ശമ്പളം കോടികൾ; മദ്രാസ് ഐ.ഐ.ടി യിലെ മിടുക്കനിൽ കണ്ണുവച്ച് ആ​ഗോള ട്രെയ്ഡിംഗ് ഭീമൻ

ചെന്നൈ: മാസം അഞ്ചക്ക ശമ്പളം കിട്ടുന്നൊരു ജോലി സ്വപ്‌നം കാണുന്നവരാണ് നമ്മളെല്ലാവരും. അതോടെ ജീവിതം സെറ്റായി എന്ന് കരുതുന്നവർ. എന്നാൽ കഴിവുണ്ടെങ്കില്‍ പതിനായിരങ്ങളല്ല ലക്ഷങ്ങളും കോടികളും വരെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ശമ്പളമായി വരും എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനാവുമോ?

ഒരു അന്താരാഷ്ട്ര കമ്പനി ഐ.ഐ.ടി മദ്രാസിലെ ഒരു മിടുക്കന് വാഗ്ദാനം ചെയ്തിരിക്കുന്നത് കേട്ടാല്‍ കണ്ണ് തള്ളിപ്പോകുന്ന ശമ്പളമാണ്. ഒരു മാസത്തെ ശമ്പളം മതിയാകുമല്ലോ ജീവിതം തന്നെ മാറിമറിയാൻ എന്ന് തോന്നിപ്പോകും. അങ്ങനെയാണെങ്കിൽ ഒരു വര്‍ഷത്തെ ശമ്പളമോ?! അത് കോടികള്‍ വരും

ജെയ്ന്‍ സ്ട്രീറ്റ് എന്ന കമ്പനി 4.3 കോടിയുടെ വാര്‍ഷിക ശമ്പള പാക്കേജ് ആണ് ഐ.ഐ.ടി മദ്രാസിലെ വിദ്യാര്‍ത്ഥിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത് ഒരു മാസം അക്കൗണ്ടിലേക്ക് ഏകദേശം ശമ്പളമായി എത്തുക 35 ലക്ഷത്തോളം രൂപ ആയിരിക്കും. ശമ്പളം, ബോണസ്, താമസം എന്നിവയെല്ലാം ഉള്‍പ്പെടുന്ന പാക്കേജാണ് വിദ്യാർഥിക്ക് കമ്പനി നൽകിയിരിക്കുന്നത്. അന്തരാഷ്ട്ര കമ്പനികളിലേക്ക് ധാരാളം പ്ലേസ്‌മെന്റുകള്‍ നടക്കുന്ന ഈ സമയത്ത് പുറത്ത് വന്നിരിക്കുന്ന ഏറ്റവും വലിയ ശമ്പള ഓഫര്‍ ആണ് ഇത്.

പ്രശസ്തമായ ആഗോള ട്രെയ്ഡിംഗ് കമ്പനിയാണ് ജെയ്ന്‍ സ്ട്രീറ്റ്. അതിനാൽ തന്നെ ജോലി സ്വീകരിക്കുകയാണെങ്കില്‍ യുവാവ് ഹോങ്കോങിലേക്ക് താമസം മാറ്റേണ്ടി വരും. അക്കാര്യത്തിലും ടെന്‍ഷന്‍റെ ആവശ്യമില്ല, കാരണം അതിനുളള ചിലവും കമ്പനി തന്നെ വഹിക്കും. ജെയ്ന്‍ സ്ട്രീറ്റ് കമ്പനി കണ്ണുവെച്ച ആ മിടുക്കന്‍ ആരാണ് എന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല. റിപ്പോര്‍ട്ടുകളനുസരിച്ച് ഐ.ഐ.ടി മദ്രാസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് യുവാവ്. നേരത്തെ ജെയ്ന്‍ സ്ട്രീറ്റ് കമ്പനിയില്‍ ഈ വിദ്യാര്‍ത്ഥി ഇന്റേണ്‍ ആയി ജോലി ചെയ്തിട്ടുണ്ട്. ഇനി ഹോങ്കോങ്ങില്‍ കമ്പനിയുടെ ട്രേഡര്‍ ആയിട്ടാണ് യുവാവ് ജോലി ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *