അബുദാബി: യുഎഇയിൽ ഓരോ വർഷവും ആരംഭിക്കുന്ന സംരംഭങ്ങൾക്ക് യാതൊരു കുറവുമില്ല. ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളാണ് രാജ്യത്ത് ആരംഭിക്കുന്നത്. പുതിയ കമ്പനികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വലിയ അവസരങ്ങൾക്കാണ് വഴി തുറക്കുന്നത്. റിസപ്ഷനിസ്റ്റ് മുതൽ എച്ച്ആർ വരെയെുള്ള തസ്തികകളിൽ അവസരങ്ങൾ ലഭിക്കും.
ബിസിനസുകളുടെ കാര്യത്തിൽ പുതുവർഷത്തിലും യുഎഇ കുതിക്കുകയാണ്. അതിനാൽ തന്നെ ഓരോ കമ്പനികളിലും തൊഴിലാളികളുെട ആവശ്യം ഏറിവരികയാണ്’, ഒരു കമ്പനിയിലെ ഹയറിങ് മാനേജർ പറഞ്ഞതിങ്ങനെയാണ്, പരസ്യം നൽകാതെ തന്നെ അഡ്മനിൻ റോളിലേക്ക് 20 ലധികം അപേക്ഷകൾ ലഭിച്ചുവെന്ന്.
4,000 ദിർഹം മുതൽ 8,000 ദിർഹം വരെയാണ് ജനറൽ ഓഫീസ് മാനേജ്‌മെൻ്റ്, കസ്റ്റമർ സർവീസ്, ഓഫീസ് അഡ്മിൻ എന്നീ തസ്തികകളിൽ ശമ്പളം ലഭിക്കാറുള്ളതെന്ന് ഇന്നൊവേഷൻസ് ഗ്രൂപ്പ് ഡാറ്റ വ്യക്തമാക്കുന്നു. എന്നാൽ ഈ ശമ്പളം കമ്പനികളുടെ വലിപ്പവും ജോലിയുടെ സ്വഭാവവും അനുസരിച്ച് വ്യത്യാസപ്പെടാം.
എന്നാൽ ചില കമ്പനികൾ എച്ച്ആർ ചെലവുകൾ കുറക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റാഫ് നിയമനം ഔട്ട് സോഴ്സ് ചെയ്യാറുണ്ട്. ചില കമ്പനികൾ കരാർ നിയമനങ്ങളാണ് നടത്താറുള്ളത്. പ്രത്യേകിച്ച് പ്രൊജക്ട് അധിഷ്ഠിതമായ അല്ലെങ്കിൽ ഏതെങ്കിലും സീസണുകളിൽ കൂടുതൽ ആവശ്യമായ റോളുകളിലേക്ക്. ചില സ്റ്റാർട്ടപ്പുകളും എസ്എംഇകളും ചില റോളുകൾ തന്നെ ഔട്ട് സോഴ്സ് ചെയ്യാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക കരാറുകൾ ഇല്ലാതെ തന്നെ മുൻപും പല കരാർ നിയമനങ്ങൾ നടത്താറുണ്ട്. അതേസമയം ഇന്ന് ഔദ്യോഗിക കരാറുകളോട് കൂടിയുള്ള നിയമനങ്ങൾ നടക്കുന്നു. ഇതിന് കമ്പനികളെ പ്രേരിപ്പിക്കുന്നത് ഓരോ മേഖലയിലുമുള്ള മത്സരങ്ങൾ അടക്കമുള്ള ഘടകങ്ങളാണ്.
സ്വദേശികളും ഇപ്പോൾ കരാർ ജോലികളോട് കൂടുതൽ താത്പര്യം കാണിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് ഫിനാൻസ്, ഐടി, എച്ച്ആർ തുടങ്ങിയ തസ്തികകളിലേക്കാണ് കൂടുതൽ പേരും എത്തുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.