നിറം മങ്ങുന്ന കാനഡ സ്വപ്‌നങ്ങള്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ച് കനേഡിയന്‍ സര്‍ക്കാര്‍

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്‌നദേശമാണ് കാനഡ. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും കാനഡ ലക്ഷ്യംവെച്ച് വിമാനം കയറുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയുടെ ആകെ വിദേശ കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണെന്ന് വ്യക്തമാക്കുന്നു. മികച്ച ജോലി നേടി, പെര്‍മനന്റ് റെസിഡന്‍സിയും നേടി സുരക്ഷിതമായൊരു ഭാവി ജീവിതം സ്വപ്‌നം കണ്ടാണ് പലരും കാനഡയിലെത്തുന്നത്. നമ്മുടെ നാട്ടില്‍ നിന്ന് വിപരീതമായി മികച്ച പഠനാന്തരീക്ഷവും, തൊഴില്‍ സാഹചര്യങ്ങളും, ജീവിത നിലവാരവും കാനഡയെ പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങളാണ്.

എന്നാല്‍ കാര്യങ്ങള്‍ ഇനിയങ്ങോട്ട് അത്ര ശുഭകരമാകണമെന്നില്ല. കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ കാനഡയെ തന്നെ തിരിഞ്ഞുകൊത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വലിയ രീതിയിലുള്ള കുടിയേറ്റമുണ്ടായതോടെ കാനഡയിലെ ജനസംഖ്യയില്‍ തന്നെ വലിയ കുതിച്ച് ചാട്ടമുണ്ടായി. ഇതോടെ രാജ്യത്ത് പ്രതിസന്ധികളും തലപൊക്കാന്‍ തുടങ്ങി.

മുന്‍പ് വാടക വീടുകള്‍ കിട്ടാനില്ലായെന്ന പരാതിയാണ് കേട്ടിരുന്നത്. ഇപ്പോള്‍ തൊഴില്‍ സാധ്യതകളും ഗണ്യമായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വിദേശ വിദ്യാര്‍ഥികളുടെ വരവ് നിയന്ത്രിക്കാനുള്ള നടപടികള്‍ കാനഡ സ്വീകിരക്കുകയും ചെയ്തിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ഇപ്പോള്‍ കടുത്ത നടപടികളിലേക്കാണ് കനേഡിയന്‍ സര്‍ക്കാര്‍ നീങ്ങുന്നത്. വിദേശ വിദ്യാര്‍ഥികളുടെ പെര്‍മിറ്റില്‍ 35 ശതമാനം കുറവ് വരുത്തുമെന്നാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തവണ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവ് വരുത്തുമെന്നും, അടുത്ത വര്‍ഷം ഇതില്‍ നിന്നും 10 ശതമാനം കൂടി വീണ്ടും കുറയ്ക്കുമെന്നും ട്രേൂഡോ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വരും നാളുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് രാജ്യം കടക്കുമെന്ന സൂചനകളും കാനഡയില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. ഇതിനായി വിദേശ തൊഴിലാളി നിയമങ്ങളിലും മാറ്റം വരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ 5,09,390 പേര്‍ക്കും, 2024ല്‍ ആദ്യ ഏഴുമാസത്തിനിടയില്‍ 1,76,920 പേര്‍ക്കുമാണ് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ 2025ല്‍ നല്‍കുന്ന പഠന പെര്‍മിറ്റുകളുടെ എണ്ണം 4,37000 ആയി കുറയ്ക്കാനാണ് തീരുമാനം.

നിലവില്‍ രാജ്യത്തെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022ല്‍ വിദ്യാര്‍ഥികളുടെ എണ്ണം 1.4 മില്യണ്‍ ആയിരുന്നിടത്ത് 2024ന്റെ രണ്ടാം പാദത്തില്‍ ഇത് 2.8 മില്യണായി ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യക്കാരെ സംബന്ധിച്ച് ഏകദേശം 13.5 ലക്ഷം വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളില്‍ പഠനം നടത്തുന്നുണ്ട്. ഇതില്‍ 4.27 ലക്ഷം പേരും പഠനം നടത്തുന്ന കാനഡയിലാണ്. കാനഡയിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 40 ശതമാനവും ഇന്ത്യക്കാരാണ് എന്നിരിക്കെ പുതിയ നടപടികള്‍ കാനഡ സ്വപ്‌നം കാണുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കാന്‍ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *