കേരളത്തിൽ നിന്നടക്കം നിരവധി പേരാണ് വിദേശപഠനത്തിനായി ഓരോ വർഷവും കാനഡയിലേക്ക് പറക്കുന്നത്. ഇന്ത്യയിൽ നിന്നും കാനഡയിലേക്കുള്ള കുടിയേറ്റം ഇത്രത്തോളം ശക്തമായത് കൊവിഡിന് ശേഷമാണ്. കാനഡയിൽ ഭാവി തേടി പോയവരിൽ ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഉള്ളവർ അടക്കം ഉൾപ്പെടുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് കാനഡയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ കുടിയേറ്റം വ്യപകമായതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്ന് പോകുന്നത്.
കടുത്ത തൊഴിലിൽ ക്ഷാമവും, പാർപ്പിട സൗകര്യങ്ങളുട അപര്യാപ്തതയുമെല്ലാം രാജ്യത്ത് സർവ്വകാല റെക്കോഡിൽ എത്തിനിൽക്കുകയാണ്. ഇതോടെ നല്ലൊരു ജോലിയോ, താമസ സൗകര്യങ്ങളോ ലഭിക്കാതെ നട്ടംതിരിയുകയാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ. കാനഡയിൽ വിദേശികൾ പ്രത്യേകിച്ച് ഇന്ത്യക്കാർ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി എടുത്ത് കാണിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫുഡ് ബാങ്കിന് മുന്നിൽ ഭക്ഷണത്തിനായി കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ വീഡിയോകൾ മുൻപ് വൈറലായിരുന്നു. ഇപ്പോൾ സമാനരീതിയിൽ ഒരു ഹോട്ടലിന് മുന്നിൽ സിവിയും പിടിച്ച് വെയിറ്റർ ജോലിക്കായി കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ നീണ്ട ക്യൂ ആണ് വീഡിയോയിൽ ഉള്ളത്.
കാനഡയിലെ ബ്രാംപ്റ്റർ എന്ന പ്രേദശത്ത് നിന്നുള്ള വീഡിയോയിൽ പുതുതായി ആരംഭിച്ച ഹോട്ടലിന് മുൻപിൽ ഏകദേശം 3000ത്തോളം പേരാണ് കാത്ത് നിൽക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണത്രേ. സിവി നൽകി മടങ്ങിപ്പോകുകയാണെന്നും, ഷോർട്ട് ലിസ്റ്റ് ചെയ്താൽ അവർ ബന്ധപ്പെടും എന്നാണ് അറിയിച്ചിരിക്കുന്നതെന്നും, എന്നാൽ ജോലി കിട്ടുമെന്ന പ്രതീക്ഷയൊന്നും തനിക്കില്ല’, എന്നുമാണ് വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അമ്പരപ്പ് പ്രകടിപ്പിച്ച് കമന്റ് പങ്കിട്ടിരിക്കുന്നത്. ‘വീഡിയോയിൽ കാണുന്നത് ശരിയാണെങ്കിൽ കാനഡയിലെ സാഹചര്യവും ഏറെ ദുഷ്കരമായിരിക്കുകയാണ്. ഇന്ത്യയിൽ പോലും ഒരു ഹോട്ടലിന് മുൻപിൽ ഇങ്ങനെ ജോലിക്ക് വേണ്ടി ആളുകൾ നിൽക്കുന്നത് കണ്ടിട്ടില്ല’, എന്നാണ് ഒരാൾ എഴുതിയത്. കാനഡയിലെ ഇപ്പോഴത്തെ സാഹചര്യം തന്നെയാണ് വീഡിയോയിൽ കാണുന്നതെന്നും തന്റെ സുഹൃത്തിന് സമാന അനുഭവം ഉണ്ടെന്നും മറ്റൊരാൾ കുറിച്ചു.
ഈ ജോലി സ്വീകരിക്കാൻ ഇന്ത്യയിലായിരുന്നെങ്കിൽ ആളുകൾ തയ്യാറാകുക പോലും ഇല്ലല്ലോയെന്നായിരുന്നു മറ്റൊരു കമന്റ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വൈകാതെ തന്നെ വിദേശ പഠനത്തിൽ പല മാറ്റങ്ങളും രാജ്യങ്ങൾ നടപ്പിലാക്കിയേക്കുമെന്ന മുന്നറിയിപ്പും ചിലർ നൽകുന്നു. കനേഡിയൻ സർക്കാർ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾ കടുപ്പിക്കാനൊരുങ്ങുകയാണ്, വരും വർഷങ്ങളിൽ വിദേശ പഠനാനുമതി കുത്തനെ കുറക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ അറിയിച്ചിരുന്നു.
Leave a Reply