സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 ഒഴിവുകളാണുള്ളത്. 21 മുതല്‍ 30 വയസ് വരെയാണ് അപേക്ഷകരുടെ പ്രായപരിധി. പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് എക്സര്‍സൈസ്, വ്യക്തിഗത അഭിമുഖം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ 750 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. എസ് സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫീസില്ല. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 16 ആണ്.
അപേക്ഷകള്‍ സമയപരിധിക്ക് മുമ്പ് എല്ലാ പ്രസക്തവും അനുബന്ധ രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ ബാങ്കിന്റെ വെബ്സൈറ്റില്‍ നിന്ന് രജിസ്ട്രേഷന്‍ നമ്പറും പാസ് വേഡും/ ജനനത്തീയതിയും നല്‍കി കോള്‍ ലെറ്ററും ഒരു അക്യുയന്‍ യൂസ് ബുക്ക്ലെറ്റും ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദത്തിന്റെ അവസാന വര്‍ഷ/സെമസ്റ്ററിലുള്ളവര്‍ക്കും അഭിമുഖത്തിന് വിളിക്കുകയാണെങ്കില്‍ 30.04.2025-നോ അതിനുമുമ്പോ ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
മെഡിക്കല്‍, എഞ്ചിനീയറിംഗ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ശമ്പളമായി കുറഞ്ഞത് 48480 രൂപ ലഭിക്കും.
പരീക്ഷ
ഒബ്ജക്റ്റീവ് ടെസ്റ്റ് ആയിരിക്കും പ്രിലിമിനറി പരീക്ഷ. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരീക്ഷ 100 മാര്‍ക്കിന്റേതായിരിക്കും. ഓണ്‍ലൈനായി നടത്തുന്ന മെയിന്‍ പരീക്ഷയിൽ 200 മാര്‍ക്കിന്റെ ഒബ്ജക്റ്റീവ് ടെസ്റ്റുകളും 50 മാര്‍ക്കിന്റെ ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റും ഉണ്ടായിരിക്കും. സൈക്കോമെട്രിക് ടെസ്റ്റ്/ഗ്രൂപ്പ് എക്‌സര്‍സൈസ്/പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ മൂന്നാം ഘട്ട പ്രക്രിയായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും വെവ്വേറെ യോഗ്യത നേടണം. പ്രിലിമിനറി പരീക്ഷയിലെ മാര്‍ക്ക് തിരഞ്ഞെടുക്കാനുള്ള അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതില്‍ ചേര്‍ക്കുന്നതല്ല.