ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡിവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജ് (എൻ.ഐ.ആർ.ഡി.പി.ആർ.) ഗ്രാമീണവികസനമേഖലകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് അവസരമൊരുക്കുന്ന പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് ബിരുദം നൽകുന്നത്.
ഡിസിപ്ലിനറി, മൾട്ടിഡിസിപ്ലിനറി, ഇന്റർഡിസിപ്ലിനറി സമീപനങ്ങളിലൂടെ റൂറൽ ഡിവലപ്മെന്റ് മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വെല്ലുവിളികൾ, പരിഹാരങ്ങൾ എന്നിവയിലൂന്നിയുള്ള ഗവേഷണങ്ങളാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.
വിഷയങ്ങൾ
1) ഇക്കണോമിക്സ്, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, മാനേജ്‌മെന്റ് സ്റ്റഡീസ്, റൂറൽ ഹെൽത്ത്, പൊളിറ്റിക്കൽ സയൻസ്, എൻവയൺമെന്റൽ സയൻസ്, ജെൻഡർ സ്റ്റഡീസ്, പോപ്പുലേഷൻ സ്റ്റഡീസ്. തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ പ്രവേശനം തേടുന്നവർക്ക്, ബന്ധപ്പെട്ട വിഷയത്തിൽ, ജെ.ആർ.എഫ്./നെറ്റ് യോഗ്യത ആവശ്യമാണ്. കൂടാതെ, പ്രസ്തുത വിഷയത്തിൽ, മാസ്റ്റേഴ്‌സ് ഡിഗ്രിയോ (55 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ളത്), എം.ഫിൽ. ബിരുദമോ, 75 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള നാലുവർഷ/ എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദമോ യോഗ്യതയായി വേണം.
2) ജി.ഐ.എസ്.: ജ്യോഗ്രഫിയിലോ എൻവയൺമെന്റൽ സയൻസിലോ ജെ.ആർ.എഫ്./നെറ്റ് യോഗ്യതയോ ജിയോമാറ്റിക്‌സ് എൻജിനിയറിങ്ങിലോ എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനിയറിങ്ങിലോ ഗേറ്റ് യോഗ്യതയോ ആവശ്യമാണ്. കൂടാതെ, ജിയോ ഇൻഫർമാറ്റിക്സ്/റിമോട്ട് സെൻസിങ്/ജി.ഐ.എസ്./ ബന്ധപ്പെട്ട മറ്റു മേഖലയിൽ 55 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള എം.എസ്‌സി./എം.ടെക്. ബിരുദം അല്ലെങ്കിൽ ജ്യോഗ്രഫി /എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനിയറിങ്/ എൻവയൺമെന്റൽ സയൻസ്/ജിയോമാറ്റിക്‌സ് എൻജിനിയറിങ്/ ജിയോ ഇൻഫർമാറ്റിക്സ്/റിമോട്ട് സെൻസിങ്/ജി.ഐ.എസ്./ബന്ധപ്പെട്ട മറ്റു മേഖലയിൽ 75 ശതമാനം മാർക്കോടെ/ തത്തുല്യ ഗ്രേഡോടെയുള്ള നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദമോ യോഗ്യതയായി വേണം.
3) സിവിൽ എൻജിനിയറിങ്: സിവിൽ എൻജിനിയറിങ്ങിൽ ഗേറ്റ് യോഗ്യത ആവശ്യമാണ്. കൂടാതെ, സിവിൽ എൻജിനിയറിങ്ങിൽ 55 ശതമാനം മാർക്കോടെ/ തത്തുല്യ ഗ്രേഡോടെയുള്ള മാസ്റ്റേഴ്‌സ് ബിരുദമോ 75 ശതമാനം മാർക്കോടെ/ തത്തുല്യ ഗ്രേഡോടെയുള്ള നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദമോ യോഗ്യതയായി വേണം.
www.nirdpr.org.in -എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷയ്ക്കൊപ്പം 2000 വാക്കുകളിൽ കവിയാത്ത റിസർച്ച് പ്രൊപ്പോസൽ നൽകണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സഹിതം ജനുവരി 19-നകം ലഭിക്കത്തക്കവിധം phd@nirdpr.org.in -ലേക്ക് മെയിൽ ചെയ്യണം. പ്രതിവർഷ ഫീസ് 30,000 രൂപയാണ്. മറ്റ് ഫീസുകളും ഉണ്ടാകും. ഗവേഷണ കാലയളവ്, ഒരുവർഷത്തെ റെസിഡൻഷ്യൽ കോഴ്‌സ് വർക്ക് ഉൾപ്പെടെ കുറഞ്ഞത് മൂന്നുവർഷവും പരമാവധി ആറുവർഷവുമാണ്. അതേസമയം പരമാവധി കാലയളവ് രണ്ടുവർഷംവരെ നീട്ടിനൽകാനും സാധ്യതയുണ്ട്.