വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിന് മുമ്പായി വിവിധ പ്രവേശന പരീക്ഷകളിലെ മാര്‍ക്കുകള്‍ മാനദണ്ഡമാക്കാറുണ്ട്. ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, ജിമാറ്റ് പരീക്ഷകളിലെ സ്‌കോറുകളാണ് ഇത്തരത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് മാനദണ്ഡമാക്കാറുള്ളത്. ഐ.ഇ.എല്‍.ടി.എസിനെ കുറിച്ച് നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക വിദ്യാര്‍ഥികള്‍ക്കും അറിയാവുന്നതാണ്. കേരളത്തിലുടനീളം ഐ.ഇ.എല്‍.ടി.എസിനായി നിരവധി കോച്ചിങ് സെന്ററുകളുണ്ട്.
എന്നാല്‍ ഐ.ഇ.എല്‍.ടി.എസിനെ പോലെ തന്നെ വിദേശ പഠനങ്ങള്‍ക്കായി പല സര്‍വകലാശാലകളും മാനദണ്ഡമാക്കാറുള്ള പ്രധാനപ്പെട്ടൊരു പരീക്ഷയാണ് കോളജ് ബോര്‍ഡ് സംഘടിപ്പിക്കുന്ന SAT. അഥവാ സ്‌കൊളാസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റിയന്‍സ് ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് പരീക്ഷയായ സാറ്റ് കമ്പ്യൂട്ടര്‍ ടെസ്റ്റ് മോഡിലാണ് നടത്തുന്നത്. കോളജ് ബോര്‍ഡാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
SAT പരീക്ഷ എപ്പോള്‍ നടക്കും?
എല്ലാ വര്‍ഷവും സാറ്റ് എക്‌സാമുകള്‍ സംഘടിപ്പിക്കാറുണ്ട്. ഒക്ടോബര്‍, ആഗസ്റ്റ്, നവംബര്‍, ഡിസംബര്‍, മാര്‍ച്ച്, മെയ്, ജൂണ്‍ മാസങ്ങളില്‍ ദേശീയ തലത്തില്‍ പരീക്ഷ നടക്കുന്നു.
രണ്ട് ഘട്ടങ്ങളിലൂടെയാണ് പരീക്ഷ കടന്നുപോകുന്നത്. റീഡിങ്, റൈറ്റിങ് എന്നിവയോടൊപ്പം മാത്തമാറ്റിക്‌സിലെ മികവും അളക്കുന്നു. ആകെ 2 മണിക്കൂറും, 14 മിനുട്ടുമാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ഒന്നാം ഘട്ടം വായനയാണ്. 64 മിനുട്ടില്‍ ഇത് പൂര്‍ത്തിയാക്കണം. മാത് സിന് 70 മിനുട്ട് നല്‍കും.
1600 ലാണ് സ്‌കോര്‍. പരീക്ഷയുടെ ഏതാണ്ട് ഒരു മാസം മുന്‍പ് കോളജ് ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ വിളിക്കും. ഓണ്‍ലൈന്‍ ആയോ ഇമെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
കാനഡ, യു.എസ്, യു.കെ, ഇറ്റലി, ആസ്‌ട്രേലിയ എന്നിങ്ങനെ ഒട്ടുമിക്ക രാജ്യങ്ങളിലെയും പ്രമുഖ സര്‍വകലാശാലകള്‍ സാറ്റ് സ്‌കോറുകള്‍ പരിഗണിക്കാറുണ്ട്. വിദ്യാര്‍ഥികള്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ മറ്റ് രേഖകളോടൊപ്പം സാറ്റ് സ്‌കോറും നല്‍കണം. ഉയര്‍ന്ന SAT, അല്ലെങ്കില്‍ ACT സ്‌കോറുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രവേശന പ്രക്രിയയില്‍ മുന്‍ഗണന ലഭിക്കാന്‍ കാരണമാവും.
Leave a Reply