റഷ്യയില്‍ പഠിക്കാം; ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയില്‍ തന്നെ അഡ്മിഷന്‍ നേടാം

വിദേശ വിദ്യാഭ്യാസ മേഖലയില്‍ യു.എസ്, യു.കെ, ജര്‍മ്മനി എന്നിവരെപ്പോലെ തന്നെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സമീപിക്കുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യയും. ഇന്ത്യന്‍ എംബസി തന്നെ പുറത്തുവിട്ട കണക്കുകള്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് റഷ്യയിലേക്ക് കുടിയേറിയിട്ടുള്ളത്. പ്രതിവര്‍ഷം ഈ കണക്കുകള്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രധാനമായും എം.ബി.ബി.എസ്, നഴ്‌സിങ് തുടങ്ങിയ മെഡിക്കല്‍ അനുബന്ധ വിഷയങ്ങളിലാണ് ഇവര്‍ പഠനം നടത്തുന്നത്. ചൈനയും, റഷ്യയുമാണ് ഇത്തരത്തില്‍ മെഡിക്കല്‍ കുടിയേറ്റ രംഗത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പോപ്പുലറായ സ്റ്റഡി ഡെസ്റ്റിനേഷനുകള്‍.

നിലവില്‍ 4500 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് റഷ്യയിലെ വിവിധ മെഡിക്കല്‍/ ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരുന്നത്. ഇവയില്‍ 90 ശതമാനം പേരും മെഡിക്കല്‍ മേഖലയില്‍ പഠനം നടത്തുന്നവരാണ്. ഇരുപതോളം യൂണിവേഴ്‌സിറ്റികളിലായി മെഡിക്കലിന് പുറമെ, എഞ്ചിനീയറിങ്, എയറനോട്ടിക്കല്‍, ഡിസൈനിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജി, മാനേജ്‌മെന്റ്, ബിസിനസ് മേഖലകളില്‍ പഠനം നടത്തുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലേതിന് സമാനമായി ലോകോത്തര നിലവാരമുള്ള നിരവധി യൂണിവേഴ്‌സിറ്റികള്‍ റഷ്യയിലുമുണ്ട്. അവയില്‍ പ്രധാനപ്പെട്ട നാല് സ്ഥാപനങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം,

  1. Lomonosov Moscow State Universtiy (MSU)

ക്യു.എസ് ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ 94 ാം സ്ഥാനത്തുള്ള വിദ്യാഭ്യാസ സ്ഥാപനമാണിത്. 1755ല്‍ സ്ഥാപിച്ച എം.സി.യു റഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 47000 ലധികം വിദ്യാര്‍ഥികളും, ലോകോത്തിലെ മികച്ച ഫാക്കല്‍റ്റികളുമാണ് യൂണിവേഴ്‌സിറ്റിയുടെ മുഖമുദ്ര. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 4000 ലധികം വിദേശ വിദ്യാര്‍ഥികളും സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. എഞ്ചിനീയറിങ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എക്കണോമിക്‌സ്, ഹിസ്റ്ററി, ഫിലോസഫി കോഴ്‌സുകള്‍ക്ക് പേരുകേട്ട സ്ഥാപനമാണിത്.

  1. Bauman Moscow State Technical Universtiy

എഞ്ചിനീയറിങ്, ടെക്‌നിക്കല്‍ മേഖലകളിലെ മികവിന് പ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമാണിത്. 1830ല്‍ സ്ഥാപിച്ച ബഊമാന്‍ യൂണിവേഴ്‌സിറ്റി തലസ്ഥാന നഗരിയായ മോസ്‌കോയിലാണ് സ്ഥിതിചെയ്യുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എയറോസ്‌പേസ് എഞ്ചിനീയറിങ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, റോബോട്ടിക്‌സ്, ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, ന്യൂക്ലിയര്‍ എഞ്ചിനീയറിങ് മേഖലകളില്‍ റഷ്യയെ കരുത്ത് പകരുന്നു. ക്യു.എസ് വേള്‍ഡ് റാങ്കിങ്ങില്‍ 298ാം സ്ഥാനമാണ് മോസ്‌കോ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിക്കുള്ളത്.

  1. RUDN Universtiy

ക്യു.എസ് വേള്‍ഡ് റാങ്കിങ്ങില്‍ 316ാം സ്ഥാനമാണ് RUDN യൂണിവേഴ്‌സിറ്റിക്കുള്ളത്. 1960ലാണ് സര്‍വകലാശാല സ്ഥാപിക്കുന്നത്. ഏകദേശം 150ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. റഷ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ വെച്ച അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ പേരുകേട്ട സര്‍വകലാശാലയാണിത്. 117 ബിരുദ പ്രോഗ്രാമുകള്‍ക്ക് പുറമെ പന്ത്രണ്ട് ഭാഷകളില്‍ വിവര്‍ത്തന പഠനവും ഓഫര്‍ ചെയ്യുന്നു. ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, മെഡിസിന്‍, എഞ്ചിനീയറിങ്, ഇക്കണോമിക്‌സ്, ഹ്യൂമാനിറ്റീസ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ബിസിനസ്, നിയമ പഠനങ്ങള്‍ക്ക് പേരുകേട്ട സ്ഥാപനമാണിത്.

  1. Saint Petersburg State Universtiy

ക്യു.എസ് വേള്‍ഡ് റാങ്കിങ്ങില്‍ 365ാം സ്ഥാനമാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് യൂണിവേഴ്‌സിറ്റിക്കുള്ളത്. 1724ല്‍ സ്ഥാപിച്ച സ്ഥാപനം തങ്ങളുടെ ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് പഠനങ്ങള്‍ക്ക് പ്രസിദ്ധമാണ്. 10 ഇരട്ട ബിരുദ പ്രോഗ്രാമുകളും, 24 മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളും സര്‍വകലാശാല മുന്നോട്ട് വെക്കുന്നു. ഇംഗ്ലീഷ്, ജര്‍മ്മന്‍, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ പഠനം നട്ടാമെന്നതാണ് സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകത.
Sent

Leave a Reply

Your email address will not be published. Required fields are marked *