വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് ചേക്കേറുന്ന സമയത്ത് നിശ്ചിത തുക സെക്യൂരിറ്റിയായി നിങ്ങളുടെ ബാങ്കില്‍ ഡെപ്പോസിറ്റ് ഉണ്ടായിരിക്കേണ്ടതുണ്ട്. യു.കെ, യു.എസ്, ജര്‍മ്മനി, കാനഡ എന്നിങ്ങനെ ഒട്ടുമിക്ക രാജ്യങ്ങളും വിദ്യാര്‍ഥി വിസകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടാറുണ്ട്. നാട്ടിലെ പല ഏജന്‍സികളും ഇത്തരത്തില്‍ ലക്ഷങ്ങള്‍ ലോണ്‍ കൊടുത്ത് വിദ്യാര്‍ഥികളെ വിദേശത്തേക്ക് അയക്കാറാണ് പതിവ്. ഇതിനായി ലോണ്‍ നല്‍കുന്ന സ്ഥാപനങ്ങളും നമുക്കിടയിലുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി വര്‍ധിച്ച് വരുന്ന വിദ്യാര്‍ഥി കുടിയേറ്റം ഈ മേഖലയില്‍ കൂടുതല്‍ സ്വാധീനവും ചെലുത്തുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, യു.കെ, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ നിര്‍ണായക കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ ജനത മാറിയെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ വളരെ കുറഞ്ഞ ഫിനാന്‍ഷ്യല്‍ എവിഡന്‍സ് ആവശ്യപ്പെടുന്ന രാജ്യങ്ങളും നിലവിലുണ്ട്. യൂറോപ്പില്‍ നിന്നാണെങ്കില്‍ ചെക് റിപ്പബ്ലിക്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും, ഏഷ്യയില്‍ നിന്ന് ചൈന, സിങ്കപ്പൂര്‍ എന്നിവയും അവയില്‍ ചിലതാണ്. 10,000 ഡോളറില്‍ കുറഞ്ഞ ഫിനാന്‍ഷ്യല്‍ എവിഡന്‍സ് ആവശ്യപ്പെടുന്ന ഏഴ് രാജ്യങ്ങള്‍ പരിചയപ്പെടാം,
- ചെക്ക് റിപ്പബ്ലിക്
കുറഞ്ഞ പണം മുടക്കി സ്റ്റുഡന്റ് വിസ നേടാമെന്നതാണ് ചെക്ക് റിപ്പബ്ലിക്കിനെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. പ്രതിവര്‍ഷം 1600 ഡോളറിന് താഴെ മാത്രമാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് ബാലന്‍സായി കാണിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരമാണ് ചെക്ക് റിപ്പബ്ലിക് മുന്നോട്ട് വെക്കുന്നത്.
- ചൈന
പ്രതിവര്‍ഷം 2500 ഡോളറാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ തങ്ങളുടെ ബാങ്ക് ബാലന്‍സായി കാണിക്കേണ്ടി വരുന്നത്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ചെലവാണിത്. ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും, സാംസ്‌കാരിക പൈതൃകവും ചൈനയെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഭൂപടത്തില്‍ മികച്ച സ്ഥാനം നേടികൊടുത്തിരിക്കുന്നു.
- സിങ്കപ്പൂര്‍
ഏഷ്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നാണ് സിങ്കപ്പൂര്‍. എങ്കിലും സ്റ്റുഡന്റ് വിസകള്‍ക്ക് പരമാവധി 7680 ഡോളറാണ് സിങ്കപ്പൂര്‍ ഗവണ്‍മെന്റ് ഈടാക്കുന്നത്. ഏഷ്യയിലെ തന്നെ മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും, ടെക്, എഞ്ചിനീയറിങ്, ടൂറിസം പഠനങ്ങള്‍ക്ക് കേളികേട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് സിങ്കപ്പൂരിലുള്ളത്.
- ഇറ്റലി
ഇറ്റലിയില്‍ ഉപരിപഠനം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ പ്രതിവര്‍ഷം 7680 ഡോളര്‍ ഫിനാന്‍ഷ്യല്‍ ഡെപ്പോസിറ്റായി അക്കൗണ്ടില്‍ കാണിക്കേണ്ടി വരും. യൂറോപ്പിലെ തന്നെ പ്രധാന ടൂറിസ്റ്റ് നഗരമായ ഇവിടം കഴിഞ്ഞ കുറച്ച് നാളുകളായി വിദ്യാഭ്യാസ ഭൂപടത്തിലും തങ്ങളുടെ പേരെഴുതി ചേര്‍ക്കാനുള്ള ശ്രമത്തിലാണ്.
- സ്‌പെയിന്‍
ഇറ്റലിക്ക് സമാനമായി 7680 ഡോളര്‍ ഫിനാന്‍ഷ്യല്‍ ഡെപ്പോസിറ്റായി കാണിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് സ്പാനിഷ് ഗവണ്‍മെന്റും സ്റ്റുഡന്റ് വിസ അനുവദിക്കൂ. പഠന മികവിലും, കുറഞ്ഞ ജീവിതച്ചെലവിലും യൂറോപ്പിലെ തന്നെ മികച്ച സ്റ്റഡി ഓപ്ഷനായി സ്‌പെയിന്‍ മാറിയിട്ടുണ്ട്.
- ഫിന്‍ലാന്റ്
കഴിഞ്ഞ കുറച്ച് നാളുകളായി ഫിന്‍ലാന്റ് ലക്ഷ്യംവെച്ച് കുടിയേറ്റ മേഖല അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മലയാളികളടക്കം നിരവധിയാളുകള്‍ ഇതിനോടകം തൊഴിലിനും, പഠനത്തിനുമായി ഫിന്‍ലാന്റിലേക്ക് കുടിയേറിയിട്ടുണ്ട്. സാധാരണ ഗതിയില്‍ 7930 ഡോളര്‍ ഫിനാന്‍ഷ്യല്‍ ഡെപ്പോസിറ്റായി നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് ഫിന്‍ലാന്റ് സ്റ്റുഡന്റ് വിസ ലഭിക്കൂ. ടെക്, എഞ്ചിനീയറിങ്, ഫിനാന്‍സിങ് മേഖലകളിലെ പഠന വൈഭവം ഓരോ വര്‍ഷവും ഫിന്‍ലാന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവിന് കാരണമാകുന്നുണ്ട്.
- ഫ്രാന്‍സ്
സമാനമായ സ്ഥിതിയാണ് ഫ്രാന്‍സിലും. പ്രതിവര്‍ഷം 7930 ഡോളര്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ സെക്യൂരിറ്റിയായി കാണിച്ചാല്‍ മാത്രമേ ഫ്രാന്‍സ് സ്റ്റുഡന്റ് വിസ അനുവദിക്കൂ. ഇന്ത്യയുമായുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം 2030 ഓടോ ഏകദേശം 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്കെത്തിക്കാനാണ് ഫ്രഞ്ച് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വരും നാളുകളില്‍ വമ്പന്‍ കുടിയേറ്റം തന്നെ ഫ്രാന്‍സിലേക്ക് പ്രതീക്ഷിക്കാം.
Leave a Reply