയര്‍ത്തിയതാണ്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്ക് അപേക്ഷിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ടാക്കി ഉയര്‍ത്തി. 82 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്.

തൊഴിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി എച്ച് ഡി ഉള്ള അപേക്ഷകരുടെ മിനിമം ശമ്പളം 23,800 ല്‍ നിന്നും 34,830 പൗണ്ട് ആക്കി ഉയര്‍ത്തിയപ്പോള്‍, സ്റ്റെം അനുബന്ധ പി എച്ച് ഡി ഉള്ളവരുടെ മിനിമം ശമ്പളം 20,960 പൗണ്ടില്‍ നിന്നും 30,960 പൗണ്ടാക്കിയും ഉയര്‍ത്തി. അതുപോലെ ഷോര്‍ട്ടേജ് ഒക്ക്യുപേഷന്‍ ലിസ്റ്റിലുള്ള തൊഴിലുകള്‍ക്ക് മിനിമം ശമ്പളം 30,960 പൗണ്ട് ആണ് ശമ്പളം. നേരത്തെ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് മിനിമം ശമ്പളം എന്ന മാനദണ്ഡത്തില്‍ 20 ശതമാനത്തിന്റെ ഇളവ് നല്‍കിയിരുന്നു. എന്നാൽ ഇപ്പോള്‍ അതും നിര്‍ത്തിയിരിക്കുകയാണ്.

സങ്കേതിക മേഖല, ആരോഗ്യ സംരക്ഷണ മേഖല, എഞ്ചിനീയറിംഗ് എന്നി മേഖലകളെയെല്ലാം ഈ നിയമം ബാധിക്കും. പുതിയ നിയമപ്രകാരം, വളരെ കുറച്ച് തസ്തികകളിലേക് മാത്രമാകും വിദേശ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുക. മാത്രമല്ല, തൊഴിലുടമകള്‍ക്ക് സ്‌കില്ലുമായി ബന്ധപ്പെട്ട, അവരുടെ ആവശ്യകതകള്‍ പുനര്‍ നിര്‍ണ്ണയം ചെയ്യേണ്ടതായും വരും. ആത്യന്തികമായി ഇത് കൂടുതല്‍ നൈപുണിയുള്ളതും, അതേസമയം നല്ല പ്രതിഫലം ലഭിക്കുന്നതുമായ ഒരു തൊഴില്‍ സേനയെ വാര്‍ത്തെടുക്കുന്നതിന് പ്രാപതരാക്കും.

അതേസമയം, പുതിയ ശമ്പള മാനദണ്ഡങ്ങള്‍ യു കെ യിലേക്കുള്ള കുടിയേറ്റം കാര്യമായി കുറയ്ക്കും എന്നതില്‍ സംശയമില്ല, നഴ്സുമാര്‍ക്കും കെയറര്‍മാര്‍ക്കും ഈ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തതിനാല്‍, യു കെയിലെ തൊഴില്‍ ഇനി ഒരു സ്വപ്നമാകാനാണ് സാധ്യത. ഏറ്റവും മികച്ച ഉദ്യോ​ഗാർത്ഥികളെ ആകര്‍ഷിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശമെങ്കിലും, കൂടുതല്‍ ശമ്പളത്തിനായി വിലപേശേണ്ടിവരുന്ന തൊഴിലന്വേഷകര്‍ക്കും സ്പോണ്‍സര്‍ഷിപ് ചെലവ് വര്‍ദ്ധിക്കുന്ന തൊഴിലുടമകള്‍ക്കും ഇത് ഒരുപോലെ വെല്ലുവിളിയാണ്.

ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിസ മാനദണ്ഡങ്ങളിൽ ചില ഇളവുകള്‍ ഇപ്പോഴും നിലവിലുണ്ടെങ്കിലും ഇതിലും മാറ്റങ്ങള്‍ വന്നേക്കാനാണ് സാധ്യത. കുടിയേറ്റകാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സെലെക്റ്റീവ് ആകാന്‍ തീരുമാനിച്ച സാഹചര്യത്തിൽ, ഉയര്‍ന്ന ശമ്പളമുള്ള വളരെ ചുരുക്കം പേര്‍ക്ക് മാത്രം ബ്രിട്ടനിലേക്ക് കുടിയേറാന്‍ സാധിക്കുന്ന സാഹചര്യമാണ് ഇനി ഉണ്ടാകാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *