ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കാനഡ; വിമാനം കയറുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. കഴിഞ്ഞ കുറച്ച് നാളുകളായി കാനഡയിലേക്കുള്ള മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മികച്ച പഠനാന്തരീക്ഷവും, ജോലി സാധ്യതകളുമാണ് പലരെയും കാനഡയിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ വര്‍ഷങ്ങളായി നടക്കുന്ന ഇന്ത്യന്‍ കുടിയേറ്റം പുതുതായി രാജ്യത്തെത്തുന്ന ഒരാളെ സംബന്ധിച്ച് പെട്ടെന്ന് ജനങ്ങളുമായി ഇഴകിച്ചേരാനുള്ള അവസരവും നല്‍കുന്നു.
അതേസമയം ഒരിടക്ക് ഇന്ത്യയുമായുണ്ടായ നയതന്ത്ര പ്രതിസന്ധി കാനഡ ലക്ഷ്യം വെക്കുന്ന വിദ്യാര്‍ഥികളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. അക്കാലയളവില്‍ കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ അപേക്ഷകളിലും കുറവ് വരുത്തുകയുണ്ടായി. പ്രതിസന്ധി മുന്നില്‍ കണ്ട് പല വിദ്യാര്‍ഥികളും കാനഡയ്ക്ക് പുറത്ത് രാജ്യങ്ങള്‍ തേടാന്‍ തുടങ്ങിയതോടെ കനേഡിയന്‍ കുടിയേറ്റത്തിന്റെ കാലം അവസാനിച്ചെന്ന് പോലും പലരും അഭിപ്രായപ്പെടുകയുണ്ടായി.
രാജ്യത്ത് ഉയര്‍ന്നുവന്ന പാര്‍പ്പിട പ്രതിസന്ധിയും, വാടക വീടുകളുടെ വില വര്‍ധനവും ഇത്തരം സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധികളില്‍ മഞ്ഞുരുകുകയും വിസ നടപടികള്‍ പുനരാരംഭിക്കുകയും ചെയ്തതോടെ വിദ്യാര്‍ഥികളുടെ ആശങ്കയും പരിഹരിക്കപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ച് കാനഡ.
ഇനിമുതല്‍ തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ചുള്ള കോഴ്‌സുകള്‍ക്ക് മാത്രമായി സ്റ്റുഡന്റ് വിസ അനുവദിക്കാനാണ് കനേഡിയന്‍ സര്‍ക്കാര്‍ തീരുമിനിച്ചിട്ടുള്ളത്. പുതിയ നിയമ പ്രകാരം രാജ്യത്തെ 10 പ്രൊവിന്‍സുകളിലും അതാതിടങ്ങളിലെ തൊഴില്‍ സാധ്യതകളെ മുന്‍നിര്‍ത്തിയുള്ള കോഴ്‌സുകളിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുക. എഞ്ചിനീയറിങ്, ട്രേഡിങ്, സോഷ്യല്‍ വര്‍ക്ക്, ഹെല്‍ത്ത് കെയര്‍, ഏര്‍ലി ചൈല്‍ഡ് ഹുഡ് എജ്യുക്കേഷന്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ സാധ്യതകളേറിയ കോഴ്‌സുകളിലേക്കെല്ലാം വിദ്യാര്‍ഥികള്‍ക്ക് വിവിധ പ്രവിശ്യകളിലായി പ്രവേശനം നേടാം.
ഇതിന് പുറമെ പാര്‍ട്ട് ടൈം ജോലിക്കായുള്ള സമയം ആഴ്ച്ചയില്‍ 20 മണിക്കൂറില്‍ നിന്ന് 24 മണിക്കൂറായി കൂട്ടിയിട്ടുമുണ്ട്. വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി ചേക്കേറുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് പാര്‍ട്ട് ടൈം ജോലികളുടെ ദൗര്‍ലഭ്യത. പുതിയ നിയമം അനുസരിച്ച് ഇനിമുതല്‍ വിദ്യാര്‍ഥികള്‍ക്ക് ആഴ്ച്ചയില്‍ തൊഴില്‍ സമയം കൂടുതല്‍ നേടാനും കൂടുതല്‍ സമ്പാദിക്കാനും സാധിക്കും.
എന്തുകൊണ്ട് വിദേശ രാജ്യങ്ങള്‍?
മലയാളി യുവാക്കള്‍ക്കിടയില്‍ വ്യാപകമായ കുടിയേറ്റ പ്രവണതയ്ക്ക് വിദ്യാഭ്യാസം മാത്രമല്ല കാരണം. സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ (സി.പി.പി.ആര്‍), യൂത്ത് ലീഡര്‍ഷിപ്പ് ഫെല്ലോഷിപ്പിന്റെ ഭാഗമായി നടത്തിയ പഠനം കുടിയേറ്റങ്ങളിലെ പുത്തന്‍ പ്രവണതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. 45 ശതമാനത്തിലധികം പേര്‍ വിദ്യാഭ്യാസത്തിനപ്പുറത്തേക്ക് മറ്റുപല കാരണങ്ങളുമാണ് തങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചതെന്ന് എടുത്ത് പറഞ്ഞു. വിദ്യാഭ്യാസം കുടിയേറ്റത്തിന് ഒരു കാരണം മാത്രമാണെന്നും ഇവര്‍ അവകാശപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള സ്ത്രീ വിദ്യാര്‍ഥികളില്‍ 78 ശതമാനം പേര്‍ മെച്ചപ്പെട്ട ജീവിതശൈലി മുന്നോട്ട് വെക്കുന്ന, സാമൂഹിക വിവേചനത്തില്‍ നിന്നും സ്റ്റീരിയോടെപ്പ് ചിന്താഗതികളില്‍ നിന്നും മുക്തമായ ഒരു സമൂഹത്തിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നവരാണ്. സമത്വവും, ലിംഗ വിവേചനവും, പരമ്പരാഗത ചിന്താഗതികളില്‍ നിന്നും മാറി ചിന്തിക്കുന്നവരുമായ ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ വേണ്ടി വിദേശ രാജ്യങ്ങള്‍ തിരഞ്ഞെടുത്തുവെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം യുവാക്കള്‍ക്കിടയില്‍ പ്രധാന പ്രചോദനം തൊഴിലും, മെച്ചപ്പെട്ട സാമ്പത്തിക സാധ്യതകളുമാണ്. കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കുറഞ്ഞ തൊഴില്‍ സാധ്യതകള്‍, വേതനത്തിലെ അന്തരം, യോഗ്യതകള്‍ എന്നിവ വിദേശ രാജ്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാരണമായെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.
Leave a Reply