എൻജിനിയറിംഗ്, ഐ ടി, സോഫ്റ്റ്‌വെയർ വികസനം, ഹെൽത്ത് കെയർ, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വർദ്ധിച്ചുവരുന്ന തൊഴിൽ ലഭ്യതയ്ക്കനുസരിച്ച് ആസ്ട്രിയ 2025ൽ വർക്ക് വിസ നയത്തിൽ മാറ്റം വരുത്താനൊരുങ്ങുന്നു. പ്രസ്‌തുത തൊഴിലുകളിൽ പ്രതിവർഷം 45000 -70000 ഡോളർ വരെ വരുമാനം ലഭിക്കും. ഹെൽത്ത് കെയർ, എൻജിനിയറിംഗ്, ട്രാൻസ്പോർട്ട്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ 110 പുതിയ തൊഴിലുകളാണ് രൂപപ്പെട്ടുവരുന്നത്. ഇതിനകം തന്നെ വിസ നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്.
ചുവപ്പ് -വെളുപ്പ് – ചുവപ്പ് കാർഡ് സിസ്റ്റം നടപ്പിലാക്കും. കൂടാതെ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 3030 ഡോളർ വേതനം ലഭിക്കും. എന്നാൽ ഇ.യു നീലക്കാർഡുള്ളവർക്ക് പ്രതിവർഷം 47855 ഡോളർ ശമ്പളം ലഭിക്കും. സ്കിൽഡ് വർക്കർ വിഭാഗത്തിൽ തൊഴിൽ വിസയ്ക്ക് 55 പോയിൻ്റ് ആവശ്യമാണ്. വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പ്രായം, ഇംഗ്ലീഷ് പ്രാവീണ്യം തുടങ്ങിയവ വിലയിരുത്തും. ഓഫർ ലെറ്റർ, സാമ്പത്തിക ശേഷിയുടെ തെളിവുകൾ, ഹെൽത്ത് ഇൻഷ്വറൻസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത, ക്രിമിനൽ പശ്ചാത്തലമില്ലായ്മ എന്നിവ ഘടകങ്ങൾ വിലയിരുത്തിയാണ് സ്കോർ പോയിൻ്റുകൾ ലഭിക്കുക.
ഉദ്യോഗാർത്ഥികൾ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ട്. തൊഴിൽ കോൺട്രാക്ട്/ഓഫർ ലെറ്റർ, യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, സാമ്പത്തിക തെളിവുകൾ തുടങ്ങിയവ ആവശ്യമാണ്. ജർമൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ പ്രാവീണ്യം തൊഴിൽവിസ എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കും. വിശദ വിവരങ്ങൾക്കായി www.migration.gv.at എന്ന വെബ്സൈറ്റ് സന്ദർശിക്കുക.