ജോലി നോക്കി പഠിക്കാം; ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം? 2025ല്‍ കാനഡയിലെ ഏറ്റവും ശക്തമായ തൊഴില്‍ മേഖലകള്‍ അറിഞ്ഞിരിക്കാം

Home Colleges Foreign Education ജോലി നോക്കി പഠിക്കാം; ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം? 2025ല്‍ കാനഡയിലെ ഏറ്റവും ശക്തമായ തൊഴില്‍ മേഖലകള്‍ അറിഞ്ഞിരിക്കാം
ജോലി നോക്കി പഠിക്കാം; ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം? 2025ല്‍ കാനഡയിലെ ഏറ്റവും ശക്തമായ തൊഴില്‍ മേഖലകള്‍ അറിഞ്ഞിരിക്കാം

മികച്ച തൊഴിലവസരങ്ങളും, ആകര്‍ഷകമായ വേതന ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന നാടാണ് കാനഡ. ഇന്ത്യയില്‍ നിന്നടക്കം വിദേശ വിദ്യാര്‍ഥികള്‍ കാനഡ ലക്ഷ്യംവെക്കുന്നതിന് പ്രധാന ഘടകവും ഇതുതന്നെയാണ്. അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് സമാനമായി സുശക്തമായ തൊഴില്‍ വിപണി നിലവിലുള്ള രാജ്യമാണ് കാനഡയും. ക്യൂബക്, ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ആല്‍ബെര്‍ട്ട, നോവ സ്‌കോട്ടിയ, സസ്‌കാച്ചെവന്‍ തുടങ്ങിയ പ്രവിശ്യകള്‍ വൈദഗ്ദ്യമുള്ള പ്രൊഫഷണലുകള്‍ക്കായി മികച്ച കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതിനാല്‍ പ്രതിവര്‍ഷം കാനഡയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റവും റോക്കറ്റ് വേഗത്തിലാണ് കുതിച്ചുയരുന്നത്.

കനേഡിയന്‍ ഗവണ്‍മെന്റ് തന്നെ പുറത്തുവിട്ട അവലോകന റിപ്പോര്‍ട്ടുകള്‍ പ്രകാരം കനേഡിയന്‍ സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചെങ്കിലും 2023ല്‍ കാനഡയുടെ ജിഡിപി 1.1 ശതമാന വളര്‍ച്ച നേടി പ്രവചനങ്ങളെ അസ്ഥാനത്താക്കി. പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി വളര്‍ച്ചയാണ് 2023ല്‍ കാനഡയ്ക്കുണ്ടായത്. അതുകൊണ്ട് തന്നെ വരുംനാളുകളിലും ഗണ്യമായ രീതിയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നാണ് കാനഡ സ്വപ്‌നം കാണുന്നവരും പ്രതീക്ഷ വെക്കുന്നത്.

കുടിയേറ്റത്തില്‍ കുതിപ്പ്

ഐ.ആര്‍.സി.സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023ല്‍ കാനഡയിലെ സജീവ പഠനാനുതിയുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 29 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 1,040,985 വിദ്യാര്‍ഥികളാണ് നിലവില്‍ കാനഡയിലുള്ളത്. ഇതേ വര്‍ഷം തന്നെ ഏകദേശം 3 ലക്ഷത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥികളും കാനഡയിലേക്ക് മാറി. ഇവര്‍ക്കായി ഏകദേശം 1 ദശലക്ഷത്തിലധികം ജോലി ഒഴിവുകളും വരുംനാളുകളില്‍ കാത്തിരിക്കുന്നുണ്ട്.

പുറത്തുവന്ന ചില കണക്കുകള്‍ പ്രകാരം ഹെല്‍ത്ത്, റിയല്‍ എസ്റ്റേറ്റ്, STEM മേഖലകളിലാണ് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയത്. വരും വര്‍ഷങ്ങളിലും ഈ ട്രെന്‍ഡ് അതേപോലെ നിലനില്‍ക്കുമെന്നാണ് കണ്ടെത്തല്‍.

ആരോഗ്യ മേഖല

ലോകത്താകമാനം ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള മേഖലയാണ് ആരോഗ്യ മേഖല. ഇന്ത്യയെ അപേക്ഷിച്ച് മികച്ച തൊഴില്‍ പരിരക്ഷയും, ശമ്പള ആനുകൂല്യങ്ങളും വിദേശ മെഡിക്കല്‍ രംഗത്തുണ്ട്. അതുകൊണ്ട് തന്നെ എം.ബി.ബി.എസ്, നഴ്‌സിങ്, മെഡിക്കല്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിനായി വിദേശത്തേക്ക് കടക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണവും പ്രതിവര്‍ഷം വര്‍ധിക്കുകയാണ്.

കാനഡയെ സംബന്ധിച്ച് മികച്ച ആരോഗ്യ സംവിധാനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഗവണ്‍മെന്റ് ആശുപത്രികള്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള മാനസികാരോഗ്യ പിന്തുണയും, മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക പരിചരണവും ഉള്‍പ്പെടെ വിവിധ ആരോഗ്യ സംരക്ഷണ റോളുകളില്‍ ഒട്ടുമിക്ക പ്രവിശ്യകളിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ തൊഴിലവസരങ്ങള്‍ മെയ് മാസത്തില്‍ മാത്രം 2.4 ശതമാനമാണ് ആകെ വര്‍ധിച്ചത്. (24000 തൊഴില്‍ അവസരങ്ങള്‍). തുടര്‍ച്ചയായി നാലാമത്തെ മാസമാണ് മെഡിക്കല്‍ രംഗത്ത് പ്രകടമായ വര്‍ധന ഉണ്ടായിട്ടുള്ളത്.

മെഡിസിന്‍, നഴ്‌സിങ്, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ മേഖലകളില്‍ പഠനം നടത്തുന്ന അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്ക് മികച്ച കരിയര്‍ സാധ്യതകള്‍ ഇത് മുന്നോട്ട് വെക്കുന്നുണ്ടെന്ന് സാരം. അതുകൊണ്ട് തന്നെ കാനഡയിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളില്‍ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് വരും വര്‍ഷങ്ങളിലും മികച്ച തൊഴില്‍ സാധ്യതകള്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

റിയല്‍ എസ്‌റ്റേറ്റ്

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം വന്‍ കുതിച്ച് ചാട്ടമുണ്ടായതായാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. റിയല്‍ എസ്റ്റേറ്റ്, റെന്റല്‍ (വാടക), ലീസിങ് (പാട്ടം) മേഖലകളില്‍ നിന്ന് 2023ല്‍ ഒന്റാറിയോയുടെ ജി.ഡി.പിയലേക്ക് 52.81 ബില്യണ്‍ ഡോളറാണ് സംഭാവന നല്‍കിയത്. 2.5 ശതമാനം വളര്‍ച്ച നിരക്കും മേഖലയിലുണ്ടായിട്ടുണ്ട്. 2023ല്‍ ഈ മേഖലകളിലെ തൊഴിലവസരങ്ങളില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും അത് ഈ വര്‍ഷം പരിഹരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. തുടര്‍ന്ന് 2024 അവസാനത്തോടെ വീണ്ടും തൊഴില്‍ മേഖലകള്‍ ശക്തി പ്രാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. റിയല്‍ എസ്റ്റേറ്റ്, അര്‍ബന്‍ പ്ലാനിങ് മേഖലകളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ വിദൂര ഭാവിയില്‍ ഉണ്ടാകുമെന്ന് സാരം.

STEM

സ്റ്റെം കോഴ്‌സുകള്‍ അന്തര്‍ദേശീയ വിദ്യാര്‍ഥികളുടെ തുറുപ്പ് ചീട്ടാണ്. ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും ടെക്, സയന്‍സ്, എഞ്ചിനീയറിങ്, മാത്തമാറ്റിക്‌സ് മേഖലകളില്‍ തൊഴില്‍ വിപണി കൂടുതല്‍ സജീവമാണ്. മെഡിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോ ടെക്‌നോളജി, സോഷ്യല്‍ സയന്‍സ് സെക്ടറുകളില്‍ കരിയര്‍ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്.

മാത്രമല്ല കമ്പ്യൂട്ടര്‍ പ്രോഗ്രാം, വെബ് ഡെവലപ്പിങ്, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, സിസ്റ്റം അനലിസ്റ്റുകള്‍ എന്നിവര്‍ക്കും ആവശ്യക്കാരേറെയുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, കെമിക്കല്‍സിവില്‍ എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ് സെക്ടറുകളിലെല്ലാം കരിയര്‍ സാധ്യതകള്‍ വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍.

ഫിനാന്‍സ് സെക്ടറിലും അല്ലാതെയുമായി നിരവധി മാത്തമാറ്റിക്കല്‍ ജോലികള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അക്കൗണ്ടിങ്, റീസണിങ്, ഡാറ്റ അനലിസ്റ്റ്, സി.എ തുടങ്ങിയ കോഴ്‌സുകളിലും സാധ്യതകളേറെയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വരും വര്‍ഷങ്ങളിലും സ്റ്റെം കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറന്നിടുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published.