വിദ്യാർത്ഥി വീസ പ്രക്രിയ വേഗത്തിലാക്കാൻ ജർമനി; വരാൻ പോകുന്നത് നിരവധി വിദ്യാഭ്യാസ, തൊഴിൽ സാധ്യതകൾ

ജർമ്മനിയിൽ വിവിധ മേഖലകളിൽ തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിദ്യാർത്ഥി വീസ പ്രക്രിയ വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റികളും വ്യവസായ മേഖലകളിലെ മുൻനിര കമ്പനികളും. വിദേശ വിദ്യാർത്ഥികളെ കൂടുതലായി ആകർഷിക്കാൻ വേഗത്തിലുള്ള വിസ അനുവദിക്കൽ ആവശ്യമാണെന്നാണ് ബിസിനസ് ലോകം പറയുന്നത്..

തൊഴിലാളി ക്ഷാമം ജർമ്മനിയിലെ വിവിധ മേഖലകളെ വലയ്ക്കുന്നുവെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് സർക്കാരിനു മേൽ സമ്മർദം ചെലുത്തുന്ന നിലപാടുമായി യൂണിവേഴ്‌സിറ്റികൾ ഉൾപ്പെടെ രംഗത്തു വന്നിരിക്കുന്നത്. കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നതു വഴി തൊഴിലാളി ലഭ്യത കൂട്ടാമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024-25 ശൈത്യകാല സെമസ്റ്ററിൽ വിദേശവിദ്യാർത്ഥികളുടെ വരവ് റെക്കോർഡ് തലത്തിലെത്തിയിരുന്നുവെന്നാണ് ജർമ്മൻ അക്കാഡമിക് എക്സ്ചേഞ്ച് സർവിസിൻ്റെ കണക്ക്. 4,05,000 വിദ്യാർത്ഥികളാണ് ഈ കാലയളവിൽ ജർമനിയിലെത്തിയത്. ഇന്ത്യ, ചൈന, സിറിയ, ഓസ്ട്രിയ, തുർക്കി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേരെത്തിയത്. പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ സർക്കാരിന് നൽകിയ കത്തിൽ പറയുന്നത് പരിശീലനം ലഭിച്ച വിദേശ വിദ്യാർത്ഥികളുടെ സാന്നിധ്യം വിവിധ തൊഴിൽമേഖലകളിലെ തൊഴിലാളിക്ഷാമം ഒരുപരിധിവരെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ്.

ജർമനിയിലേക്ക് തൊഴിൽ അന്വേഷിക്കുന്നവരെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധി ഭാഷയാണ്. ഈ പ്രതിസന്ധി മറികടക്കാൻ ജർമൻ ഭാഷ ക്ലാസുകൾ സർക്കാർ തന്നെ നടത്താനുള്ള നീക്കവുമുണ്ട്. ദീർഘകാല തൊഴിൽ വീസ അനുവദിക്കുന്നതിന് എടുത്തിരുന്ന കാലതാമസം ഈയിടെ ജർമനി കുറച്ചിരുന്നു. മുൻപ് ഇന്ത്യക്കാർക്ക് മുമ്പ് 9 മാസം വരെയെടുത്തിരുന്ന വീസ പ്രക്രിയയാണ് കേവലം രണ്ടാഴ്‌ചയാക്കി കുറച്ചത്. 2024 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം 1.37 ലക്ഷം വിദഗ്‌ധ തൊഴിലാളികൾ ജർമനിയിൽ ജോലി ചെയ്യുന്നുണ്ട്. 2015ൽ ഇത് വെറും 23,000 മാത്രമായിരുന്നു.

ഒഴിവുകൾ നികത്താൻ വൈകുന്നത് ജർമൻ സമ്പദ് വ്യവസ്ഥക്ക് മൂന്നു വർഷം കൊണ്ട് 7,400 കോടി യൂറോയുടെ (6.82 ലക്ഷം കോടിയോളം രൂപ) നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 80,000 വർക്ക് വീസ ഈ വർഷം ജൂൺ വരെ ജർമനി നൽകിയിട്ടുണ്ടെന്നാണ് ഫെഡറൽ ഫോറിൻ ഓഫീസിൻ്റെ കണക്ക്. ഇതിൽ പകുതിയും വിദഗ്‌ധ തൊഴിലാളികളാണ്.

Leave a Reply

Your email address will not be published. Required fields are marked *