പ്രൊഫഷണല്‍ മേഖലയില്‍ തൊഴിലാളികളെ തേടി കാനഡ; വിസ നടപടികളടക്കം എളുപ്പമാക്കാന്‍ തീരുമാനം
വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറുന്നത് മലയാളിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ യൂറോപ്പിലേക്ക് കുടിയേറ്റമുണ്ടായതായി ചരിത്രം പറയുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് യു.കെയിലടക്കം ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ ജനത മാറിയതും. എന്നാല്‍ കാലാന്തരത്തില്‍ മലയാളക്കരയില്‍ നിന്ന് വലിയ തോതില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റമുണ്ടായി. മികച്ച ശമ്പളവും, തൊഴില്‍ സാഹചര്യങ്ങളും, നാട്ടില്‍ വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയും ഇത്തരത്തില്‍ കുടിയേറാന്‍ മലയാളി യുവത്വത്തെ സ്വാധീനിച്ച ഘടകങ്ങളാണ്.
നിലവില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കുടിയേറുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. യു.കെയ്ക്കും, യു.എസിനും, ജര്‍മ്മനിയ്ക്കും പുറമെ ഇന്ന് ഇന്ത്യയില്‍ നിന്ന് വലിയ കുടിയേറ്റമാണ് കാനഡയിലേക്കും നടക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും, തൊഴിലും, മികച്ച ജീവിത സാഹചര്യങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമാവാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്. ഐ.ടി, എഞ്ചിനീയറിങ്, മെഡിക്കല്‍, ടെക് എന്നിങ്ങനെ വിവിധ മേഖലകളില്‍ നൈപുണ്യമുള്ള തൊഴിലാളികളെയാണ് കാനഡ തിരയുന്നത്. ഇതിനായി വിസ നിയമങ്ങളിലടക്കം മാറ്റം വരുത്താനും കാനഡ ആലോചിക്കുന്നുണ്ട്.
ഇപ്പോഴിതാ യു.എസില്‍ നിന്നുള്ള എച്ച് 1 ബി വിസ കൈവശമുള്ളവര്‍ക്ക് പെര്‍മിറ്റുകളില്‍ ഇളവ് വരുത്തി നിയമം പാസാക്കിയിരിക്കുകയാണ് കാനഡ.
പുതിയ ഇളവ്
യു.എസ് എച്ച്.1 ബി വിസ കൈവശമുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകളില്‍ ഇളവ് വരുത്തി കാനഡ. ആഗോളതലത്തില്‍ തൊഴിലാളികളുടെ മൈഗ്രേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കനേഡിയന്‍ സര്‍ക്കാരിന്റെ നടപടി. ഉയര്‍ന്ന വൈദഗ്ദ്യമുള്ള പ്രൊഫഷണലുകള്‍ക്ക് പുതിയ നിയമം ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ഐടി മേഖലുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വമ്പന്‍ സാധ്യതകള്‍ തുറന്നിടുന്നതാണ് സര്‍ക്കാരിന്റെ നടപടി.
നിലവില്‍ അമേരിക്കയിലെ ഐടി മേഖലയിലെ പ്രൊഫഷണല്‍ തൊഴിലാളികളില്‍ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണ്. ഇവരില്‍ പലരും കഴിഞ്ഞ കാലങ്ങളില്‍ അയല്‍രാജ്യമായ കാനഡയിലേക്ക് കുടിയേറിയിട്ടുമുണ്ട്. സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച നിരക്കാണ് കാനഡയില്‍ പ്രതീക്ഷ വെക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
1.2 ശതമാനം ജി.ഡി.പി വളര്‍ച്ച നിരക്കാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായത്. വലിയ പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും കനേഡിയന്‍ സമ്പദ് വ്യവസ്ഥ തിരച്ച് കയറിയത് തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഗവണ്‍മെന്റ് പദ്ധതികളുടെ ഭാഗമാണ് അമേരിക്കന്‍ ഐ.ടി പ്രൊഫഷണലുകളെ റാഞ്ചാനുള്ള നീക്കത്തിന് പിന്നില്‍.
202223 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 15,000 ലധികം ഇന്ത്യന്‍ ടെക് പ്രൊഫഷണലുകല്‍ കാനഡയിലേക്ക് സ്ഥലം മാറിയെന്നാണ് കണക്ക്. സുസ്ഥിര സാമ്പത്തിക സ്ഥിതിയും, വളര്‍ന്ന് വരുന്ന ടെക് മേഖലയുമാണ് ഇതിന് പ്രധാന കാരണം. പ്രതിവര്‍ഷം 2.5 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ വിദേശത്തേക്ക് കുടിയേറുന്നുവെന്നാണ് കണക്ക്. ഇതില്‍ ചെറുതല്ലാത്ത സംഖ്യ ഐടി പ്രൊഫഷണലുകളാണ്. ഈ സാധ്യത മുതലെടുക്കാനാണ് കാനഡ ശ്രമിക്കുന്നത്. കാനഡയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ സമ്പദ് വ്യവസ്ഥയുടെ വൈവിദ്ധ്യവും ചലനാത്മകതയും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സാങ്കേതിക വിദ്യ മുതല്‍ അക്കാദമിക് വരെയുള്ള വ്യവസായങ്ങളെ മുന്നോട്ട് നയിക്കാന്‍ സഹായിക്കും.
Leave a Reply