ഒമാനില്‍ 450 ലേറെ തൊഴിലവസരങ്ങള്‍; ഇന്ത്യക്കാര്‍ക്ക് ഗുണമുണ്ടാകുമോ?

മസ്‌കത്ത്: ഒമാനില്‍ പുതിയ തൊഴിലവസരങ്ങള്‍. അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസ് റെഗുലേഷന്‍ ചെയര്‍മാന്‍ ഡോ. മന്‍സൂര്‍ ബിന്‍ തലേബ് അല്‍ ഹിനായ് അധ്യക്ഷനായ ഗവേണന്‍സ് കമ്മിറ്റി ഫോര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പബ്ലിക് സര്‍വീസസ് സെക്ടര്‍ 479 പുതിയ തൊഴിലവസരങ്ങള്‍ തുറക്കുന്നതായി പ്രഖ്യാപിച്ചു. നാമ ഗ്രൂപ്പുമായി സഹകരിച്ച് തൗതീന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക.

വാട്ടര്‍ അതോറിറ്റിയിലെ വിവിധ തസ്തികകളില്‍ ആയിരിക്കും ഒഴിവുകളുണ്ടാകുക. തൗതീന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി അപേക്ഷകൾ അയക്കാം എന്ന് കമ്മിറ്റി അറിയിച്ചു. തൊഴിലുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ക്കായുള്ള അവസരങ്ങള്‍ക്കൊപ്പം ഈ മേഖലയിലെ വിവിധ നിയന്ത്രിത കമ്പനികളില്‍ ഉടനീളം വിപുലമായ തൊഴില്‍ അവസരങ്ങള്‍ സമീപഭാവിയില്‍ പ്രഖ്യാപിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

ഒമാനി തൊഴിലാളികളുടെ എണ്ണം 2023 ല്‍ 79 ശതമാനത്തിലെത്തിയിരുന്നു. കൂടാതെ വൈദ്യുതി, വെള്ളം, മലിനജല മേഖലകളില്‍ ഒമാനി തൊഴില്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ കമ്മിറ്റി എടുത്തുകാട്ടി. പുതിയ തൊഴിലവസരങ്ങളുടെ പ്രഖ്യാപനവും ഈ ശ്രമങ്ങളുടെ തുടര്‍ച്ചയാണ്. തൊഴില്‍ മന്ത്രാലയത്തിന്റെയും ദേശീയ തൊഴില്‍ പദ്ധതിയുടെയും സഹകരണത്തോടെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ വിപുലമായ പങ്കാളിത്തത്തോടെ തൊഴില്‍ അവസരങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിലാണ് കമ്മിറ്റി ശ്രദ്ധ നൽകുന്നത്. പുതിയ തൊഴിലവസരങ്ങളുടെ പ്രഖ്യാപനവും ഈ ശ്രമങ്ങളുടെ തുടര്‍ച്ചയാണ്.

മേഖലകള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം, പ്രാദേശിക മൂല്യവര്‍ധിത വര്‍ധനയെ പിന്തുണയ്ക്കുക, ഒമാനി വിപണിയില്‍ തൊഴിലവസരങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുക, ഒമാനി പൗരന്മാര്‍ക്ക് സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സുസ്ഥിര സാമ്പത്തിക വികസനത്തിനായി പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സംയോജനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്. ഒമാന്റെ വിഷന്‍ 2040 ന്റെ ഭാഗമാണ് പുതിയ പ്രഖ്യാപനം. സാമ്പത്തിക മേഖലകളിലെ പ്രവര്‍ത്തന ഭരണ സമിതികളുടെ സംഭാവന വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പ്രഖ്യാപനം.

എന്നാൽ പ്രവാസികളെ സംബന്ധിച്ചിടത്തോളം പുതിയ പ്രഖ്യാപനം ആശ്വസിക്കാനുള്ള വക നല്‍കുന്നതല്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ നഷ്ടമാകുമെന്ന് കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു അന്താരാഷ്ട്ര പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. കുവൈത്തിലെയും സൗദി അറേബ്യയിലെയും കുടിയേറ്റ തൊഴിലാളികളെ ഒഴിവാക്കി പ്രാദേശിക തൊഴിലാളികള്‍ക്ക് അവസരം കൊടുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഒമാന്‍ ഈ ലിസ്റ്റില്‍ ഇല്ലായിരുന്നെങ്കിലും പുതിയ പ്രഖ്യാപനം ഒമാനി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരം പ്രദാനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഉള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *