സൈന്യത്തിൽ ഓഫീസറാകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം. ബിരുദത്തിനുശേഷം സായുധസേനകളിൽ ഓഫീസറാകാൻ അവസരമൊരുക്കുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷന് (സി.ഡി.എസ്.ഇ.) (I) 2025-ന് ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം. വിവിധ സ്ഥാപനങ്ങളിലായി, ഓഫീസർ നിയമനത്തിലേക്കു നയിക്കുന്ന കോഴ്സുകളിലേക്ക് മൊത്തം 457 പേർക്കാണ് പ്രവേശനം ലഭിക്കുക.
ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐ.എം.എ. ഡെറാഡൂൺ- 100 ഒഴിവുകൾ, ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല- 32, എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ്- 32, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ.) ചെന്നൈ- 275 (പുരുഷന്മാർ), 18 (വനിതകൾ). എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒഴിവുകളിൽ നിശ്ചിത എണ്ണം സീറ്റുകൾ ആർമി/നേവി/എയർഫോഴ്സ് വിഭാഗങ്ങളിൽ എൻ.സി.സി. ‘സി’ സർട്ടിഫിക്കറ്റ് ആർമി വിങ്/നേവി വിങ്/എയർ വിങ്ങുകാർക്കായി നീക്കിവെച്ചിട്ടുണ്ട്. ഷോർട്ട് സർവിസ് കമ്മിഷനുമാത്രമേ വനിതകളെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിഗണിക്കുകയുള്ളു.
വിദ്യാഭ്യാസയോഗ്യത
ഇന്ത്യൻ മിലിട്ടറി അക്കാദമി- ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.
നേവി- എൻജിനിയറിങ് ബിരുദമാണ് നേവിയിലേക്കുള്ള യോഗ്യത.
എയർഫോഴ്സ്- എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ 10+2 തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച ശേഷമുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് എയർഫോഴ്സിലേക്കുള്ള യോഗ്യത.
വിശദ വിവരങ്ങൾക്കായി upsc.gov.in -ലെ വിജ്ഞാപനം സന്ദർശിക്കുക. ഉദ്യോഗാർത്ഥികൾക്ക് upsconline.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബർ 31-ന് വൈകീട്ട് ആറുമണി വരെ അപേക്ഷ സമർപ്പിക്കാം.