ബിരുദ, ബിരുദാനന്തരധാരികൾക്ക് പരീക്ഷയെഴുതാതെ കേന്ദ്ര സർവീസിൽ വൻ ശമ്പളത്തിൽ ജോലി നേടാൻ അവസരം. ന്യൂഡൽഹിയിലെ ക്യാബിനറ്റ് സെക്രട്ടറിയേറ്റ് ഓഫീസിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫീസർ തസ്തികയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലായി 80 വീതം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022, 2023,2024 വർഷങ്ങളിലെ ഗേറ്റ് സ്കോർ പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. 95,000 രൂപയാണ് ശമ്പളം.
യോഗ്യതകൾ
എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ സയൻസ് വിഷയങ്ങളിലോ ടെക്നിക്കൽ, സയന്റിഫിക് വിഷയങ്ങളിലോ ബിരുദാനന്തര വിരുദം എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. പ്രായം 30 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവും ലഭിക്കുന്നതായിരിക്കും.ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കി അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖം നടത്തിയാണ് നിയമനം. വിവിധ കേന്ദ്രങ്ങളിലായാണ് അഭിമുഖം നടക്കുന്നത്, കേരളത്തിൽ നിന്നുള്ളവർക്ക് ഏറ്റവും അടുത്ത അഭിമുഖ കേന്ദ്രം ചെന്നൈ ആണ്.
അപേക്ഷ അയക്കേണ്ട വിധം
തപാലിൽ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിലാസം: Post Bag No: 001, Lodhi Road Head Post Office, New Delhi 110003. വിശദവിവരങ്ങൾക്കായി https://cabsec.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ സെപ്‌തംബർ 21ലെ കേന്ദ്രസർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെൻ്റ് ന്യൂസ് വാരികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ 21 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.