65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി കേരള സർക്കാർ

തിരുവനന്തപുരം: ഇറ്റലിയിലേക്ക് 65000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി കേരള സർക്കാർ. ന്യൂഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡർ എച്ച്.ഇ ആന്റോണിയോ ബാർട്ടോളിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വന്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച ചർച്ചകൾ നടന്നത്.

കേരളത്തിന്റെ ആഗോള സംഭാവനകൾ നയതന്ത്രപരമായി പ്രദർശിപ്പിക്കാനും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് കൂടിക്കാഴ്ചയെന്ന് കെവി തോമസ് വ്യക്തമാക്കി. ഇറ്റാലിയൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ചരിത്രപ്രാധാന്യവും വൈവിധ്യമാർന്ന ആചാരങ്ങളും കെ വി തോമസ് ആന്റോണിയോ ബാർട്ടോളിക്ക് മുന്നില്‍ വിശദീകരിച്ചു.

ലോകപ്രശസ്തമായ ഉൾനാടൻ ജലാശയങ്ങൾ, ആയുർവേദ സുഖചികിത്സാ കേന്ദ്രങ്ങൾ, വ്യത്യസ്തമായ ഉത്സവങ്ങൾ തുടങ്ങിയവ മികച്ച അനുഭവമാകും ഇറ്റാലിയൻ, യൂറോപ്യൻ പൗരന്മാർക്ക് നൽകുകയെന്ന് കെ.വി തോമസ് വ്യക്തമാക്കി. ചർച്ചയിൽ ഇറ്റലിയും കേരളവും തമ്മിലുള്ള സാംസ്കാരിക ഇടപെടലുകളും സഹകരണങ്ങളും കൂടുതൽ മെച്ചപ്പെടുത്താനുള്ള സാധ്യതകളും ചർച്ചയായി. ഇറ്റലിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ഇറ്റലിയിൽ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്ക്കൊപ്പം ഇറ്റാലിയൻ ഭാഷ കൂടി നഴ്സുമാർ പഠിക്കേണ്ടത് ഉണ്ടെന്നും അംബാസഡർ അറിയിച്ചു. 65000 നഴ്സുമാരെ നോർക്ക റൂട്സ് വഴി ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യാൻ താല്പര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ കൊച്ചിയിൽ വച്ച് നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഇറ്റാലിയൻ അംബാസഡറും ഇറ്റാലിയൻ സ്ഥാപനങ്ങളും പങ്കെടുക്കും. ടൂറിസം രംഗത്തും കേരളവുമായി ബന്ധം സ്ഥാപിക്കാൻ ഇറ്റലി ആഗ്രഹിക്കുന്നു. കേരളം സന്ദർശിക്കുമ്പോൾ കോവളം ഉൾപ്പെടെയുള്ള ബീച്ചുകളും ആലപ്പുഴ ഹൗസ് ബോട്ടുകളും ഇന്ത്യയിലെ ആദ്യ മാതൃക ടൂറിസം ഗ്രാമമായ കുമ്പളങ്ങിയും സന്ദർശിക്കുമെന്നും അംബാസഡർ വ്യക്തമാക്കി.

വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ വർദ്ധിപ്പിക്കാനും ഉഭയകക്ഷി സാംസ്കാരിക പാരമ്പര്യങ്ങൾ അംഗീകരിക്കാനുള്ള സാധ്യതകളും ചർച്ചയായി. ഇറ്റലിയുടെ ആഗോള വേദിയിൽ കേരളത്തിന്റെ തനതായ സവിശേഷതകളെ പ്രതിനിധീകരിക്കുകയും അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ സ്ഥാപിക്കുകയും ചെയ്യാനുള്ള കേരളത്തിന്റെ പ്രതിബദ്ധതയെ ഈ കൂടിക്കാഴ്ച അടിവരയിടുന്നതായും കെവി തോമസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *