തൊഴിലെടുക്കാം, വിദേശത്ത്;ഇന്ത്യക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ വര്‍ക്ക് വിസ കിട്ടുന്ന രാജ്യങ്ങള്‍

അമേരിക്ക, യു.കെ അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴില്‍ വിസ നേടുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. ഓരോ രാജ്യങ്ങളിലെയും കുടിയേറ്റ നിയമങ്ങളും, വിസ നടപടിക്രമങ്ങളും വ്യത്യസ്തമായത് കൊണ്ടുതന്നെ തൊഴില്‍ വിസകള്‍ ലഭിക്കാനുള്ള സാധ്യതയും മാറി വരുന്നു.

വിസ നടപടിക്രമങ്ങളിലെ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുമായി ഉഭയകക്ഷി സൗഹൃദമുള്ള രാജ്യങ്ങളാണെങ്കില്‍ സ്വാഭാവികമായും വര്‍ക്ക് വിസ ലഭിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. ഇന്ത്യന്‍ പ്രൊഫഷനലുകളെ രാജ്യത്തെത്തിക്കുന്നതില്‍ അതീവ താല്‍പര്യം കാണിക്കുന്ന മൂന്ന് രാജ്യങ്ങള്‍ ഏതാണെന്ന് നോക്കാം.

  1. ഫ്രാന്‍സ്

കൂടുതല്‍ ഇന്ത്യക്കാരെ വരും വര്‍ഷങ്ങളില്‍ ഫ്രാന്‍സിലേക്കെത്തിക്കാനാണ് ഫ്രഞ്ച് സര്‍ക്കാറിന്റ നീക്കം. ഇതിനായി വിസ നിയമങ്ങളില്‍ വരെ മാറ്റം കൊണ്ടുവന്നിരിക്കുകാണ് ഫ്രാന്‍സ്. 2030 ഓടെ ഏകദേശം 30000 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഫ്രാന്‍സ് ലക്ഷ്യം വെക്കുന്നത്.

ഫ്രാന്‍സില്‍ ജോലി ലക്ഷ്യം വെക്കുന്നവരാണ് നിങ്ങളെങ്കില്‍ ദീര്‍ഘകാല തൊഴില്‍ വിസ നേടേണ്ടി വരും. സാധാരണ ഗതിയില്‍ 1 മുതല്‍ 4 വര്‍ഷം വരെ സാധുതയുള്ള തൊഴില്‍ വിസയാണ് ഫ്രാന്‍സ് മുന്നോട്ട് വെക്കുന്നത്. തൊഴില്‍ നിബന്ധനകളെ ആശ്രയിച്ച് ഇത് പിന്നീട് പുതുക്കാനാവും. സീനിയര്‍ മാനേജമെന്റ്, വൈദഗ്ദ തൊഴില്‍ മേഖല, ഹെല്‍ത്ത് കെയര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് ഈ വിസയ്ക്ക് അര്‍ഹതയുണ്ട്.

ഇതിന് പുറമെ ഫ്രാന്‍സില്‍ ഉപരിപഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി 5 വര്‍ഷത്തേക്കുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സില്‍ പഠനം പൂര്‍ത്തിയാക്കി തൊഴില്‍ ലക്ഷ്യം വെക്കുന്ന താമസക്കാര്‍ക്കായുള്ള പദ്ധതിയാണിത്.

  1. ജര്‍മ്മനി

കുറഞ്ഞ ട്യൂഷന്‍ ചെലവുകളാണ് ജര്‍മ്മനിയിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഐ.ടി, എഞ്ചിനീയറിങ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ വൈദഗ്ദ തൊഴില്‍ മേഖലകളിലേക്ക് ജര്‍മ്മനിക്ക് തൊഴിലാളികളെ ആവശ്യമുണ്ട്. വ്യത്യസ്തമായ തൊഴില്‍ വിസകളും, ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്കായി ഇ.യു ബ്ലൂ കാര്‍ഡ് പദ്ധതിയും നിലവിലുള്ളതിനാല്‍ ജര്‍മ്മനിയില്‍ തൊഴില്‍ വിസ നേടിയെടുക്കല്‍ എളുപ്പമുള്ളതാക്കി തീര്‍ക്കുന്നു.

മുകളില്‍ സൂചിപ്പിച്ച പോലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ജര്‍മ്മനിക്ക് പ്രത്യേക സ്ഥാനം ലഭിക്കുന്നത് കുറഞ്ഞ ചെലവിലുള്ള പഠനമാണ്. പല ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികളും യൂറോപ്പിലെ മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ട്യൂഷന്‍ ഫീസ് തീരെ ഈടാക്കാത്ത സര്‍വകലാശാലകളും ജര്‍മ്മനിയില്‍ ധാരാളമുണ്ട്.

  1. അയര്‍ലാന്റ്
    2023 പകുതിയോടെയാണ് അയര്‍ലാന്റ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ റഡാറില്‍ പെടുന്നത്. ബ്രക്‌സിറ്റ് പിന്നാലെ യു.കെയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും, ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന കുടിയേറ്റ വിരുദ്ധ വികാരങ്ങളും ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഈയവസരം ഫലപ്രദമായി ഉപയോഗിച്ച രാജ്യങ്ങളിലൊന്നാണ് അയര്‍ലാന്റ്.

ഇംഗ്ലണ്ടുമായി തട്ടിച്ച് നോക്കുമ്പോള്‍ ചെറിയ സമ്പദ് ഘടനയാണ് അയര്‍ലാന്റിനുള്ളത്. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ അയര്‍ലാന്റിലേക്ക് കുടിയേറാന്‍ വിമുഖത കാണിച്ചിരുന്നു. എന്നാല്‍ ഐറിഷ് സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനായി ചേക്കേറുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകള്‍ ലഭിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഐ.ടി, എഞ്ചിനീയറിങ്, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ വൈദഗ്ദ്യമുള്ള തൊഴിലാളികള്‍ക്ക് അയര്‍ലാന്റില്‍ മികച്ച തൊഴല്‍ അവസരങ്ങളാണ് കാത്തിരിക്കുന്നത്.

അടിയന്തര അവശ്യ തൊഴില്‍ മേഖലകളില്‍ ജോലിക്കായി എത്തുന്ന തൊഴിലാളികളെ സംബന്ധിച്ച് വേഗത്തില്‍ വിസ ലഭിക്കാനും, പിന്നീട് പി.ആര്‍ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *