ദി യംഗ് പീപ്പിള്‍ ഓഫ് എക്‌സലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള 2025 ലെ ചൈനീസ് ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ഈ സ്‌കോളര്‍ഷിപ്പ് മികച്ച ചൈനീസ് സര്‍വകലാശാലകളില്‍ വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ നല്‍കുന്നു.
സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍
പഠന കാലയളവിലുടനീളം മുഴുവന്‍ ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ്, താമസ സ്‌റ്റൈപ്പന്‍ഡുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെല്ലാം സ്‌കോളര്‍ഷിപ്പില്‍ ഉള്‍ക്കൊള്ളുന്നു.
യോഗ്യതയുള്ള കോഴ്‌സുകള്‍
അന്താരാഷ്ട്ര ബന്ധങ്ങള്‍, ചൈനീസ് നിയമം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ബിഗ് ഡാറ്റയും, ആഗോള പൊതുനയം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍, പരിസ്ഥിതി മാനേജ്‌മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംഗ്, വിദ്യാഭ്യാസവും നേതൃത്വവും എന്നിങ്ങനെയുള്ള കോഴ്‌സുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. മിക്ക കോഴ്‌സുകളും 12 മാസത്തെ ദൈര്‍ഘ്യമുള്ളതും ഇംഗ്ലീഷിലാണ് നടത്തുന്നത്. ചില പ്രോഗ്രാമുകള്‍ ‘1+1’ മോഡല്‍ പിന്തുടരുന്നു, അവിടെ കോഴ്‌സ് വര്‍ക്കുകളും ഗവേഷണങ്ങളും ചൈനയില്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ഗവേഷണ പ്രബന്ധം ഉദ്യോഗാര്‍ത്ഥിയുടെ മാതൃരാജ്യത്ത് എഴുതി തയ്യാറാക്കേണ്ടതാണ്.
യോഗ്യതാ മാനദണ്ഡങ്ങള്‍
അപേക്ഷകര്‍ 45 വയസ്സിന് താഴെയുള്ള ചൈനീസ് ഇതര പൗരന്മാരായിരിക്കണം.
നല്ല ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടായിരിക്കണം.
കുറഞ്ഞത് ഒരു ബാച്ചിലേഴ്‌സ് ബിരുദം നേടുകയും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കുകയും വേണം.
മുന്‍ഗണനകള്‍
ഡിവിഷന്‍ ചീഫ് തലത്തിലോ അതില്‍ കൂടുതലോ ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.
സീനിയര്‍ മാനേജര്‍മാര്‍, യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, അല്ലെങ്കില്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നേതാക്കള്‍.
അല്ലെങ്കില്‍ അപേക്ഷിക്കുന്ന സമയത്ത് പങ്കെടുക്കുന്ന സര്‍വ്വകലാശാലകളിലൊന്നില്‍ നിന്നുള്ള പ്രീഅഡ്മിഷന്‍ കത്ത് ആവശ്യമാണ്.
പീക്കിംഗ് യൂണിവേഴ്‌സിറ്റി, സിംഗുവ യൂണിവേഴ്‌സിറ്റി, ബെയ്ഹാംഗ് യൂണിവേഴ്‌സിറ്റി, ഫുഡാന്‍ യൂണിവേഴ്‌സിറ്റി, സെജിയാങ് യൂണിവേഴ്‌സിറ്റി, സണ്‍ യാറ്റ്‌സെന്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വ്വകലാശാലകളാണ് സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്. താത്പര്യമുള്ളവര്‍ 2025 മാര്‍ച്ച് 31 രാത്രി 11.59 ന് (IST) മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.