നോർവേയിൽ അവസരം
ഉന്നത വിദ്യാഭ്യാസ – തൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങളുമായി നോർവേ. ബോൾഗോന ഉടമ്പടിയിൽ ഉൾപ്പെട്ട യൂറോപ്യൻ രാജ്യമായതിനാൽ തന്നെ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്‌ഫർ രീതിയും നിലവിലുണ്ട്. ആർക്കിടെക്ചർ, മാനേജ്മെന്റ്, എൻജിനിയറിംഗ്, നിയമം, സയൻസ്, മെഡിസിൻ, എന്നിങ്ങനെയുള്ള കോഴ്സുകൾക്കും സാദ്ധ്യതകൾ ഏറെയാണ്. മൂന്നു വർഷ ബിരുദപ്രോഗ്രാം, 1- 2 വർഷ ബിരുദാനന്തര പ്രോഗ്രാം, മൂന്നു വർഷ ഡോക്ടറൽ പ്രോഗ്രാം എന്നിവക്കും ധാരാളം അവസരങ്ങളുണ്ട്.
ദേശീയ തലത്തിൽ 8 വീതം സർവ്വകലാശാലകളും സ്പെഷ്യലിസ്റ്റ് യൂണിവേഴ്‌സിറ്റികളും 18 സ്റ്റേറ്റ് യൂണിവേഴ്സിറ്റികളും നോർവേയിലുണ്ട്. കൂടാതെ ഫിഷറീസ്, നഴ്‌സിംഗ്, ഫാർമസി, മെക്കാനിക്കൽ എൻജിനിയറിംഗ്, HVAC, ബയോടെക്നോളജി, ഐ.ടി തുടങ്ങിയ മേഖലകളിലായി നിരവധി തൊഴിലവസരങ്ങളുമുണ്ട്. മോളിക്യൂലാർ ബയോളജി, ബയോമെഡിക്കൽ സയൻസ്, ഫിഷറീസ് സയൻസ് എന്നി വിഷയങ്ങളിൽ ഗവേഷണത്തിനുള്ള സാധ്യതകളുമുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS സ്കോർ നിർബന്ധമാണ്. www.nav.no.
ജർമനിയിലേക്ക് അവസരം
ഇന്ത്യയിൽ നിന്ന് ജർമനിയിലേക്ക് ഉപരിപടനത്തിനായി വിദ്യാർഥികൾ പോകുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയാണ്.
ജർമനിയിൽ ഉപരിപഠന സ്കോളർഷിപ്പുകൾ എൻജിനിയറിംഗ്, ടെക്നോളജി കോഴ്‌സുകൾ തുടങ്ങിയവയിൽ വിദ്യാർഥികൾ അഡ്മിഷൻ എടുക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നു. നഴ്‌സിംഗിനും ജർമനിയിൽ സാദ്ധ്യതകളേറെയാണ്, പക്ഷേ ഉദ്യോഗാർത്ഥികൾക്ക് ജർമൻ ഭാഷാ പ്രാവീണ്യം അത്യന്താപേക്ഷിതമാണ്.
ഉപരിപഠനത്തിന് നിരവധി സ്കോളർഷിപ്പുകളാണ് ജർമനിയിലുള്ളത്. DAAD ജർമനി വഴിയാണ് ജർമൻ ഉപരിപഠനത്തിനുള്ള മേഖല കണ്ടെത്തേണ്ടത്. സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ജർമൻ വിദ്യാഭ്യാസ വിജ്ഞാന വ്യാപന വിഭാഗമായ DAAD ജർമനിയിൽ നിന്ന് അറിയാനാകും. ജർമനിയിൽ സർക്കാർ സ്കോളർഷിപ്പും അല്ലാത്തവയുമുണ്ട്. സർവകലാശാലകൾ നേരിട്ടാണ് ചില സ്കോളർഷിപ്പുകൾ നൽകുന്നത്.
എറാസ്മസ് മുണ്ടസ് സ്കോളർഷിപ്, DAAD സ്കോളർഷിപ് തുടങ്ങിയ സർക്കാർ സ്കോളർഷിപ്പുകളും, ബെയർ ഫൗണ്ടേഷൻ സ്കോളർഷിപ്, ഗോത്ഗോസ് ഗ്ലോബൽ സ്കോളർഷിപ്, ഇ.എസ്.എം.ടി വിമൻസ് അക്കാഡമിക് സ്കോളർഷിപ്, ജേക്കബ്‌സ് യൂണിവേഴ്‌സിറ്റി സ്കോളർഷിപ്, ഇ.എം.എസ്. യു.ജി സ്കോളർഷിപ്, DLD സ്കോളർഷിപ്, ഹെൻറിച്ച് സ്കോളർഷിപ് തുടങ്ങിയവയെല്ലാം ജർമനിയിലെ പ്രധാന സ്കോളർഷിപ്പുകളാണ്. www.daad.de.