അബുദാബി: യുഎഇയിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാനഘടകങ്ങൾ, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, വൈവിധ്യമാർന്ന അവസരങ്ങൾ, ഡിജിറ്റൽ മുന്നേറ്റങ്ങൾ, ഭാവി വികസനങ്ങളെ മുന്നിൽ കണ്ടുള്ള പദ്ധതികൾ ഇവയെല്ലാമാണ്. ആഗോള റിപ്പോർട്ടുകളും റാങ്കിംഗും അനുസരിച്ച് ലോകത്തെ പ്രതിഭകൾക്കുള്ള ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നാണ് യുഎഇ, പ്രത്യേകിച്ചും വൈദഗ്ധ്യമുള്ള ആളുകളെ സംബന്ധിച്ച്. വിദഗ്ധ തൊഴിലാളികൾക്ക് വരും നാളുകളുകളിൽ വമ്പൻ അവസരങ്ങളാണ് യുഎഇയിൽ ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന മേഖലകളിൽ.
2025 ൽ യുഎഇയുടെ തൊഴിൽ വിപണിയിൽ വലിയ സ്വാധീനമാണ് എഐ വരുത്താൻ പോകുന്നതെന്ന് പറയുകയാണ് ബൈറ്റ് ഡോട്ട് കോം സിഇഒ റബിയ അതായ. പതിവ് രീതികളിൽ നിന്നും മാറാൻ കമ്പനികളേയും വ്യക്തികളേയും എഐ സഹായിക്കും, കൂടാതെ വ്യക്തി അവബോധവും ഡാറ്റ ഇൻസൈറ്റ്സും ചേർത്ത് മുന്നേറാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. എഐയുടെ വരവോടെ സോഫ്റ്റ്വെയർ എഞ്ചിനിയർമാരുൾപ്പെടെയുള്ള സാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളുടെ ആവശ്യം ഏറുകയാണ്. മാത്രമല്ല ജനസംഖ്യ വർധനവ് രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ ആവശ്യവും വർധിപ്പിക്കുന്നു. പരസ്യം, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലും ബിരുദധാരികൾക്ക് വൻ അവസരങ്ങളാണ് ഒരുങ്ങുന്നതെന്ന് ‘, അദ്ദേഹം പറഞ്ഞു.
തൊഴിൽ സാധ്യതകൾ രാജ്യത്തെ സാമ്പത്തിക വളർച്ചയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് പറയുകയാണ് ഗലാൽ ആന്റ് കരാവി മാനേജ്മെന്റ് കൺസൾട്ടിങ് (ജി ആന്റ് കെ) മാനേജിങ് പാട്ണർ അസം ഗലാൽ. വലിയ സാമ്പത്തിക മുന്നേറ്റമാണ് രാജ്യത്ത് ഉണ്ടാകുന്നതെന്നും അതിനാൽ തന്നെ തൊഴിൽ വിപണിയും വളരുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ സാമ്പത്തിക വളർച്ച ആഗോള ശരാശരിയെ മറികടക്കുമെന്ന പ്രവചനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് 5.1 ശതമാനം വളർച്ചയാണ് അന്താരാഷ്ട്ര നാണയ നിധി പ്രവചിക്കുന്നത്. ലോക ബാങ്ക് 4.1 ശതമാനവും യുഎഇ സെൻട്രൽ ബാങ്ക് 4.5 ശതമാനം വളർച്ചയും പ്രഖ്യാപിക്കുന്നു. ഈ വളർച്ച തൊഴിൽ വിപണിക്ക് ഏറെ ഗുണകരമാകും. പ്രത്യേകിച്ച് മെഷീൻ ലേണിംഗ്, എഐ പ്രോഗ്രാമിംഗ്, ഡാറ്റ സയൻസ്, പ്രോസസ് ഓട്ടോമേഷൻ തുടങ്ങിയ എഐ അനുബന്ധ മേഖലകളിൽ.
എഐ സാങ്കേതിക വിദ്യയും അതിനോട് ബന്ധപ്പെട്ട് കിടക്കുന്ന മേഖലകളും യുഎയിൽ വളരുകയാണെന്ന് എൻവിഡിയ എഐ സൊല്യൂഷൻസ് അറ്റ് അഡ്വാൻസ്ഡ് ഇൻ്റഗ്രേഷൻ ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ അഹമ്മദ് ഗമാൽ വ്യക്തമാക്കി. രാജ്യത്തെ വിവിധ എഐ പ്രൊജക്ടുകളും ഡാറ്റ സെന്ററുകളും പ്രോഗ്രാമേഴ്സിനും സ്പെഷ്യലിസ്റ്റുകൾക്കും വലിയ സാധ്യത ഒരുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം എഐ മേഖലയിൽ ഉൾപ്പെടെയുള്ള വളർച്ച മലയാളികൾക്കടക്കം വലിയ അവസരങ്ങൾക്കാണ് വഴി തുറക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.