നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതിയിലൂടെ പ്ലസ്ടു വിനുശേഷം ജർമ്മനിയിൽ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമുണ്ട്.
ജർമ്മൻ ഭാഷ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പൻ്റ് എന്നിവ പദ്ധതി വാഗ്ദാനം ചെയ്യുന്നു. പദ്ധതി വഴി ജർമ്മനിയിൽ രജിസ്ട്രേഡ് നഴ്സസ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വൊക്കേഷണൽ നഴ്സിങ് ട്രെയിനിങ്ങ് ലഭിക്കും.
യോഗ്യതകൾ
അപേക്ഷകർ ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. ഇതോടൊപ്പം ജർമ്മൻ ഭാഷയിൽ ബി1, ബി2 ലെവൽ പാസ്സായവരുമാകണം (ഗോയ്ഥേ, ടെൽക്, ഒഎസ്ഡി, TestDaf എന്നിവിടങ്ങളിൽ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത).
അപേക്ഷിക്കേണ്ട രീതി
താൽപര്യമുള്ളവർ www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദർശിച്ച്, ഇംഗ്ലീഷിൽ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമ്മൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം 2024 ഒക്ടോബർ 31 ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. ജോലിക്കായുള്ള അഭിമുഖം 2025 മാർച്ചിൽ നടക്കും.
ആരോഗ്യ മേഖലയിലെ മുൻപരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18 നും 27 നും ഇടയിൽ പ്രായമുള്ള കേരളീയരായ വിദ്യാർത്ഥികൾക്കാണ് അവസരം. കൂടാതെ കഴിഞ്ഞ 6 മാസമായി ഇന്ത്യയിൽ താമസിക്കുന്നവരും, നിർദ്ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സന്നദ്ധമായവരുമാകണം അപേക്ഷകർ.
ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത് നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻ്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷനും ചേർന്നാണ്. വിശദ വിവരങ്ങൾക്കായി www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദർശിക്കുക. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും) ബന്ധപ്പെടാവുന്നതാണ്.
Leave a Reply